ഇങ്ങനെയുമുണ്ട് ജീവിക്കുന്ന രക്തസാക്ഷികൾ!
ഇങ്ങനെയുമുണ്ട് ജീവിക്കുന്ന രക്തസാക്ഷികൾ!
പ്രസ്ഥാനത്തിൽ ആരും ആരേയും അടിച്ചമർത്തരുത്. അധിക്ഷേപിക്കരുത്. വളർന്നുവരുന്ന ആരുടേയും നാമ്പു നുള്ളിക്കളയരുത്.
എല്ലാവർക്കും നീതി ലഭിക്കണം. എല്ലാവർക്കും വളരുവാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
ചിലർക്കു തെറ്റ് പറ്റിയെന്നു വരാം. പ്രാപ്തിക്കുറവുണ്ടായെന്നും വരാം.
വിജയത്തിനായുള്ള പരിശ്രമത്തിൽ തെറ്റുകൾ സംഭവിക്കാനുള്ള സ്വഭാവികത ഒരു പ്രസ്ഥാനത്തിലുണ്ടായാലേ അവിടെ എല്ലാവർക്കും വളർന്നുവരാനുള്ള സാദ്ധ്യത ഉണ്ടാകൂ. (ധാർമ്മികവും ആത്മീകവുമായ തെറ്റുകളുടെ കാര്യമല്ല; പ്രവർത്തനത്തിലുണ്ടാകുന്ന വീഴ്ചകളുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്). അപ്പോൾതന്നെ ആ പ്രസ്ഥാനത്തിനോ സഹപ്രവർത്തകനോ ഹാനികരമായതൊന്നും ഒരു ശുശ്രൂഷകനിൽ നിന്നും ഉണ്ടായിക്കൂടാ.
വീഴ്ചപറ്റിയ പത്രോസിനെ യേശു തള്ളിക്കളയാതെ തൻ്റെ ആടുകളെ മേയിക്കുവാൻ ഭരമേല്പ്പിച്ചതുകൊണ്ടു പത്രോസ് പുതിയനിയമസഭയുടെ രാജശില്പിയായി.
ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഒരാൾക്കുണ്ടായ തെറ്റിനെ അടിസ്ഥാനമാക്കി അയാളെ തള്ളിക്കളയരുത്; ശപിക്കരുത് . സൗമ്യവും ആർദ്രവുമായ പെരുമാറ്റങ്ങളിലൂടെ യഥാസ്ഥാനപ്പെടുത്തേണം (ഗലാ. 6:1). ഭത്സിക്കാതെ എല്ലാവക്കും ഔദാര്യമായി കൊടുക്കുന്നവനാണ് ദൈവം. ( യാക്കോ.1:5). ആ സ്വഭാവമാണ് നമ്മിലും ഉണ്ടാകേണ്ടത്.
നേതൃത്വത്തിൻറ ശക്തിയും അധികാരവും തെളിയിക്കേണ്ടത് അച്ചടക്ക നടപടികളിലൂടെയല്ല. പകരം, വിശ്വാസികൾക്കും ശുശ്രൂഷകന്മാർക്കും പ്രസ്ഥാനത്തെ കുറിച്ചു ദർശനം നല്കുന്നതിലൂടെയാണ് നേതൃത്വഗുണം വെളിപ്പെടേണ്ടത്.
ഒരു സഭായോഗത്തിൽ, ചെറുപ്പാക്കാരെല്ലാവരും ഇന്നും 'സാക്ഷ്യം' പറയണം എന്ന് ശുശ്രൂഷകൻ ആവശ്യപ്പെട്ടു. ഒരു കോളെജു വിദ്യാർത്ഥി അന്നു സാക്ഷ്യം പറഞ്ഞില്ല. ക്രുദ്ധധനായി മാറിയ ശുശ്രൂഷകൻ ആ കൗമാര പ്രായക്കാരനെ സഭായോഗം തീരുന്നതുവരെ ഹാളിൻറ പിൻനിരയിൽ എഴുന്നേററു നിൽക്കണമെന്ന് ശിക്ഷവിധിച്ചു. ആ ബാല്യക്കാരൻ ശിക്ഷ സ്വീകരിച്ചുകൊണ്ട് സഭായോഗം പിരിയുന്നതുവരെ എല്ലാവരുടേയും പരിഹാസനോട്ടങ്ങൾ ഏററുകൊണ്ട് പിൻനിരയിൽ ശാന്തനായി നിന്നു.
പെന്തെക്കോസ്തു കുടുംബത്തിൽ ജനിച്ചുവളർന്ന അയാൾ പിന്നെ ആ ഹാളിൽ വന്നിട്ടില്ല. മറ്റു സഭകളിൽ ആരാധനക്കു പോകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഞായറാഴ്ച്ച ഇറങ്ങിപ്പോകും..
