ലോക്‌സഭ തിരഞ്ഞെടുപ്പിൽ പെന്തെക്കോസ്തുകാർ എങ്ങനെ ചിന്തിക്കുന്നു?
ഈ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പെന്തെക്കോസ്തുകാർ എങ്ങനെ ചിന്തിക്കുന്നു?
ടി.എം. മാത്യു
ആസന്നമായിക്കൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് എല്ലാവരെയുംപോലെ പെന്തെകൊസ്തു വിശ്വാസികളെയും ഉൽക്കണ്ഠകുലരാക്കിയിട്ടുണ്ട്. ഇനി ആര്?, ഇനി എന്ത്? എന്നീ ചോദ്യങ്ങൾ പരസ്യമായിട്ടല്ലെങ്കിലും നിർമ്മല മനസ്സുകളിൽ നിന്നും ഉയർന്നു വരിക സാധാരണമാണ്. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ ഒരു പ്രാർത്ഥനാവിഷയമാണ് പടിവാതിക്കൽ എത്തിനിൽക്കുന്ന പൊതുതിരഞ്ഞെടുപ്പും അതുണ്ടാക്കുന്ന രാഷ്ട്രീയ കാലാവസ്ഥയും.
തങ്ങളുടെ രാഷ്ട്രീയ പിന്തുണ ആർക്കെന്നതു ഒരുകാലത്തും പെന്തെകൊസ്തുകാർ പരസ്യമാക്കിയിട്ടില്ല. പാർട്ടിയുടെ കൊടിയോ അടയാളമോ നോക്കിയല്ല അവരുടെ തീരുമാനം. സഭയോ പാസ്റ്ററോ അതിൽ കൈകടത്താറുമില്ല. തീരുമാനം വ്യക്തിപരമായിരിക്കുമെങ്കിലും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സ്ഥാനാർത്ഥിയുടെ യോഗ്യതകളും വിലയിരുത്തപ്പെടും. കൂടാതെ ലോക്സഭയും അസ്സംബ്ലിയും വെവ്വേറെ വിലയിരുത്തിയാകും വോട്ടുചെയ്യൽ. അതുകൊണ്ടു ആരെങ്കിലും തങ്ങളുടെ കഴിവുകൊണ്ടോ സ്വാധീനംകൊണ്ടോ പെന്തെക്കോസ്തുകാരുടെ വോട്ടുകൾ മുഴുവൻ വാങ്ങിത്തരാം എന്ന് ഏറ്റാൽ അത് ശുദ്ധ വിവരക്കേടാണ് എന്ന് മനസിലാക്കുക.
യേശുവിലുള്ള വിശ്വാസത്തെ ഇകഴ്ത്തിക്കാണുകയോ ദുഷിക്കയോ ദൈവദാസന്മാരെ ഉപദ്രവിക്കുകയോ ആരാധനയോഗങ്ങൾ അലങ്കോലമാകാൻ ശ്രമിക്കുകയോ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ആർക്കും ഈ സമൂഹം വോട്ടുചെയ്യാൻ സാധ്യതയില്ല. അത് സംഭവിച്ചതു ഉത്തരേന്ത്യയുടെ ഏതെങ്കിലും ഒഴിഞ്ഞകോണിൽ ആയാൽപ്പോലും അങ്ങനെ ചെയ്യുന്നവർ കർത്താവിന്റെ ശരീരമാകുന്ന സഭയെ ഉപദ്രവിച്ചവരായിട്ടാണ് കണക്കാക്കപ്പെടുന്നത്. അക്രമവും ലഹളയുംകൊണ്ട് ദൈവമക്കളെ ഇല്ലായ്മചെയ്യാൻ തുനിഞ്ഞിറങ്ങുന്നവർക്കുള്ള ഒരു മധുര പ്രതികാരം കൂടിയാണിത്, എന്നാൽ അത് സ്ഥായിയായ പിണക്കമല്ല. അവരും അത് ഉപേക്ഷിച്ചു സത്യത്തിന്റെ പാതയിൽ വന്നുചേരണമെന്നാണ് പെന്തെക്കോസ്തുകാർ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഒരു സ്ഥാനാർത്ഥിയുടെയും പേരോ മതമോ നോക്കിയല്ല, അതോടൊപ്പം അവർ വിളംബരം ചെയ്യുന്ന വാഗ്ദാനങ്ങളിൽ ആകൃഷ്ടരാകുന്നതുകൊണ്ടുമല്ല, രാഷ്ട്രനിർമാണത്തിലും സാമൂഹ്യക്ഷേമത്തിലും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും അദ്ദേഹവും താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്‌ടീയ പാർട്ടിയും ഉറച്ചുനിൽക്കുമോ എന്നത് പരിഗണിച്ചാണ് വോട്ടു നിശ്‌ചയിക്കുന്നതു. അതിനു അവരുടെ മുൻകാല പ്രവർത്തന ചരിത്രവും കാരണമായേക്കാം.
ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രൈസ്തവർ പ്രത്യേകിച്ച് അവരിൽ ന്യൂനപക്ഷമായ പെന്തെക്കോസ്തുകാർ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ആരാധനാലയങ്ങളുടെ നിർമ്മാണം, ശ്മശാനങ്ങൾ നവീകരിക്കുന്നത് എന്നീ കാര്യങ്ങൾകൂടാതെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ അവഗണിക്കപ്പെടുന്നു എന്നതും ഗൗരമായി ചിന്തിക്കേണ്ടതാണ്. ഇവിടെ അവസരങ്ങൾ ഇല്ലാതെവരുന്നതുകൊണ്ടാണല്ലോ ഞങ്ങളുടെ മക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറേണ്ടതായി വരുന്നത്!
ഈ തിരഞ്ഞെടുപ്പുകാലത്തെങ്കിലും ഇത് പറയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ ഈ സമൂഹത്തോടും ഞങ്ങളുടെ മക്കളോടും ആത്യന്തികമായി ദൈവത്തോടും കണക്കുപറയേണ്ടിവരും എന്ന അവബോധമാണ് ഈ ചെറിയ കുറിപ്പ് പ്രസിദ്ധപ്പെടുത്തുവാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നത്.
Advertisement