പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കും : കർണാടക മുഖ്യമന്ത്രി

പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കും : കർണാടക മുഖ്യമന്ത്രി

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: മതപരിവർത്തന നിരോധന നിയമപ്രകാരം പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ .

ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പെന്തെക്കൊസ്ത് സഭാ പാസ്റ്റർമാരും ക്രൈസ്തവ സംഘടനാ നേതാക്കളും തങ്ങളുടെ സമൂഹത്തിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്തെ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ആവശ്യമായ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. പാസ്റ്റർമാരുടെയും ക്രിസ്ത്യൻ സംഘടനാ നേതാക്കളുടെയും പ്രതിനിധി സംഘം വെള്ളിയാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഹോം ഓഫീസ് കൃഷ്ണയിൽ അദ്ദേഹത്തെ കാണുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മതപരിവർത്തന നിരോധന നിയമത്തിൽ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ബജറ്റിൽ സമൂഹത്തിന് കൂടുതൽ ഗ്രാന്റുകൾ നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

നേരത്തെ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സിന്ധരാമയ്യ സർക്കാരിൻ്റെ തീരുമാനത്തെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ സ്വാഗതം ചെയ്തിരുന്നു.