മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നീക്കം സ്വാഗതാർഹം : ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ

മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നീക്കം സ്വാഗതാർഹം : ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ചാക്കോ കെ തോമസ്, ബെംഗളൂരു

ബെംഗളൂരു: ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ബിജെപി സർക്കാർ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ. 

ഈ നിയമത്തിൻ്റെ പേരിൽ സഭാ ആരാധനക്കിടെ ക്രൈസ്തവ സമൂഹം പരക്കെ അക്രമത്തിനു വിധേയരാകുന്നതിനിടെയാണ് മത സ്വതന്ത്ര്യത്തിനും മൗലിക അവകാശങ്ങൾക്കും പ്രാധാന്യം കൽപിച്ചുകൊണ്ടുള്ള സർക്കാരിൻ്റെ നടപടിയെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. 

കോൺഗ്രസിൻ്റെയും ക്രൈസ്തവ സമൂഹത്തിൻ്റെയും എതിർപ്പ് മാനിക്കാതെയാണ് മത വിശ്വാസ സ്വാതന്ത്യ സംരക്ഷണാവകാശ നിയമം കർണാടകയിൽ പാസാക്കിയത്.

ഇതിനിടയിൽ ഡിസംബർ 23ന് മത വിശ്വാസ സ്വാതന്ത്യ സംരക്ഷണാവകാശ ബിൽ നിയമസഭയിൽ പാസാക്കിയിരുന്നെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ 75 അംഗ നിയമനിർമാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തുടർന്ന് ബസവരാജ് ബൊമ്മെ സർക്കാർ 2022 മെയ് 17ന് ഇത് ഓർഡിനൻസായി പുറത്തിറക്കി. ബിജെപിയുടെ ഭൂരിപക്ഷം 39 ആയി ഉയർന്നതോടെ കഴിഞ്ഞ സെപ്റ്റംബർ 15-ന് ചില ഭേദഗതികളോടെ കൗൺസിലിലും പാസാക്കി. തുടർന്ന് നിയമസഭയിൽ വീണ്ടും അവതരിപ്പിച്ച് ബിൽ പാസാക്കുകയായിരുന്നു.

ക്രൈസ്തവ സഭയുയർത്തിയ പ്രതിഷേധം കണക്കിലെടുക്കാതെയാണ് മുൻ ബി.ജെ.പി സർക്കാർ ബില്ലുമായി മുന്നോട്ട് പോയത്. 

മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനു മുന്നോടിയായി കോൺഗ്രസ് നേതാക്കളായ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എഐസിസി കർണാടക ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ആൻ്റോ ആൻ്റണി എം.പി, ഷോബി ചാക്കോ എന്നീ നേതാക്കളുമായി ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കൾ ക്രൈസ്തവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ചർച്ച ചെയ്തിരുന്നു. അതിൽ മതപരിവർത്തന ബില്ല് നിമിത്തം ക്രൈസ്തവ സഭകൾ അനുഭവിച്ച ദുരിതങ്ങളും പീംനങ്ങളും ഉയർത്തി കാണിച്ചിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പ് ജയിച്ച് കോൺഗ്രസ് ഗവൺമെൻ്റ് അധികാരത്തിൽ വന്നാൽ ഉടൻ ബിൽ നീക്കം ചെയ്യാമെന്ന് കോൺഗ്രസ് നേതാക്കൾ സഭാ നേതാക്കൾക്ക് വാക്ക് കൊടുത്തിരുന്നു. 

ക്രൈസ്തവ പെന്തെക്കൊസ്ത് സഭകളെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ എ.ജി സൂപ്രണ്ടൻറ് റവ.പോൾ തങ്കയ്യ , ഐപിസി സീനിയർ  ശുശ്രൂഷകൻ പാസ്റ്റർ സാം ജോർജ്, കർണാടക ഐപിസി പ്രസിഡൻ്റ് പാസ്റ്റർ .കെ.എസ്.ജോസഫ്, റവ.ഡോ.രവി മണി, പാസ്റ്റർമാരായ റ്റിജോ തോമസ്, ഏബ്രഹാം വർഗീസ് , ജോൺസൺ വർഗീസ്, റാംബാബു, ശ്രീനിവാസൻ , ഹാരി പെരേര, രമേശ് ബാബു തുടങ്ങിയ സഭാ നേതാക്കളാണ് വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പങ്കെടുത്തത്. 

 നിരോധനനിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനത്തെ കർണാടകയിലെ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാ നേതാക്കളും വിശ്വാസ സമൂഹവും വളരെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

ജൂലൈ 3 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുന്നത്.

Advertisemen