ഇന്നു അയാൾ ഐ. എ. എസ് ഓഫീസറാണ്. വടക്കേ ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്നു. പക്ഷേ നിരീശ്വരവാദിയാണ്. ദൈവത്തിൻ്റെ ദാസൻ തൻറെ പ്രവൃത്തിയാൽ അവനെ ദൈവത്തിങ്കൽനിന്നും അകററിക്കളഞ്ഞു. സൗമ്യതയോടെ ആ ബാല്യക്കാരനോടു ഇടപെടുവാൻ ശുശ്രൂഷകനു കഴിയാതെ പോയത് എത്ര നിർഭാഗ്യമായിപ്പോയി. ശുശ്രൂഷകൻറെ ക്രൂരതയെ ന്യായീകരിക്കാനാവില്ല.
'ഒരു അമ്മ തൻ്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രത ഉള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചും കൊണ്ടു... പ്രാണനുംകൂടെ വച്ചുതരുവാൻ ഒരുക്കമായിരുന്നു. 1തെസ്സ. 2: 7,8.
'ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലാ പ്പോഴും .... വളരെ താഴ്മയോടും കണ്ണുനീരോടും....കർത്താ വിനെ സേവിച്ചുവന്നു...' പ്രവൃ. 20:18 ആർദ്രത, ഓമനിക്കൽ, താഴ്മ, കണ്ണുനീർ, പ്രാണൻ വെച്ചു കൊടുക്കാനുള്ള സ്നേഹം, ഇവയാണ് പരിപാലന ശുശ്രൂഷയുടെ ശൈലികൾ.
ഒരിക്കൽ ഗായകസംഘത്തിൽ വരയുള്ള ഉടുപ്പു (ചെക്ക് ഷർട്ട്) ഇട്ടുകൊണ്ടുവന്ന യുവാവിനെ പൊതുവേദി യിൽ നിന്നും അധിക്ഷേപിച്ചു ഇറക്കിവിട്ടു. ലജ്ജാഭാര ത്തോടെ അയാൾ ഇറങ്ങിപ്പോയി. പിന്നെ സഭയിലേക്കു ആ ചെറുപ്പക്കാരൻ വന്നിട്ടില്ല. അവനിപ്പോഴും വിശ്വാസിയാണ്; മറെറാരു സഭയിൽ. അവൻറെ മാതാപിതാക്കളും ഇപ്പോൾ അവൻ ചേർന്ന സഭയിലേക്കു മാറി.
കൺവൻഷൻ തുടങ്ങുന്നതിന് മുൻപ് മൈക്കിലൂടെ പാടുവാൻ കൊച്ചുനിക്കറും നിറമുള്ള വരയൻ ഷർട്ടുമിട്ടു ഓടി വന്ന പത്തുവയസ്സുകാരൻ ദരിദ്രബാലകനെ പ്രസംഗകനായി വന്ന നേതാവു ശാസിച്ചു. വെള്ള ഉടപ്പു ഇട്ടുകൊണ്ടു പാടിയാൽ മതി എന്നു പറഞ്ഞ് അവനെ മടക്കി അയച്ചു. (എൻ്റെ ചിന്ത പറയട്ടെ, നേതാവിൻറെ അടുത്തു നിന്ന് യേശു പറഞ്ഞു: 'അവനെ തടയരുതു. ' പക്ഷേ അയാൾ അത് കേട്ടില്ല.) ഈ ബാലനാകട്ടെ ഈയൊരുടുപ്പല്ലാതെ രണ്ടാമതൊന്നില്ലായിരുന്നു. ഇന്നും ആ ആളിന് മുപ്പതു വയസ്സു പ്രായമുണ്ടു്. നല്ലരു ജോലിയുള്ള അദ്ദേഹം സഭയിലെ സജീവ പ്രവത്തകനുമാണ്. ആ നേതാവു വരുത്തിയ മുറിവ് ഇന്നും അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ വിങ്ങലുണ്ടാക്കുന്നു. ഇക്കഥ എന്നോടു പറഞ്ഞപ്പോൾ എൻറെ കണ്ണുകളും നിറഞ്ഞുപോയി. നേതൃത്വം ഒരമ്മയുടെ ആർദ്രതയും ഓമനിക്കലും നല്കാതെ ക്രൂരത കാട്ടിയതിൻറ ജീവിക്കുന്ന രക്തസാക്ഷികൾ നിരവധിപ്പേർ നമ്മുടെ ഇടയിലുണ്ട്.
Advertisement
Advertisement