ഏകീകൃത സിവിൽ കോഡ് അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

ഏകീകൃത സിവിൽ കോഡ് അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമീഷനും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ.