ഒറ്റദിവസം, നശിപ്പിച്ചത് 2,400 കോടിയുടെ ലഹരിമരുന്ന്

ഒറ്റദിവസം, നശിപ്പിച്ചത് 2,400 കോടിയുടെ ലഹരിമരുന്ന്

ന്യൂഡൽഹി: രാജ്യത്തുടനീളം വിവിധ ഭാഗങ്ങളിൽ ദേശീയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും പിടിച്ചെടുത്ത 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലായിരുന്നു നടപടി. അദ്ദേഹം വെർച്വലായാണ് പങ്കെടുത്തത്.

മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡൽഹിയിൽ നടന്ന മേഖലാസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോലഹരിവസ്തുക്കളാണ് നശിപ്പിച്ചത്.

എൻ.സി.ബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ, ഇന്ദോർ യൂണിറ്റ് 822 കിലോ, ജമ്മു യൂണിറ്റ് 356 കിലോ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.

അസമിൽ 1,486 കിലോ, ചണ്ഡിഗഢിൽ 229 കിലോ, ഗുജറാത്തിൽ 4,277 കിലോ, ഹരിയാനയിൽ 2,458 കിലോ, ജമ്മു കശ്മിരിൽ 4,069 കിലോ, മധ്യപ്രദേശിൽ 1,03,884 കിലോ, മഹാരാഷ്ട്രയിൽ 159 കിലോ, ത്രിപുരയിൽ 1,803 കിലോ, ഉത്തർപ്രദേശിൽ 4,049 കിലോ ലഹരിവസ്തുക്കളാണ് എൻ.സി.ബി. നശിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലായ് 15 വരെ ഏകദേശം 9,580 കോടി രൂപയുടെ 8,76,544 കിലോയോളം വരുന്ന പിടിച്ചെടുത്ത ലഹരിമരുന്നുകൾ നശിപ്പിച്ചിട്ടുണ്ട്.