തുർക്കിയിൽ വീണ്ടും ക്രിസ്തീയ ദേവാലയം മോസ്ക്ക് ആക്കി മാറ്റി ഏർദോഗൻ സർക്കാർ

തുർക്കിയിൽ വീണ്ടും ക്രിസ്തീയ ദേവാലയം മോസ്ക്ക് ആക്കി മാറ്റി ഏർദോഗൻ സർക്കാർ

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

ഇസ്താംബുള്‍: ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ ഒരു ക്രിസ്ത്യൻ ദേവാലയം കൂടി മോസ്ക്ക് ആക്കി മാറ്റി തുർക്കി ഭരണകൂടം. 

ഈമാസം ആദ്യവാരത്തിലാണ് ഖോറാ പള്ളിയെ മോസ്കാക്കി മാറ്റി അവിടെ ഇസ്‌ലാം മത ചടങ്ങുകള്‍ ആരംഭിച്ചത്. ഈ തീരുമാനത്തിനെതിരേ ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുണ്ടായ എതിർപ്പുകള്‍ തുർക്കി അവഗണിക്കുകയായിരുന്നു. ഈസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന പ്രശസ്തമായ ക്രൈസ്തവ ദേവാലയം മോസ്കാക്കി മാറ്റിയിട്ട് നാലു വർഷം കഴിയുമ്പോഴാണ് വീണ്ടുമൊരു ദേവാലയത്തിന് ഈ അവസ്ഥ വരുന്നത്. 

യുനെസ്കോയുടെ വിശ്വപൈതൃക പട്ടികയില്‍പ്പെടുന്ന ഖോറാ പള്ളിയില്‍ ലോകപ്രസിദ്ധമായ മൊസെയ്ക് ചിത്രങ്ങളും ചുമർചിത്രങ്ങളും ധാരാളമുണ്ട്. അവ മറച്ചുവയ്ക്കുകയാണോ നശിപ്പിക്കുകയാണോ എന്നു വ്യക്തമല്ല. 1945 മുതല്‍ പള്ളി ഒരു മ്യൂസിയമായി പ്രവർത്തിച്ചുവരികയായിരുന്നു. 

നഗരമതിലുകള്‍ക്കു വെളിയിലെ വയലുകളില്‍ (ഖോറാ) ഒരു ആശ്രമസമുച്ചയത്തിന്‍റെ ഭാഗമായാണ് ഈ പള്ളി പണിയപ്പെട്ടത്. അതുകൊണ്ടാണ് ഖോറാ പള്ളി എന്ന പേര് വന്നത്.

മതസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് ഈസ്താംബൂളിലെ ബർത്തലോമ്യോ പാത്രിയർക്കീസിന്‍റെ വക്താവ് പ്രതികരിച്ചത്. ഗ്രീസ് പ്രസിഡന്‍റ് കിറിയാക്കോസ് മിത് സോതാക്കിസ് പറഞ്ഞത് ഈ നടപടി ഈസ്താംബൂളിന്‍റെ ചരിത്രത്തോടുള്ള അവഹേളനമെന്നാണ്. ശക്തിപ്രകടനത്തിന്‍റെ ഭാഗമെന്ന് ഗ്രീക്ക് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.