'കർതൃശുശ്രൂഷയിൽ അരനൂറ്റാണ്ട് : അനുഭവങ്ങൾ അനുസ്മരണകൾ' : പാസ്റ്റർ എം.വി കുര്യൻ എഴുതിയ പുസ്തകം പ്രകാശനം ചെയ്തു
കോട്ടയം: പാസ്റ്റർ എം.വി കുര്യൻ എഴുതിയ 'കർതൃശുശ്രൂഷയിൽ അര നൂറ്റാണ്ട് : അനുഭവങ്ങൾ അനുസ്മരണകൾ ' എന്ന പുസ്തകം ഗുഡ്ന്യൂസ് ഓഫീസിൽ നടന്ന മീറ്റിങ്ങിൽ ഐപിസി പുതുപ്പള്ളി സെൻ്റർ മിനിസ്റ്റർ പി.എ മാത്യു, ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിനു നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ ഫെയ്ത്ത് അടിമത്ര അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ റിൻസൻ തോമസ്, മാധ്യമ പ്രവർത്തകരായ സജി മത്തായി കാതേട്ട്, സജി നടുവത്ര എന്നിവർ ആശംസകൾ അറിയിച്ചു.
എം. വി. കുര്യൻ്റെ ഭാര്യ എലിസബത്ത് കുര്യൻ (വത്സമ്മ), മക്കളായ ഷാജി കുര്യൻ, ജോസഫ് കുര്യൻ, ഫിന്നി കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയത്തും പരിസരപ്രദേശങ്ങളിലും സുവിശേഷാഗ്നി ആളിപ്പടരാൻ പ്രയത്നിച്ച ആദ്യകാല പിതാക്കന്മാരിൽ ഒരാളാണ് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എം. വി. കുര്യൻ.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കർത്തൃവേല ചെയ്ത ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് ആവേശവും അനുഗ്രഹവും പകരുമെന്നതിൽ സംശയമില്ല. ഈടുറ്റ ഗ്രന്ഥം കേരളത്തിലെ വിശേഷാൽ കോട്ടയം പ്രദേശത്തെ പെന്തെക്കോസ്തു പ്രസ്ഥാനത്തിന്റെ ഒരു ചരിത്രരേഖയും കൂടിയാണ്.
സമൂഹത്തെ പരിവർത്തനത്തിലേക്കും ആത്മീയതയിലേക്കും നയിച്ചവരുടെ ജീവിതാനുഭവങ്ങൾ പുതുതലമുറയ്ക്ക് എന്നും പ്രചോദനമാകുമെന്ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. പ്രസ്താവിച്ചു. എഴുതുക എന്നത് ദൈവത്തിന്റെ ദാസന്മാരായ എഴുത്തുകാരുടെ ദൗത്യമാണ്. ദൈവത്തിന്റെ അരുളപ്പാടുകളാണ് എഴുത്തുകാരിലൂടെ സമൂഹത്തിനു ലഭിക്കുന്നത്. അതു തലമുറയ്ക്ക് എന്നും വഴികാട്ടിയായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾക്ക്: 94954 81454