കോടഞ്ചേരിയിലെ വിശ്വാസികളും മണിപ്പൂരിനോടൊപ്പം

കോടഞ്ചേരിയിലെ വിശ്വാസികളും മണിപ്പൂരിനോടൊപ്പം

കോഴിക്കോട് : കോടഞ്ചേരി പഞ്ചായത്തിലുള്ള പെന്തെക്കോസ്തു സഭകളിലെ ശുശ്രൂഷകന്മാരുടെ പ്രാർത്ഥനാ ഗ്രൂപ്പായ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ മണിപ്പൂർ ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമം നടന്നു. വിവിധ സഭകളിൽ നിന്നുള്ള അനേകം വിശ്വാസികളും സഭാ ശുശ്രൂഷകമാരും പങ്കെടുത്തു. 

പാസ്റ്റർ കെ. ജെ കുര്യന്റെ പ്രാർത്ഥനയോടെ .കോടഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്തു നിന്നും റാലി ആരംഭിച്ചു. കോടഞ്ചേരി ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രസിഡണ്ട് പാസ്റ്റർ സജിമോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ സെബാസ്റ്റ്യൻ എൻ ജെ, ജേയിംസ് അലക്സാണ്ടർ (ഐ പി സി തിരുവമ്പാടി സെന്റർ മിനിസ്റ്റർ), ഫെലോഷിപ്പ് വൈസ് പ്രസിഡണ്ട് ഷിബു ജോസഫ് എന്നിവർ ഈ കാലഘട്ടത്തിൽ നടക്കുന്ന ക്രൈസ്തവ വേട്ട അവസാനിപ്പിക്കണമെന്നും,ക്രൈസ്തവ ആരാധനാലയങ്ങൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും,ഭരണകൂട നിയമ സംവിധാനങ്ങൾ ഇടപ്പെട്ട് ക്രൈസ്തവർക്ക് നീതിയും സമാധാനവും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.   

 പാസ്റ്റർ സാം തോമസ്സ് പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനങ്ങൾക്കു വേണ്ടിയും ഭാരതത്തിന്റെ സമാധാനത്തിനു വേണ്ടിയും പ്രാർത്ഥിച്ചു. സെക്രട്ടറി പാസ്റ്റർ സൽമോൻ പി. തോമസ്സ് നന്ദി പറഞ്ഞു.