വിവേകം വഴികാട്ടിയായി

വിവേകം വഴികാട്ടിയായി

പ്രമുഖ സുവിശേഷ പ്രസംഗകനായിരുന്ന പാസ്റ്റർ പി. ഡി. ജോൺസൺ ഒരിക്കൽ നാഗാലാൻഡ് സന്ദർശിച്ചു. ശുശ്രൂഷകന്മാരുടെ യോഗത്തിൽ അദ്ദേഹമായിരുന്നു മുഖ്യാതിഥി. യോഗാനന്തരം ഒരു വലിയ സദ്യയും ക്രമീകരിച്ചിരുന്നു. കാളയുടെ ഇറച്ചിയായിരുന്നു സദ്യയിലെ പ്രധാന വിഭവം. അവരുടെ ആചാരപ്രകാരം കാളയുടെ വൻകുടൽ പ്രധാന അതിഥികൾക്കുള്ള സ്‌പെഷൽ ഭക്ഷണമാണ്. ഫുട്ബോൾ പോലെയിരുന്ന വൻകുടൽ പാസ്റ്ററുടെ ഇലയിൽ കൊണ്ടുവന്നു വച്ചപ്പോൾ എല്ലാവരും കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു.

പാസ്റ്റർ എല്ലാവരുടെയും ഇലകളിലേക്കു നോക്കി. നല്ല ഇറച്ചിക്കഷണങ്ങളാണ് അവർക്കെല്ലാം ലഭിച്ചിരിക്കുന്നത്. 'അതിൽ ഒരു ഇല തനിക്കു കിട്ടിയിരുന്നെങ്കിൽ' എന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ ഒരു വഴിയും കാണുന്നില്ല. അവർ സന്തോഷത്തോടെ നൽകിയ 'വൻകുടൽ' കഴിച്ചില്ലെങ്കിൽ അവർക്കുണ്ടാകുവാൻ പോകുന്ന 'നിരാശ' അദ്ദേഹത്തെ വിഷമിപ്പിച്ചു. ഒരു പോംവഴി കാട്ടിത്തരുവാൻ അദ്ദേഹം ദൈവത്തോടു പ്രാർത്ഥിച്ചു. എല്ലാവരും അദ്ദേഹം ഭക്ഷണം കഴിക്കുന്നതു കാണുവാൻ കാത്തിരിക്കുകയാണ്.

അദ്ദേഹത്തിന്റെ അടുത്ത നിരയിൽ ഒരു എളിയ വ്യക്തിയെന്നു തോന്നിക്കുന്ന ഒരു സഹോദരൻ ഇരുന്നിരുന്നു. ആ സഹോദരന്റെ ഇലയിൽ കാളയുടെ കരളും ഒരു നല്ല ഇറച്ചിക്കഷണവും ഇരിക്കുന്നത് പാസ്റ്റർ കണ്ടു. പെട്ടെന്ന് അദ്ദേഹത്തിന്റെ തലച്ചോറിൽ ഒരു ബുദ്ധി ഉദിച്ചു. പാസ്റ്റർ പി. ഡി. ജോൺസൺ എഴുന്നേറ്റു നിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു : 'എന്നോടുള്ള നിങ്ങളുടെ സ്നേഹം എത്ര വലുതാണെന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. അതിനു ഞാൻ ദൈവത്തോടും നിങ്ങളോടും നന്ദിയുള്ളവനാണ്. എന്നാൽ ഞാൻ നിങ്ങളിൽ ഒരുവനെപ്പോലെയാകുവാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ നിങ്ങളുമായി ചേർന്ന് നിങ്ങളെപ്പോലെ ഭക്ഷിക്കുവാൻ പോവുകയാണ്.'

തുടർന്ന് പാസ്റ്റർ ആ ഇലയുമെടുത്ത് ആ എളിയ സഹോദരന്റെ അടുത്തു ചെന്നിരുന്നു. തന്റെ ഇലയിലെ വൻകുടൽ എടുത്ത് ആ സഹോദരന്റെ ഇലയിലും, അവിടെയിരുന്ന കരളും ഇറച്ചിക്കഷണവും എടുത്ത് തന്റെ ഇലയിലും വച്ചു. 'എനിക്കതിനു യോഗ്യതയില്ല' എന്നു പറഞ്ഞുകൊണ്ട് ആ സഹോദരൻ അതു തടയാൻ ശ്രമിച്ചുവെങ്കിലും 'കർത്താവ് നമ്മെയെല്ലാം യോഗ്യരാക്കിത്തീർത്തിരിക്കുന്നു' എന്നു പാസ്റ്റർ പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ സന്തോഷം നിറഞ്ഞു. പാസ്റ്റർ പി. ഡി. ജോൺസന്റെ മനസിലെ വിഷമവും മാറി. അവരെ സംബന്ധിച്ചിടത്തോളം പാസ്റ്ററുടെ പ്രവൃത്തി അങ്ങേയറ്റം വിനയാന്വിതവും ദൈവികവുമായി അവർക്കു തോന്നി. എല്ലാവരും സമൃദ്ധിയായി ഭക്ഷിച്ചു പാനം ചെയ്തു. പാസ്റ്ററും മനംമടുപ്പില്ലാതെ ഭക്ഷണം കഴിച്ചു തൃപ്തനായി.

ചിന്തക്ക് : 'ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ' (മത്തായി 10 : 16).