മാതൃദിനം നമ്മുടെ അമ്മമാരെ ഓര്‍ക്കാന്‍
ഇന്ന് മെയ് 12 ലോക മാതൃദിനം
മാതൃദിനം നമ്മുടെ അമ്മമാരെ ഓര്‍ക്കാന്‍
ടി.എം. മാത്യു
ഒരു ലോക മാതൃദിനം കൂടെ എത്തിയിരിക്കുകയാണ്. അമ്മമാരെ ഓര്‍ക്കാനും അവരോടുള്ള സ്നേഹം പുനഃപ്രഖ്യാപിക്കാനും മക്കള്‍ക്കുവേണ്ടി നീക്കിവെച്ച ദിവസമായിരുന്നു അത്. പ്രധാന ദിവസങ്ങള്‍ ആചരിക്കുന്ന പതിവ് നമുക്കില്ലെങ്കിലും അറിയാതെ ചില ആഘോഷദിവസങ്ങള്‍ നമ്മുടെ ഉള്ളിലും ഉണ്ടല്ലോ. പുതുവത്സരദിനം, ക്രിസ്മസ് എന്നിവപോലെ . ഈ രണ്ടുദിവസങ്ങള്‍ കഴിഞ്ഞാല്‍ വിശ്വാസവുമായി ബന്ധപ്പെടാത്ത രണ്ടു ദിവസങ്ങള്‍ നമുക്കുണ്ട്. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും. ആഘോഷിക്കാറില്ലെങ്കിലും പലരും ആഘോഷമാക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസങ്ങളാണിത്.
ലോകമാതൃദിനം ഇക്കൊല്ലവും പതിവുപോലെ വളരെ ശാന്തമായാണു കടന്നുപോയത്. വികസിതരാജ്യങ്ങളില്‍ അമ്മമാരെ കണ്ട് ആശംസയര്‍പ്പിക്കുന്നതും പൂക്കള്‍ സമ്മാനിക്കുന്നതും സമ്മാനപ്പായ്ക്കറ്റുകള്‍ ആദരപൂര്‍വം നല്‍കുന്നതും പ്രത്യേകതകളാണ്. അല്ലാത്തപ്പോള്‍ അമ്മമാരെ ശ്രദ്ധിക്കാന്‍ അവര്‍ക്കാര്‍ക്കും സമയം ലഭിക്കാറില്ല. ഒരു പരിധികഴിഞ്ഞാല്‍ വീട്ടിനുള്ളില്‍പോലും അമ്മമാര്‍ക്കു സ്ഥാനമില്ല. അശരണരായവരെ താമസിപ്പിക്കുന്ന സങ്കേതങ്ങളിലാണു ജീവിതശിഷ്ടം അവര്‍ക്കു കഴിഞ്ഞുകൂടാന്‍ മക്കള്‍ വിധിച്ചിരിക്കുന്നത്. അവിടെച്ചെന്ന് അവരെ കാണുന്നതാണു മാതൃദിനത്തിലെ അവരുടെ പ്രത്യേക പരിപാടി.
ലോകമാസകലം നേരിടുന്ന ഒരു വലിയ മൂല്യച്യുതിയാണ് വൃദ്ധരെ അവരുടെ പ്രായത്തിന്‍റെപേരില്‍ ഒഴിച്ചുനിര്‍ത്തുന്നത്. മുന്‍പെന്നത്തെക്കാളും ഈ പ്രവണത അധികമായിക്കൊണ്ടിരിക്കുകയാണിന്ന്. നിരാശയിലും നെടുവീര്‍പ്പിലും ജീവിതാന്ത്യം തള്ളിനീക്കേണ്ടിവരുന്ന അബലകളും രോഗികളുമായ ചില മാതാപിതാക്കളുടെ വറ്റാത്ത കണ്ണീരാണ് അതിന്‍റെ ഫലം. അടുത്തയിടെ പടുവൃദ്ധയായ തന്റെ മാതാവിനെ ഒരു മകൾ ക്രൂരമായി മർദ്ദിക്കുന്ന ചിത്രം കണ്ടതോര്‍ക്കുന്നു. മറ്റു മക്കള്‍ ജീവിച്ചിരിപ്പുണ്ട്. അവരെല്ലാവരും തരക്കേടില്ലാത്ത സാമ്പത്തികനിലയിലുമാണ്. മറ്റൊരമ്മയെ യാത്രക്കിടയിൽ പരിചയപ്പെടാനിടയായി. ആ അമ്മ തനിയെ യാത്രചെയ്യുന്നതു കണ്ടപ്പോള്‍ വിവരങ്ങള്‍ ചോദിച്ചുപോയതാണ്. സന്ധ്യകഴിഞ്ഞിരുന്നു. ഈ ട്രെയിന്‍ അര്‍ധരാത്രിയോടടുക്കുമ്പോള്‍ ഗുരുവായൂര്‍ സ്റ്റേഷനിലെത്തും. അവിടെയാണ് ആ അമ്മയ്ക്ക് ഇറങ്ങേണ്ടത്. പിന്നെ ആ അമ്മ തനിച്ചല്ല. തന്നെപ്പോലെയുള്ള നൂറുകണക്കിനു അമ്മമാരും അപ്പന്മാരും അവിടെ താമസിക്കുന്നുണ്ടെന്നാണ് ആ മാതാവ് പറഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. ക്രിസ്ത്യാനികളുടെ ഇടയില്‍ ഇത്തരം നടപടികള്‍ ഇല്ലെന്നു പറയാന്‍ നമുക്കാകുമോ? ജോലിസംബന്ധമായും മറ്റ് അസൗകര്യങ്ങള്‍ മൂലവും മാതാപിതാക്കളെ ഒഴിവാക്കുന്ന എത്രയോ മക്കളെ നമുക്കറിയാം. മാതാപിതാക്കളുടെ കണ്ണുനീര്‍ അത്തരക്കാര്‍ക്ക് ഒരിക്കലും ഗുണമാകാന്‍ സാധ്യതയില്ല. തിരുവചനം പറയുന്നതുപോലെ, "മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍... നിനക്കു നന്മയുണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസോടിരിപ്പാനും നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക" (എഫെ. 6: 2,3) തുടങ്ങി നിരവധി വാക്യങ്ങള്‍ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്‍റെയും അവരെ ബഹുമാനിക്കേണ്ടതിന്‍റെയും നിര്‍ദേശങ്ങളായി തിരുവചനത്തിലുടനീളം കാണാം. അവര്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരായിരിക്കാം. ഇന്നത്തെ നിങ്ങളുടെ സാമ്പത്തികനിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ അവര്‍ തീരെ വിലകുറഞ്ഞവരായിരിക്കാം. പക്ഷെ, അവരാണു നിങ്ങളുടെ സര്‍വനന്മയ്ക്കും ആധാരമായിത്തീര്‍ന്നവര്‍. മാതാപിതാക്കളെ സംരക്ഷിക്കേണ്ടതു മക്കള്‍ തന്നെയാണ്. അതിനുവേണ്ടി സ്വന്തം ജീവനും ഉദ്യോഗവും ത്യജിച്ച് സ്നേഹത്തോടും കരുതലോടുംകൂടി ജീവിതാന്ത്യംവരെ അവരെ സന്തോഷഭരിതരാക്കി നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ചില വിശ്വാസികളായ കുടുംബങ്ങളെ നമുക്കറിയാം. അങ്ങനെയുള്ളവര്‍ക്കു ഭൂമിയില്‍ എന്തെങ്കിലും നന്മയുണ്ടായിട്ടുണ്ടെങ്കില്‍ അതു മാതാപിതാക്കളെ സംരക്ഷിച്ചതിനു ദൈവം അവര്‍ക്കു നല്‍കിയ പ്രതിഫലമായി വേണം കരുതാന്‍.
മാതൃദിനമോ, പിതൃദിനമോ അല്ല നമ്മെ നയിക്കേണ്ടത്. സ്നേഹമുള്ള ഹൃദയം നമ്മുടെ മുഖ്യഘടകമായിരിക്കണം. ശിശുപ്രായം മുതല്‍ നമ്മെ ഓമനിച്ചുവളര്‍ത്തിയ, നമ്മുടെ താഴ്ചകളിലും വീഴ്ചകളിലും നമ്മെ താങ്ങിയെടുത്ത് ആശ്വസിപ്പിച്ച നമ്മുടെ സന്തോഷത്തിനുവേണ്ടി അവരുടെ ദുഃഖങ്ങളെ മറന്നുകളഞ്ഞ ആ മാതാപിതാക്കള്‍ അവര്‍ ആരായിരുന്നാലും ബഹുമാനിക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാണ്. നമുക്കു പിന്‍പേ വരുന്ന തലമുറ അതു കണ്ടുവേണം പഠിച്ചുവളരാന്‍. അല്ലെങ്കില്‍ ഓരോരുത്തരും ചെയ്തതിനു തക്കവിധവും അതിലധികവും പ്രതീക്ഷിക്കാം. തിരുവചനം പറയുന്നു: "മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക; നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക. നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. എല്ലാ അമ്മമാർക്കും അവരുടെ മക്കൾക്കും അനുഗ്രഹപൂർണമായ ഒരു പുതുവർഷം ആശംസിക്കുന്നു.
Advertisement