ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം

കെ.ജെ. ജോബ് വയനാട്

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill - 2024 )  കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്.

ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല

കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.

Revenue Recovery Proceedings

എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് പുതിയ ജപ്തി വിരുദ്ധ ബിൽ അധികാരവും, അവകാശവും നൽകുന്നുണ്ട്.
25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും, ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും, ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.

ജപ്തി വസ്തു ഉടമക്ക് വിൽക്കാം

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതൽ ഉടമക്ക് വിൽക്കാം, ഉടമ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് വിൽക്കാം.
ജപ്തി വസ്തുവിൻ്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ രീതിയിൽ നൽകുന്ന അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്ട്രേഷൻ ജില്ലാ കളക്ടർ ചെയ്ത് നൽകണം. ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറച്ച് നൽകണം

12 ശതമാനം വരുന്ന പലിശ ഒൻപത് ശതമാനമായി കുറച്ച് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം , വസ്തു ഉടമക്ക് തിരിച്ച് എടുക്കാം

ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികൾക്ക് തിരിച്ച് എടുക്കാൻ ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിൻ്റെ പണം ഗഡുക്കളായി നൽകി കൊണ്ട് വസ്തു തിരിച്ചെടുക്കാം.

ജപ്തി വസ്തു ഒരു രൂപക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം

ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാൻ്റ്) ഒരു രൂപ പ്രതിഫലം നൽകി ജപ്തി വസ്തു സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ തിരിച്ച് നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.

അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ  മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിൻ്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവിൽ  വരുത്താൻ ഒരിക്കലും  പാടില്ല. ജപ്തി വിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നു.

Advertisement