കുമ്പനാടിനെ വിരുന്നു ശാലയാക്കി സജി പോളും ടീമും
കുമ്പനാടിനെ വിരുന്നു ശാലയാക്കി സജി പോളും ടീമും
മോൻസി മാമ്മൻ തിരുവനന്തപുരം
കുമ്പനാട്: കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന 99-ാമത് ഐപിസി ജനറൽ കൺവൻഷനിൽ സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ആയിരങ്ങൾ കുമ്പനാട്ടേക്കൊഴുകിയെത്തുന്ന കാഴ്ചയാണ് ഹെബ്രോൻപുരത്ത്. കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവർക്കും രുചികരമായ ഭക്ഷണ സൗകര്യം ഒരുക്കി പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് കുമ്പനാട് കൺവൻഷന്റെ കമ്മറ്റി. ഐപിസി മുൻ ജനറൽ ട്രഷറർ സജി പോൾ (ചെയർമാൻ), പാസ്റ്റർ ജേക്കബ് ജോർജ് (കൺവീനർ), ബ്രദർ ഷാജി വളഞ്ഞവട്ടം (ജോയിന്റ് കൺവീനർ), സഹോദരന്മാരായ ജോസ് ജോൺ കായംകുളം, തോമസ് ജോൺ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്ഷണ കമ്മിറ്റിയാണ് കുമ്പനാട് കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് മൂന്നു നേരവും ആഹാരം നൽകുന്നതിനുള്ള ഭക്ഷണ ക്രമീകരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
കഴിഞ്ഞ നാളുകളിൽ ചെയ്ത് വന്നിരുന്നത് പോലെ ഈ വർഷത്തെ കൺവൻഷനും, അതിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്.
ഏറ്റവും മികച്ച ഭക്ഷണമാണ് ഈ വർഷം ലഭിച്ചതെന്ന് കൺവൻഷനിൽ പങ്കെടുത്ത ആളുകളുടെ അഭിപ്രായം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച കൺവൻഷൻ ജനു. 22 ഞായാറാഴ്ച അവസാനിക്കുമ്പോൾ ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ കുമ്പനാട് കൺവൻഷനിലെ ഊട്ടുപുരയിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുമെന്നാണ് സംഘാടകർ കണക്ക് കൂട്ടുന്നത്.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ സസ്യാഹാരവും ബാക്കിയുള്ള ദിവസങ്ങളിൽ നോൺ വെജ് അടങ്ങിയ ഭക്ഷണവുമാണ് ക്രമീകരിച്ചിട്ടുളളത്. ഭക്ഷണക്രമീകരണങ്ങൾക്കായി ഏകദേശം നാല്പത്തിയഞ്ചു ലക്ഷത്തോളം രൂപ എട്ടു ദിവസത്തെ കൺവൻഷന്റെ ഭക്ഷണക്രമീകരണൾക്കു വേണ്ടി ചിലവാകുമെന്നു ഫുഡ്‌കമ്മിറ്റി ചെയർമാൻ സജി പോൾ അറിയിച്ചു.
ഈ വർഷത്തെ കൺവൻഷനിൽ മൂന്നു നേരവും കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും, കൺവൻഷനിൽ പങ്കെടുക്കുന്ന ആളുകൾക്കു കൺവൻഷൻ പന്തലിൽ നിന്ന് ആത്മീക ആഹാരം ലഭിക്കുമ്പോൾ തന്നെ, അതിൽ പങ്കെടുക്കുന്ന ഒരു വ്യക്തി പോലും ഭൗതിക വിശപ്പിനാൽ തളർന്നു പോകുവാൻ ആഗ്രഹിക്കുന്നില്ല എന്നും ആയതിനാൽ കൺവൻഷന്റെ ഊട്ട്പുരയിൽ അവർക്ക് വേണ്ടിയുള്ള രുചികരമായ ഭൗതിക ആഹാരവും കരുതിയിട്ടുണ്ടെന്നു ചെയർമാൻ സജിപോൾ ഓൺലൈൻ ഗുഡ്‌ന്യൂസിനോട് പറഞ്ഞു.
കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം നൽകുന്നതിനായി ഈ രംഗത്ത് അനുഭവസമ്പത്തും പരിചയവുമുള്ള അടൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഫുഡ് പ്ലാനറ്റ് എന്ന പേരിലുള്ള കേറ്ററിംഗ് ടീമാണ്. ഐപിസിയിലെ വിശ്വാസികളായ ബ്ലെസ്സൺ ബാബു അടൂർ, റോണി പൊൻകുന്നം എന്നിവരുടെ നേതൃത്വത്തിലാണ് രുചികരമായ ഭക്ഷണം പാചകം ചെയ്യുന്ന ടീമിന് നേതൃത്വം നൽകുന്നത്. ഇവരുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചു പേരോളം അടങ്ങുന്ന പാചക സംഘം രുചികരമായ ആഹാരം പാകം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നു.
കൺവൻഷൻ സ്റ്റേജിന്റെ വലത് ഭാഗത്തുള്ള വഴിയിലൂടെ കടന്നു ഊട്ടുപുരയുടെ കവാടം കടന്നു ചെല്ലുമ്പോൾ ഒരേസമയം 1000 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന തരത്തിൽ ക്രമീകരിച്ച ഭക്ഷണശാലയിലേക്കാണ്. ആറ് കൗണ്ടറുകൾ നിരനിരയായി കാണാം. ഓരോ കൗണ്ടറുകളിലും ഭക്ഷണം വിളമ്പലിനു നേതൃത്വം നൽകുന്നത് ഇന്ത്യ ബൈബിൾ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ടീമാണ്.
ഇവരോടൊപ്പം ഐപിസിയിലെ വിവിധ സഭകളിൽ നിന്നുള്ള ശുശ്രുഷകരും വിശ്വാസികളും ഭക്ഷണം വിളമ്പി നൽകുവാൻ കൂടെയുണ്ട്. ഭക്ഷണശാലയിലെ വേദിക്കടുത്ത് നടത്തുന്ന അനൗൺസ്മെന്റ് അനുസരിച്ചാണ് ഓരോ കൗണ്ടറിലും ഭക്ഷണം വിതരണം ചെയ്യുന്നത്. കൃത്യമായ പ്ലാനിങ് ഉള്ളത് കൊണ്ടു തന്നെ തിക്കും തിരക്കുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനാകുന്നു എന്നാണ് പങ്കെടുത്തവർ അഭിപ്രായപ്പെടുന്നത്.
ഭക്ഷണം കഴിക്കുന്നത് പോലെ ആ പരിസരത്തിന്റെ വൃത്തിയും പ്രധാനമാണ്. അതിലൊട്ടും വിട്ടുവീഴ്ച വരുത്താതിരിക്കാൻ ഫുഡ്‌കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ ആത്മീക കൂട്ടായ്മയിൽ കൺവൻഷൻ കഴിഞ്ഞു മടങ്ങുമ്പോൾ ആത്മീയമായുള്ള സംതൃപ്തി കൊണ്ട് മാത്രമല്ല, ഭക്ഷണം കൊണ്ടും മനസ് നിറക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞു എന്നുള്ളതാണ് പ്രധാനപെട്ട കൺവൻഷൻ വിശേഷം.
Advertisement