കായംകുളത്തെ പെന്തെക്കോസ്ത് 65 ലേക്ക്; ഒരു കോടിയുടെ പദ്ധതിയുമായി ഐപിസി ഏബേനേസർ

കായംകുളത്തെ പെന്തെക്കോസ്ത് 65 ലേക്ക്; ഒരു കോടിയുടെ പദ്ധതിയുമായി ഐപിസി ഏബേനേസർ

ജോസ് ജോൺ കായംകുളം

കായംകുളം : അറുപത്തി നാലാം വാർഷികത്തോടനുബന്ധിച്ച്ഒരു കോടി രൂപയുടെ നൂതന പദ്ധതികളുമായി ഐപിസി ഏബേനേസർ കായംകുളം സഭ. വാർഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പ്രസിഡണ്ട് പാസ്റ്റർ സാബു ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സുവിശേഷീകരണ പദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നല്കിയുള്ള പദ്ധതികൾക്കൾക്കാണ് രൂപം നല്കിയത്.

സഭയ്ക്ക് പുതിയ സ്ഥലം വാങ്ങുന്നതിനും ഹാൾ പുതുക്കി പണിയുന്നതിനും പാർക്കിംഗ് ഏരിയ വിപുലപ്പെടുത്തുന്നതിനും രൂപരേഖ തയ്യാറാക്കും.

സെക്രട്ടറി സാം ഐസക് പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ജനറൽ കൺവീനർ ജോസ് ജോൺ കായംകുളം , വൈസ് പ്രസിഡണ്ട് എ. എൻ. ശമുവേൽ, ട്രഷറർ സ്റ്റീഫൻ തോമസ്  , ജോയിൻ സെക്രട്ടറി വർഗീസ് ബേബി, ഫിനാൻസ് ചെയർമാൻ പാസ്റ്റർ ഒ. കുഞ്ഞുമോൻ, ഫിനാൻസ് കൺവീനർ ഗിൽബർട്ട് ശാമുവേൽ എന്നിവരടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

കായംകുളത്തെ ആദ്യ സഭയായ ഐപിസി ഏബേനേസർ സുവിശേഷ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും ചരിത്രത്തിലിടം നേടിയ സഭയാണ്. കായംകുളത്തെ പെന്തെകോസ്തു സത്യത്തിനു വേണ്ടി നിലകൊണ്ട പിതാക്കമാരാൽ സ്ഥാപിതമായ ഈ സഭ ഐപിസി യിലെ പ്രമുഖ സഭകളിലൊന്നാണ്.

ഒട്ടേറെ എതിർപ്പുകളും പ്രയാസങ്ങളും ഉണ്ടായെങ്കിലും സുവിശേഷീകരണത്തിനായി  നിലകൊണ്ടു. മുടങ്ങാതെയുള്ള സുവിശേഷ പ്രവർത്തനത്തിലൂടെ അനേകരെ ക്രിസ്തുവിലേക്ക് ആനയിക്കുവാനും അനേകർക്ക് ആശ്വാസമാകുവാനും സഭയ്ക്ക് കഴിഞ്ഞു.

ഈ വർഷം വിവിധ പരിപാടികളും ചിട്ടയായുളള പദ്ധതികളും നടത്തുമെന്ന് സഭാഭാരവാഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു.