മണിപ്പൂരിലെ കലാപത്തിന് കാരണമായ വിവാദ ഉത്തരവ് തിരുത്തി ഹൈക്കോടതി

മണിപ്പൂരിലെ കലാപത്തിന് കാരണമായ വിവാദ ഉത്തരവ് തിരുത്തി ഹൈക്കോടതി

മണിപ്പൂർ : മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള 2023ലെ ഉത്തരവ് ഭേദഗതി ചെയ്ത് മണിപ്പൂർ ഹൈക്കോടതി.

വിവാദ ഉത്തരവിലെ പാരഗ്രാഫ് 17(3) എന്ന ഭാഗമാണ് ഇപ്പോള്‍ ഹൈക്കോടതി നീക്കം ചെയ്തത്. ഉത്തരവിനെ ചൊല്ലി മണിപ്പൂരില്‍ കലാപം ഉടലെടുത്തിരുന്നു. മെയ്തേയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ ഇരുന്നൂറോളം പേരായിരുന്നു കൊല്ലപ്പെട്ടത്.

2023 മാര്‍ച്ച്‌ 27 ലെ ഉത്തരവിന്റെ ഒരു ഖണ്ഡിക കോടതി ഒഴിവാക്കി. തീരുമാനം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗോല്‍മിയുടെ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ വേഴ്‌സസ് മിലിന്ദ് കേസ് ചൂണ്ടിക്കാട്ടിയിരുന്നു കോടതിയുടെ വിധി. മഹാരാഷ്ട്ര സര്‍ക്കാര്‍ വേഴ്‌സസ് മിലിന്ദ് ഉള്‍പ്പെടെയുള്ളവരുടെ കേസില്‍, കോടതികള്‍ക്ക് പട്ടികവര്‍ഗ പട്ടിക ഭേദഗതി ചെയ്യാനോ മാറ്റാനോ കഴിയില്ലെന്നായിരിന്നു സുപ്രീം കോടതി പറഞ്ഞത് .'ഇക്കാരണത്താല്‍ കോടതി പഴയ തീരുമാനത്തില്‍ ഭേദഗതി വരുത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഖണ്ഡിക 17(3) പ്രകാരം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതാക്കുകയാണ്', ജസ്റ്റിസ് ഗോല്‍മിയുടെ ബെഞ്ച് വ്യക്തമാക്കി.

മെയ്‌തേയ് വിഭാഗത്തിന് ഗോത്രപദവി നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് 2023 മാർച്ച്‌ 27 ന് ആയിരുന്നു ഹൈക്കോടതി പുറപ്പെടുവിച്ചത്. അന്നത്തെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരനായിരുന്നു വിധി പ്രസ്താവിച്ചത്. ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. മെയ്തേയ് വിഭാഗത്തിന് ഗോത്ര പദവി നല്‍കുന്നത് തങ്ങളുടെ അവകാശങ്ങള്‍ കൂടി ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കുക്കി വിഭാഗങ്ങള്‍ പ്രതിഷേധിച്ചത്. ഇത് വലിയ സംഘർഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുകയായിരുന്നു. കലാപത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം വിവാദ ഉത്തരവിനെതിരെ നേരത്തേ കുക്കി വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജിയില്‍ ഹൈക്കോടതി വിധിക്കെതിരെ കടുത്ത ഭാഷയിലായിരുന്നു സുപ്രീം കോടതി പ്രതികരിച്ചത്. ഹൈക്കോടതി വിധി തീർത്തും തെറ്റാണെന്നും ഉത്തരവ് റദ്ദ് ചെയ്യേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

'ജസ്‌റ്റിസ് മുരളീധരന് തന്റെ തെറ്റ് തിരുത്താൻ ഞങ്ങള്‍ സമയം നല്‍കി. എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ല. ഇനി അതിനെതിരെ ശക്തമായ നിലപാടെടുക്കണം. ഹൈക്കോടതി ജഡ്ജിമാർ ഭരണഘടനാ ബെഞ്ചിൻ്റെ വിധികള്‍ പാലിക്കുന്നില്ലെങ്കില്‍ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്', എന്നായിരുന്നു കോടതി ചോദിച്ചത്. അതേസമയം കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലായിരുന്നതിനാല്‍ അന്ന് ഉത്തരവ് റദ്ദ് ചെയ്യാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല.