മണിപ്പുരിൽ ക്രമസമാധാനം തകർന്നു : സുപ്രീം കോടതി

മണിപ്പുരിൽ ക്രമസമാധാനം തകർന്നു : സുപ്രീം കോടതി

മണിപ്പൂർ: മണിപ്പുരിൽ നിയമ വ്യവസ്ഥയും ക്രമസമാധാനവും തകർന്നതായി സുപ്രീം കോടതി. 6500 - ൽ അധികം എഫ്. ഐ ആർ റെജിസ്റ്റർ ചെയ്തിട്ടും ഏതാനും പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നത് കോടതിയെ വിസ്മയിപ്പിച്ചു. ഇത്രയധികം കലാപങ്ങൾ ഉണ്ടായിട്ടും നിയമവ്യവസ്ഥയും ക്രമസമാധാനവും പാലിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പദ്വാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ആണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.

പീഡനത്തിന് ഇരയായ പെൺകുട്ടികളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്ത പോലീസ് കാർക്കേതിരെ എന്ത് നടപടി എടുത്തു എന്നും കോടതി ചോദിച്ചു.

6500 കേസുകളുടെ അന്വേഷണം സി ബി ഐക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും എന്നാൽ 6500 കേസുകൾ ആരൊക്കെ അന്വേഷിക്കുമെന്നും, എങ്ങനെയൊക്കെ അന്വേഷണം നടത്തുമെന്നും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

സുപ്രീം കോടതിയുടെ മുൻ ഉത്തരവ് അനുസിച്ച് പതിനൊന്ന് കേസുകളുടെ അന്വേഷണം സി ബി ഐക്ക് വിടുമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞിട്ടുണ്ടെന്നും അതിൽ രണ്ട് കേസുകൾ നിലവിൽ നൽകിയതായും കോടതി വ്യക്തമാക്കി.

പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ കോടതി എഫ് ഐ ആർ തയ്യാറാക്കുന്നതിൽ കാലതാമസം വരുത്തിയെന്നും ഇതിൻ്റെയെല്ലാം പൂർണ്ണമായ വിശദീകരണം ഡി ജി പി അടുത്ത വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് കോടതിയിൽ വ്യക്തമാക്കണമെന്നും അറിയിച്ചു.

മണിപ്പുരിൽ കലാപങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. അവിടെ കൊല്ലപ്പെട്ടവരും പീഡനത്തിന് ഇരയായവരും നമ്മുടെ സഹോദരങ്ങൾ ആണെന്ന് പറഞ്ഞ കോടതി അതുകൊണ്ട് ഇക്കാര്യത്തിൽ ശരിയായത് ചെയ്യണമെന്ന് നിർദേശിച്ച ചീഫ് ജസ്റ്റിസ്, ഹൈക്കോടതി മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അറിയിച്ചു. ഇനി അടുത്ത തിങ്കളാഴ്ച കോടതി കേസുകൾ വീണ്ടും പരിഗണിക്കും.

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന