കർണാടകം നാളെ ബൂത്തിലേക്ക്; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് സഭാ നേതാക്കൾ
വോട്ടവകാശം എല്ലാവരും പാഴാക്കാതെ ചെയ്യണമെന്ന് എല്ലാ ക്രിസ്തീയ സഭാ നേതാക്കളും, പാസ്റ്റർമാരും സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു
ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസമാപ്തി. കന്നഡ നാട് ആര് ഭരിക്കുമെന്ന് ബുധനാഴ്ച സംസ്ഥാനത്തെ 5.31 കോടി വോട്ടർമാർ വിധിയെഴുതും. 2613 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ബുധനാഴ്ചത്തെ വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 224 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ജനവിധിയെ ' മിനി ലോക്സഭാ " തിരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത് .
ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ജെഡിഎസും നിർണായക ശക്തിയാകാൻ മത്സര രംഗത്ത് സജീവമാണ്. നാളെ ( ബുധൻ ) നടക്കുന്ന വോട്ടെടുപ്പിൻ്റെ ഫലം മെയ് 13ന് ആണ് പ്രഖ്യാപിക്കുന്നത്.
2613 സ്ഥാനാർഥികളിൽ 185 പേർ വനിതകളാണ്. രണ്ട് ഭിന്നലൈംഗികരും സ്ഥാനാർഥികളാണ്. ബി.ജെ.പി.-224, കോൺഗ്രസ്-223, ജെ.ഡി.എസ്.-207, ആം ആദ്മി പാർട്ടി-209, ബി.എസ്.പി.-133, ജെ.ഡി.യു.-എട്ട്, സി.പി.ഐ.-ഏഴ്, സി.പി.എം.-നാല്, ഫോർവേഡ് ബ്ലോക്ക്-നാല് എന്നിങ്ങനെയാണ് പ്രധാനപാർട്ടികളുടെ സ്ഥാനാർഥികളുടെ എണ്ണം. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരും രംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ മുൻ നിർത്തിയാണ് ബിജെപി പ്രചരണം നയിച്ചത്. മറുവശത്ത് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയാണ് കോൺഗ്രസ് അണിനിരത്തിയത്. ജെഡിഎസ് ദേവഗൗഡ, കുമാരസ്വാമി എന്നിവരിലൂന്നിയായിരുന്നു പ്രചരണം നയിച്ചത്. സംസ്ഥാനത്ത് ഇതുവരെ കാണാത്ത വീറും വാശിയുമാണ് ഇക്കുറി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ടത്.
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് ഉയരുമെന്നാണ് അവസാനമായി പുറത്തു വന്ന പ്രീ പോൾ സർവേ അവകാശപ്പെടുന്നത്.
എന്നാൽ കർണാടകത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ച് വരുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.
അതെ സമയം മത സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു സർക്കാർ വരണമെന്ന പ്രാർഥനയിലാണ് കർണാടകയിലെ ക്രൈസ്തവ സമൂഹം. വോട്ടവകാശം എല്ലാവരും പാഴാക്കാതെ നാളത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് എല്ലാ ക്രിസ്തീയ സഭാ നേതാക്കളും, പാസ്റ്റർമാരും തങ്ങളുടെ സഭാ വിശ്വാസികളോട് അറിയിച്ചിട്ടുണ്ട്.
മതേതരത്വം സൂക്ഷിക്കുന്ന ഒരു സർക്കാർ നിലവിൽ വരേണ്ടതിനായി ഏവരും പ്രാർഥിക്കുക!