ഡൽഹിയിൽ പ്രാർത്ഥന കൂട്ടായ്മക്കെതിരെ അക്രമണം: അഞ്ച് പേർക്ക് പരിക്ക്

ഡൽഹിയിൽ പ്രാർത്ഥന കൂട്ടായ്മക്കെതിരെ അക്രമണം: അഞ്ച് പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സീയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയാണ് ആക്രമണം നടന്നത്. ഏതാണ്ട് നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ “ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും'', ''ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് കൂട്ടായ്മയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തിയെന്നും വചനപ്രഘോഷകനായ സത്പാല്‍ ഭട്ടി പറഞ്ഞു. യാതൊരു പ്രശ്നവും കൂടാതെ കഴിഞ്ഞ 13 വര്‍ഷങ്ങളായി സത്പാല്‍ ഭട്ടി നടത്തിവരുന്ന ഭവനദേവാലയമാണ് സീയോന്‍ പ്രാര്‍ത്ഥനാഭവന്‍. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ താനും സഞ്ചയ് മക്ഗീ എന്ന തന്റെ സഹപ്രവര്‍ത്തകനും കൂടിയാണ് പരിക്കേറ്റ മൂന്ന്‍ സ്ത്രീകളെ ആശുപത്രിയില്‍ എത്തിച്ചതെന്നു ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഉത്തര്‍പ്രദേശില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ മീനാക്ഷി സിംഗ് പറഞ്ഞു.