ഒരു കണ്ണും കാണാതെ നൈജീരിയൻ ക്രൈസ്തവ പീഡനം 

ഒരു കണ്ണും കാണാതെ  നൈജീരിയൻ ക്രൈസ്തവ പീഡനം 

മോൻസി മാമ്മൻ തിരുവനന്തപുരം

നിലവിൽ മതത്തിന്റെ പേരിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് ക്രിസ്തുമത വിശ്വാസികൾ ആണെന്ന് പറഞ്ഞാൽ ഇന്നിന്റെ ലോകത്തു അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയേക്കാം. എന്നാൽ കണക്കുകൾ പ്രകാരം ഏറ്റവുമധികം മത പീഡനം നേരിടുന്ന വിശ്വാസ സമൂഹമായി ക്രൈസ്തവ സമൂഹം. ആഫ്രിക്കൻ ഇസ്ലാമിക രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ ഏറ്റവും നിഷ്ഠൂരവും തീവ്ര വലതുപക്ഷ ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചതിന് ക്രിസ്ത്യാനികൾ അടിച്ചമർത്തപ്പെടുന്നതുമായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുവാനോ റിപ്പോർട്ട് ചെയ്യുവാനോ അന്തരാഷ്ട്ര മാധ്യമങ്ങളോ സംഘടനകളോ തയ്യാറാകുന്നില്ല എന്നുള്ളത് വളരെയധികം ആശങ്ക ഉളവാക്കുന്നു. 

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ നേരിടുന്ന പീഡനം വ്യാപകമായി അറിയപ്പെടുന്നില്ല. ക്രിസ്ത്യാനികളുടെയിടയിൽ അറിയാം എന്നതല്ലാതെ മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധാപൂർവമായി കണ്ടില്ലെന്നു നടിക്കുന്നത് സങ്കടകരമായ വസ്തുതയാണ്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെക്കുറിച്ച് വലിയതോതിൽ സംസാരിക്കപ്പെടാറില്ല. ചൈന, ആഫ്രിക്ക, മെക്സിക്കോ, ക്യൂബ, ഇറാൻ, ഇറാക്ക് പാകിസ്ഥാൻ , പോലുള്ള രാജ്യങ്ങളിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റനേകം സ്ഥലങ്ങളിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ അന്തരാഷ്ട്ര സമൂഹം കണ്ടില്ലെന്നു നടിക്കുകയാണ്.

ആഫ്രിക്കൻ രാജ്യമായ നൈജീരിയ ഇന്ന് ക്രൈസ്തവ രക്തസാക്ഷികളുടെ കൊലക്കളമായി അറിയപ്പെടുന്നു. എല്ലാ വർഷവും തീവ്രവാദ ഗ്രൂപ്പുകളാൽ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം 4000-ൽ അധികമാണ്. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലെ പീഡനങ്ങളെ അപേക്ഷിച്ച് ശരാശരിയിൽ കൂടുതൽ. 1999-ൽ പന്ത്രണ്ട് മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങൾ ശരിയ നിയമം പ്രഖ്യാപിച്ച വടക്ക് ഭാഗത്ത് ക്രിസ്ത്യൻ വിരുദ്ധ അക്രമം ഗണ്യമായി പ്രാദേശികവൽക്കരിക്കപ്പെട്ടിട്ടുണ്ട്, ഇത് വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ദൈനംദിന വിവേചനം അനുഭവിക്കാൻ തുടങ്ങി. 2009-ൽ ആദ്യമായി കൊലപാതക ആക്രമണങ്ങൾ ആരംഭിച്ച ബോക്കോ ഹറാം എന്ന തീവ്രവാദ പ്രസ്ഥാനത്തിൻ്റെ ഉയർച്ചയാണ് ക്രിസ്ത്യാനികൾ അഭൂതപൂർവമായ അക്രമം അനുഭവിക്കുന്നതിൽ കൊണ്ടെത്തിച്ചത് .

ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ പതിനാല് വർഷത്തിനിടെ കേവലം ക്രിസ്ത്യാനിയാണെന്ന കുറ്റത്തിന് 52,250 ക്രിസ്ത്യാനികളാണ് നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി, അക്രമം തെക്ക് നൈജീരിയയുടെ മധ്യമേഖലയിലേക്ക് തീവ്രമായി വ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) എന്ന് വിളിക്കപ്പെടുന്ന തീവ്രവാദ ഗ്രൂപ്പും ബോക്കോ ഹറാമിനൊപ്പം ചേർന്നു, ഇരുവരും വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ക്രിസ്തുമതം ഉന്മൂലനം ചെയ്യാനുള്ള ഊർജിത ശ്രമത്തിലാണ്. കൊടിയ പീഡനം മൂലം നാല് ദശലക്ഷത്തിലധികം ക്രിസ്ത്യനികളാണ് അഭയാർത്ഥികളായി മാറ്റപ്പെട്ടത്. 

നൈജീരിയയിൽ ഏകദേശം 103 ദശലക്ഷം ക്രിസ്ത്യാനികളുണ്ട്, ഇത് രാജ്യത്തെ ജനസംഖ്യയായ 222 ദശലക്ഷത്തിൻ്റെ പകുതിയോളം വരും. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത്, ക്രിസ്ത്യാനികളുടെ അനുപാതം വളരെ കുറവാണ് - പരമ്പരാഗതമായി ഇവിടെയാണ് ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ പീഡനങ്ങൾ നടന്നിട്ടുള്ളത് - എന്നാൽ ഇത് കൂടുതൽ നൈജീരിയയുടെ തെക്ക് ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 

2009 മുതലുള്ള കണക്കുകൾ പ്രകാരം നാളിതുവരെ 18,000 ത്തിലധികം ക്രൈസ്തവ ദേവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്കൂളുകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട് . 

2023 ൽ മാത്രം കുറഞ്ഞത് 707 ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി, അതിൽ വടക്കൻ നൈജീരിയൻ നൈജർ സ്റ്റേറ്റ് 200-ലധികം തട്ടിക്കൊണ്ടുപോകലുകൾ രേഖപ്പെടുത്തി, 2023 മാർച്ച് 14-ന് അഡുനുവിൽ (പൈക്കോറോ) 100-ലധികം ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെ. കടുനയിൽ കുറഞ്ഞത് 101 ക്രിസ്ത്യൻ വിരുദ്ധ തട്ടിക്കൊണ്ടുപോകലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റ് ബാധിത സംസ്ഥാനങ്ങളിൽ കത്‌സിന, തരാബ, എഡോ, ഒഗുൻ, നസ്സറാവ, ക്വാറ, കോഗി, ബോർണോ, യോബെ, അഡവാമ ബൗച്ചി, എനുഗു, ഇമോ, കെബി, ഗോംബെ, ബയൽസ, ക്രോസ് റിവർ എന്നിവ ഉൾപ്പെടുന്നു.

നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന നിരന്തരമായ പീഡനങ്ങളിൽ സജീവമായി പ്രതികരിക്കാൻ UN പോലുള്ള അന്തരാഷ്ട്ര സംഘടനകളോ, സാമൂഹിക പ്രവർത്തകരോ തയ്യാറാകുന്നില്ല എന്നുള്ളത് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനെയാണ് ചൂണ്ടിക്കാട്ടുന്നത്. നൈജീരിയ പോലുള്ള രാഷ്ട്രങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ ശബ്ദം ഉയർത്തുവാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രതിജ്ഞാബദ്ധമാക്കാനും ഈ ലക്ഷ്യത്തിലേക്ക് അവരുടെ ശബ്ദം ചേർക്കാനും കൂടുതൽ അന്താരാഷ്ട്ര വിശ്വാസാധിഷ്ഠിത സംഘടനകളുടെയും സന്നദ്ധ പ്രവർത്തരുടേയും ഇടപെടൽ അത്യാന്താപേക്ഷിതമാണ്.

Advertisement