അവസരം നഷ്ടമാക്കരുത്
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഒരിക്കൽ ഒരു ശിൽപി അദ്ദേഹത്തിന്റെ പണിപ്പുര സന്ദർശിച്ച ഒരു സുഹൃത്തിനെ താൻ ഉണ്ടാക്കിയ മാർബിൾ ശിൽപങ്ങൾ കാണിക്കുകയായിരുന്നു. രണ്ട് പ്രത്യേകതകളുള്ള ഉജ്ജ്വലമായ ഒരു കലാശിൽപവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ശിൽപത്തിന്റെ ശിരോഭാഗം മുഴുവൻ മുടികൊണ്ട് മൂടപ്പെട്ടിരിക്കുന്നതായിട്ടാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ പാദങ്ങളുടെ സ്ഥാനത്ത് ചിറകുകളും ഉണ്ടായിരുന്നു.
'ഈ ശിൽപത്തിന്റെ പേരെന്താണ് ?' സുഹൃത്ത് ശിൽപിയോടു ചോദിച്ചു. 'അതിന്റെ പേര് അവസരം എന്നാണ്' ശിൽപി പറഞ്ഞു. അതിന്റെ ശിരോഭാഗവും വദനഭാഗവും മുടികൊണ്ട് മറയ്ക്കപ്പെട്ടിരുന്നു. ഇതുപോലെ തന്നെയാണ് അവസരങ്ങൾ നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോൾ പലപ്പോഴും നമുക്കത് മനസിലാക്കുവാനോ ഉപയോഗപ്പെടുത്തുവാനോ കഴിയാതെയിരിക്കുന്നത്. അതിന്റെ പാദങ്ങളിലെ ചിറകുകളും പ്രതീകാത്മകമാണ് (Symbolic). നാം അതിനെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുമ്പോഴേക്കും അത് നമ്മിൽനിന്നും ബഹുദൂരം പറന്ന് അകന്നിരിക്കും.' ശിൽപി വിശദീകരിച്ചു.
ജീവിതയാത്രയിൽ ലഭിക്കുന്ന ഒട്ടനേകം സുവർണ്ണാവസരങ്ങൾ ഉപയോഗപ്പെടുത്താത്തതിന്റെ പ്രത്യാഘാതങ്ങളാണ് പുരോഗമനത്തിനു തടസമായി നിൽക്കുന്നത്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നത് ഒരു വിജയം തന്നെയാണ്. പക്ഷെ വളരെ വിരളമായി മാത്രമേ അത് സംഭവിക്കുന്നുള്ളൂ. ഏതെങ്കിലും തരത്തിൽ എപ്പോഴെങ്കിലും എന്തൊക്കെ ചെയ്തുവെന്നു വന്നാലും അതിന്റെ പൂർണ്ണ പ്രയോജനം കൈവരിക്കുവാൻ കഴിയുന്നതല്ല.
ദൈവം നമുക്ക് അനവധി തവണ അവസരങ്ങൾ തന്നെന്നിരിക്കാം. എങ്കിലും ആ വിഷയത്തിൽ ഏറ്റവും അനുയോജ്യമായ ഒരു സുവർണ്ണാവസരമുണ്ട്. അത് അപ്പോൾത്തന്നെ ചെയ്തു തീർത്തിരുന്നുവെങ്കിൽ അത് ഏറ്റവും മനോഹരവും സമ്പൂർണ്ണവുമായ ഒരു പ്രവൃത്തിയായിത്തീരുമായിരുന്നു. ഓരോ അവസരങ്ങളും ദൈവത്തിന്റെ നിശബ്ദ ഭാഷണങ്ങളുടെ സന്ദേശം ഉൾക്കൊള്ളുന്നു. ദൈവം നൽകുന്ന അവസരങ്ങളെല്ലാം നമുക്ക് പ്രയോജനമുള്ളതു തന്നെയാണ്. ഏതെങ്കിലും സന്ദേശം കൂടാതെയുള്ള ഒരു അവസരവും ദൈവം നമുക്കു നൽകാറില്ല.
അപ്പൊസ്തലനായ പൗലൊസിനും കർത്താവിന്റെ ശിഷ്യന്മാർക്കും ദൈവം നൽകിയ നിരവധി സുവർണ്ണാവസരങ്ങളെ നാം വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തിൽ കാണുന്നു. എതിരാളികളുടെ മദ്ധ്യെയാണ് സഫലമായ ഈ അവസരങ്ങൾ ദൈവം പലപ്പോഴും തുറന്നു കൊടുത്തത്. ദൈവം നമുക്കു മുമ്പിൽ തുറന്നു നൽകുന്ന അവസരങ്ങളും ദൈവനാമ മഹത്വത്തിനായി നാം ഉപയോഗിച്ചു കാണുവാൻ ദൈവം നമ്മെക്കുറിച്ചും ആഗ്രഹിക്കുന്നു.
ചിന്തക്ക് : 'സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നിൽപ്പാൻ ശ്രമിക്ക' (2 തിമൊഥെയൊസ് 2 : 15).