ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ: പരാതി സ്വീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ: പരാതി സ്വീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് ക്രൈസ്തവസംഘടനകളുടെ കൂട്ടായ്മ നൽകിയ പരാതി സ്വീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ഡൽഹി അതിരൂപതയിലെ കാതലിക് അസോസിയേഷനുകളുടെ ഫെഡറേഷനാണ് പരാതിനൽകിയത്. വിഷയം പരിശോധിക്കാൻ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയെ നിയോഗിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചെന്ന് ഫെഡറേഷൻ പ്രസിഡന്റ് എ.സി. മൈക്കിൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയസന്ദർശനവേളയിലായിരുന്നു സംഘടന പരാതിനൽകിയത്.

മതപരിവർത്തന നിയമത്തിന്റെപേരിൽ ക്രൈസ്തവവിശ്വാസികളെ വ്യാജകേസുകളിൽ കുടുക്കി ജയിലിലടയ്ക്കുന്ന സ്ഥിതിയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയിലെ മതസ്വാതന്ത്ര്യ നിയമത്തിന് വിരുദ്ധമാണ് മതപരിവർത്തനം വിലക്കുന്ന നിയമങ്ങൾ.

ഭരണഘടനാ സംരക്ഷണമുണ്ടെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുനേരെ ആൾക്കൂട്ട ആക്രമണമുണ്ടാകുന്നു. ദളിത് ക്രൈസ്തവർക്ക് സംവരണം അനുവദിക്കണമെന്നും തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നശേഷം ക്രൈസ്തവവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവെന്നത് യാഥാർഥ്യമാണെന്ന് എ.സി. മൈക്കിൾ പറഞ്ഞു.