ക്രൈസ്തവർ ദൈവഹിതത്തിൽ നിലനിൽക്കണം: പാസ്റ്റർ കെ.എസ്.ജോസഫ്

ക്രൈസ്തവർ ദൈവഹിതത്തിൽ നിലനിൽക്കണം: പാസ്റ്റർ കെ.എസ്.ജോസഫ്
ഐപിസി കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. ജോസഫ് ( നടുവിൽ) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

ഐപിസി കർണാടക സ്റ്റേറ്റ്  കൺവെൻഷന് അനുഗ്രഹീത തുടക്കം

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: ക്രൈസ്തവർ ദൈവഹിതത്തിൽ നിലനിന്ന് തങ്ങളുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കണമെന്ന് ഐ.പി.സി സംസ്ഥാന  പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ് പ്രസ്താവിച്ചു.  ഇന്ത്യാ  പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ  കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   
വിശ്വാസിയുടെ ജീവിതത്തിന്  പരമോന്നത മാതൃക ക്രിസ്തുവാണെന്നും  അവിടുന്ന് ദൈവത്തിൻ്റെ ഹിതം നിവർത്തിച്ച് മഹനീയ മാതൃകകാട്ടി ക്രിസ്തുവിൻ്റെ കാലടികളെ പിന്തുടരുകയാണ് വിശ്വാസിയുടെ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
പാസ്റ്റർ ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. 
പാസ്റ്റർ ഡോ. ജോൺ കെ.മാത്യൂ, പാസ്റ്റർ വിൽസൺ ജോസഫ് എന്നിവർ രാത്രി യോഗത്തിൽ പ്രസംഗിച്ചു.
ദൈവഭയം നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്നും തെറ്റുകാരനാണെന്ന് സമ്മതിക്കണമെന്നും പാസ്റ്റർ വിൽസൺ ജോസഫ് പറഞ്ഞു. 
പകൽ നടന്ന ശുശ്രൂഷക സമ്മേളനത്തിൽ പാസ്റ്റർമാരായ ഇ.ഡി. ചെല്ലാദുരൈ, ഡോ.ജോൺ കെ.മാത്യൂ എന്നിവർ പ്രസംഗിച്ചു.
ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ   നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ  ക്വയർ ഗാനങ്ങൾ ആലപിച്ചു.  

പാസ്റ്റർമാരായ കെ എസ് ജോസഫ് , ജോസ് മാത്യു, പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ്, സാം ജോർജ് , റ്റി.ഡി.തോമസ് , ദാനീയേൽ കൊന്നനിൽക്കുന്നതിൽ, ഷിബു തോമസ്,  ഡോ. അലക്സ് ജോൺ, രാജു ഗരു  എന്നിവർ  വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

 ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ നടക്കും.  വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മുതൽ വനിതാ  സമാജം സമ്മേളനം  പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും.  സിസ്റ്റർ രേഷ്മ തോമസ് മുഖ്യാതിഥി ആയിരിക്കും. 
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് സുവിശേഷ വേലയിലായിരുന്ന   ശുശ്രൂഷകരുടെ ഭാര്യമാരെ സോദരി സമാജം സമ്മേളനത്തിൽ പ്രവർത്തകർ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
 സമാപന ദിവസമായ 12 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള  ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ  തിരുവത്താഴ ശുശ്രൂഷയോടും  സംയുക്ത ആരാധനയോടെയും  സമാപിക്കും.  
 ജനറൽ കൺവീനർ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് , ജോയിന്റ് കൺവീനർമാരായ പാസ്റ്റർ സി.പി. സാമുവേൽ , ബ്രദർ സജി.ടി. പാറേൽ , 
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വിൽസൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നു.