ഹിന്ദി സിനിമയ്ക്ക് ഇസ്രായേൽ എംബസിയുടെ വിമർശനം

ഹിന്ദി സിനിമയ്ക്ക്  ഇസ്രായേൽ എംബസിയുടെ വിമർശനം

പ്രകാശ് പി കോശി

നാസി ജർമനിയിൽ യഹൂദരും മറ്റു ന്യൂനപക്ഷങ്ങളും കടന്നുപോയ ഹോളോക്കോസ്റ്റിനെ (തീച്ചൂള) നിസ്സാരമാക്കിയതിന് ഇന്ത്യയിലെ ഇസ്രായേൽ എംബസി "ബവാൽ" എന്ന ബോളിവുഡ് സിനിമയ്ക്കെതിരെ പ്രതിഷേധം ഉന്നയിച്ചു. ജൂലൈ 28-ന് ട്വീറ്റ് ചെയ്ത പ്രസ്താവനയിൽ എംബസി അധികൃതർ പറഞ്ഞു, "സിനിമയിലെ ചില പദപ്രയോഗങ്ങളുടെ ഉപയോഗം ഒരു മോശമായ തിരഞ്ഞെടുപ്പായിരുന്നു. തെറ്റായ ഉദ്ദേശങ്ങൾ ഒന്നും ഞങ്ങൾ അതിൽ കാണുന്നില്ലെങ്കിലും, ഹോളോക്കോസ്റ്റിന്റെ ഭീകരതയെപ്പറ്റി പൂർണ്ണമായും അറിയാത്തവർ, അതിനെപ്പറ്റി സ്വയം പഠിക്കാൻ ഞങ്ങൾ എല്ലാവരെയും ഉത്ബോധിപ്പിക്കുന്നു." ഒരു ചരിത്രദുരന്തത്തെ നിസ്സാരവൽക്കരിച്ചത് അതൃപ്തിയ്ക്ക് കാരണമാകുന്നെന്ന് അവർ പറഞ്ഞു.

സിനിമയിലെ ചില രംഗങ്ങൾ ഹോളോക്കോസ്റ്റ് പശ്ചാത്തലമായി ചിത്രീകരിച്ചതും "എല്ലാ ബന്ധങ്ങളും അവരുടേതായ ഓഷ്വിറ്റ്സിലൂടെ കടന്നുപോകുന്നു" എന്ന സംഭാഷണം സിനിമയിൽ ഉൾപ്പെടുത്തിയതും ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു സാഹചര്യത്തെ ലാഘവത്തോടെ എടുത്തതിന്റെ തെളിവാണെന്ന് വിമർശകർ കുറ്റപ്പെടുത്തി.

ഇസ്രായേൽ എംബസിയ്ക്ക് പുറമേ പ്രമുഖ യഹൂദ മനുഷ്യാവകാശ സംഘടന 'ദ സൈമൺ വൈസന്റൽ സെന്റർ' അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. ജനലക്ഷങ്ങളുടെ യാതനയും വ്യവസ്ഥാപിത കൊലപാതകവും സിനിമ തുച്ഛമാക്കിയെന്ന് അവർ പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന ഒറ്റിറ്റി പ്ലാറ്റഫോമിനോട് അത് എടുത്തുമാറ്റാനും അവർ ആവശ്യപ്പെട്ടു.

"ഓഷ്വിറ്റ്സ് ഒരു പ്രതീകമല്ല. തിന്മ ചെയ്യാനുള്ള മനുഷ്യന്റെ പ്രാപ്തിയുടെ ഏറ്റവും മികച്ച ഉദാഹരണമാണിത്. "എല്ലാ ബന്ധങ്ങളും അവരുടേതായ ഓഷ്വിറ്റ്സിലൂടെ കടന്നുപോകുന്നു" എന്ന് സിനിമയുടെ നായകനെക്കൊണ്ട് പറയിപ്പിക്കുന്നതിലൂടെ സംവിധായകൻ നിതേഷ് തിവാരി, ഹിറ്റ്ലരുടെ വംശശുദ്ധീകരണ സർക്കാരിന്റെ കൈകളാൽ ഒടുങ്ങിപ്പോയ 60 ലക്ഷം യഹൂദരുടെയും മറ്റു ലക്ഷക്കണക്കിന് മനുഷ്യരുടെയും ഓർമ്മയെ നിസ്സാരമാക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്നു. നാസി മരണ ക്യാമ്പിൽ ഒരു ഭാവനാവിലാസം ചിത്രീകരിച്ചത് സിനിമയ്ക്ക് വ്യാപകമായ പ്രചാരം ലഭിക്കാനുള്ള ഉദ്ദേശമായിരുന്നെങ്കിൽ, നിർമ്മാതാകൾക്ക് അത് ലഭിച്ചിരിക്കുന്നു. അതിന്റെ പ്രദർശനം ഒറ്റിറ്റി പ്ലാറ്റഫോം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക", ഒരു തുറന്ന കത്തിൽ ദ സൈമൺ വൈസന്റൽ സെന്ററിന്റെ വക്താവ് റബ്ബി അബ്രഹാം കൂപ്പർ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനാപതി നവോർ ഗിലോൺ ട്വീറ്റിലൂടെ പറഞ്ഞത്, അതിലെ രംഗങ്ങളും, നാസിപീഡനത്തെ പുനർചിത്രീകരിച്ചതും അസ്വസ്ഥതയുളവാക്കുന്നു എന്നാണ്.

"ഞങ്ങളുടെ എംബസി ഈ പ്രധാനപ്പെട്ട വിഷയത്തെപ്പറ്റി പഠിപ്പിക്കുന്ന വസ്തുതകൾ പ്രചരിപ്പിക്കാൻ തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹോളോക്കോസ്റ്റിൽ നിന്ന് പഠിച്ച സാർവ്വത്രിക പാഠങ്ങളെപ്പറ്റി ശരിയായ ധാരണ വളർത്തിയെടുക്കാൻ എല്ലാ വ്യക്തികളുമായും തുറന്ന സംഭാഷണത്തിൽ ഏർപ്പെടാൻ ഞങ്ങൾക്ക് തുറന്ന മനസ്ഥിതിയാണുള്ളത്." ഇസ്രായേൽ എംബസി ഒരു ട്വീറ്റിൽ പറഞ്ഞു. പിറ്റിഐ സിനിമ സംവിധായകനെയും ഒറ്റിറ്റി പ്ലാറ്റഫോം വക്താക്കളെയും ഈ വിഷയത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ പ്രതികരിച്ചില്ല.