നവതി നിറവില്‍ മേപ്രാല്‍ ഐപിസി ; ഉദ്ഘാടനവുംസ്‌തോത്ര ശുശ്രൂഷയും ഇന്ന് മെയ് 28 ന്

നവതി നിറവില്‍ മേപ്രാല്‍ ഐപിസി ;  ഉദ്ഘാടനവുംസ്‌തോത്ര ശുശ്രൂഷയും ഇന്ന് മെയ് 28 ന്

തിരുവല്ല : പ്രവര്‍ത്തനവഴിയില്‍ ഒന്‍പത് പതിറ്റാണ്ട് പിന്നിടുകയാണ് മേപ്രാല്‍ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ. നവതി സ്‌തോത്ര ശുശ്രൂഷയും ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് (2023 മെയ് 28 ഞായർ) വൈകിട്ട് 5 ന് സഭാ ഹാളില്‍ നടക്കും. 

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുന്‍ ജനറല്‍ പ്രസിഡന്റും ഐപിസി തിരുവല്ല സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ നവതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കും. പാസ്റ്റർ ബിജു ഏബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് ചരിത്ര സംഗ്രഹവും ജനറൽ കൺവീനർ പി.ജെ.ഏബ്രഹാം നവതി പദ്ധതികളും അവതരിപ്പിക്കും. ഹെബ്രോൻ വോയ്സ് ഗാനശുശ്രൂഷ നടത്തും.

ആദ്യ നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവവും പേറി 20 നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മധ്യതിരുവിതാംകുറില്‍ പെന്തക്കോസ്ത് മുന്നേറ്റത്തിന് ഉണര്‍വ് നല്‍കി. പ്രതികൂലങ്ങളെ അതിജീവിച്ച് സത്യ സുവിശേഷത്തിന്റെ സാക്ഷിയാകാന്‍ ആയിരങ്ങള്‍ ദേശമെങ്ങും എഴുന്നേറ്റു.

1933-ല്‍ നിരണം കണ്ടങ്കേരില്‍ പാസ്റ്റര്‍ കെ.ജി. ചാക്കോയാണ് ആദ്യ പെന്തക്കോസ്ത് പ്രവര്‍ത്തകനായി മേപ്രാലില്‍ എത്തുന്നത്. ആ സമയങ്ങളില്‍ പ്ലാമൂട്ടില്‍ ഹാനോക്ക്‌സാറിന്റെ നേതൃത്വത്തിലുള്ള ദൈവസഭയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതിനു മുന്‍പ് വേര്‍പ്പെട്ട ഉപദേശങ്ങളുമായി ബ്രദറണ്‍ സുവിശേഷകരും മഹാകവി കെ. വി. സൈമണ്‍സാറും മേപ്രാലില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. 

മേപ്രാല്‍ പള്ളിക്ക് സമീപം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ആണ് ആദ്യ ഐപിസി കൂട്ടായ്മ തുടങ്ങുന്നത്. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ലീഡറായ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം മേപ്രാലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കുകയും തന്റെ സ്വീഡന്‍ സുവിശേഷ പര്യടനം കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ മേപ്രാല്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ സഹായിക്കുകയും ആരാധനയും കുട്ടായ്മയും ആരംഭിക്കുകയും ചെയ്തു.

നവതിയുടെ ഭാഗമായി ഭവന പദ്ധതി, വിവാഹ സഹായം, തയ്യല്‍ മെഷിന്‍ വിതരണം, വീല്‍ചെയർ വിതരണം, ചികില്‍സാ സഹായം, വടക്കേന്ത്യൻ മിഷൻ സഹായം, വിദ്യാഭ്യാസ സഹായം, സ്‌കൂള്‍ കിറ്റ്, സ്മരണിക, ഡയറക്ടറി, മുറ്റത്ത് കണ്‍വന്‍ഷനും പരസ്യയോഗങ്ങളും,വാര്‍ഷിക കണ്‍വന്‍ഷൻ, ചില്‍ഡ്രന്‍സ് ഫെസ്റ്റ്, മദ്യത്തിനും മയക്കുമരുന്നിനും മറ്റ് സമൂഹികതിന്മകൾക്കും എതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുമെന്ന് ജോയിൻ്റ് കൺവീനർ പാസ്റ്റർ അജു അലക്സ് അറിയിച്ചു.

നവതി സമാപന സമ്മേളനം 2024 ഏപ്രിലിൽ നടക്കും.