തെരഞ്ഞെടുപ്പിലെ യോഗ്യത

തെരഞ്ഞെടുപ്പിലെ യോഗ്യത

റവ. ജോർജ് മാത്യു പുതുപ്പള്ളി

ദൈവവേല ചെയ്യാൻ പലരും ഉത്സാഹത്തോടെ ഇറങ്ങി പുറപ്പെടും. ആരംഭ സമയങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിക്കും. മിഷനറിയാകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടുവന്ന അഭ്യസ്തവിദ്യനും ദൈവഭക്തനുമായിരുന്ന ഒരു യുവാവിന്റെ അനുഭവം എപ്രകാരമായിരുന്നു എന്നു ശ്രദ്ധിക്കാം.

വിദേശത്തു പ്രവർത്തിക്കുന്നതിനു മിഷനറിമാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട ഒരു യുവാവ് മിഷനറിമാരെ തെരഞ്ഞെടുക്കുന്ന ഒരു സംഘടനയുടെ പ്രധാന പുരോഹിതനെ സമീപിച്ച് തന്റെ താല്പര്യം അറിയിച്ചു. അദ്ദേഹം ആ യുവാവിനോട് നാളെ രാവിലെ മൂന്നു മണിക്കു തന്നെ വന്നു കാണുവാൻ നിർദ്ദേശിച്ചു. അത് ഡിസംബർ മാസത്തിലെ അതിഭയങ്കരമായ തണുപ്പുള്ള രാവിലെ സമയമായിരുന്നു. രാവിലെ മൂന്നു മണിക്കു തന്നെ മിഷനറി സംഘടനയിലെ പുരോഹിതന്റെ ഭവനത്തിൽ എത്തണമെങ്കിൽ രാവിലെ രണ്ടു മണിക്കു തന്നെ പുറപ്പെടണം. ഈ അസമയത്ത് എങ്ങനെ ഉറക്കമിളെക്കും, കഠിനമായ തണുപ്പിൽ എങ്ങനെ യാത്ര ചെയ്യും എന്നതൊന്നും അവനു പ്രശ്നമായിരുന്നില്ല.

കൃത്യം മൂന്നു മണിക്കു തന്നെ അവൻ പുരോഹിതന്റെ ഭവനത്തിൽ എത്തി. അവിടെയുള്ള വേലക്കാരൻ യുവാവിനോട് ഒരു മുറിയിൽ ഇരിക്കുവാൻ പറഞ്ഞു. അവൻ അപ്രകാരം പറഞ്ഞു. ഒരു മുറിയിൽ ഏറെ സമയം കാത്തിരുന്നു. പുരോഹിതൻ വന്നില്ല. ഒരു മണിക്കൂർ, രണ്ടു മണിക്കൂർ, മൂന്നു മണിക്കൂർ കാത്തിരുന്നു. പുരോഹിതൻ എന്നിട്ടും വന്നില്ല. അദ്ദേഹം വന്നത് രാവിലെ എട്ടു മണിക്കാണ്. വന്നയുടനെ അദ്ദേഹം യുവാവിനെ ഇന്റർവ്യൂ ചെയ്തു. 'ക്യാറ്റിന്റെ' (Cat) സ്പെല്ലിങ് ചോദിച്ചു. അഞ്ചും രണ്ടും ഗുണിച്ചാൽ എത്ര കിട്ടുമെന്നു തിരക്കി. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമാണ് യുവാവ് നൽകിയത്. ഇന്റർവ്യൂവിൽ യുവാവ് പാസായതായും മിഷനറി സംഘത്തിൽ അവനെ തെരഞ്ഞെടുത്തിരിക്കുന്നതായും പുരോഹിതൻ അറിയിച്ചു.

തെരഞ്ഞെടുക്കുവാനുള്ള കാരണമാരാഞ്ഞ ഇന്റർവ്യൂ ബോർഡിലെ മറ്റ് അംഗങ്ങളോട് പുരോഹിതൻ പറഞ്ഞു : 'നാലു കാര്യങ്ങളിലാണ് ഞാൻ ആ യുവാവിനെ പരീക്ഷിച്ചത്. 'ത്യാഗമനോഭാവം' ഉണ്ടോ എന്നറിയാൻ രാവിലെ മൂന്നു മണിക്കു വരാൻ പറഞ്ഞു. 'സഹിഷ്ണുത' പരിശോധിക്കുവാൻ അഞ്ചു മണിക്കൂർ കാത്തിരിക്കുവാൻ പറഞ്ഞു. 'താഴ്മയുണ്ടോ' എന്നറിയാൻ നിസാര ചോദ്യം ചോദിച്ചു. 'കൃത്യനിഷ്ഠയുണ്ടോ' എന്നും പരിശോധിച്ചു. നാലിലും യുവാവ് വിജയിച്ചു.' സദ്ഗുണങ്ങൾ കർത്താവിന്റെ വേലയ്ക്ക് ഇറങ്ങുന്നവർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതകളാണ്. നമുക്ക് മേലുദ്ധരിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടോ എന്നു സ്വയം ശോധന ചെയ്തുനോക്കുക.

ചിന്തക്ക് : 'അതിനു യജമാനൻ : നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു. ഞാൻ നിന്നെ അധികത്തിനു വിചാരകനാക്കും.നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.' (മത്തായി 25 : 21).