ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുത് : ഇരിഞ്ഞാലക്കുട രൂപത

ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുത് : ഇരിഞ്ഞാലക്കുട രൂപത

ഇംഗ്ലണ്ടിൽ പള്ളി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്, ഒരാളും പോകുന്നില്ല - എം.വി.ഗോവിന്ദൻ

ഇരിങ്ങാലക്കുട: ഇംഗ്ലണ്ടിൽ പള്ളി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപതയും. ക്രൈസ്തവരെ അവഹേളിച്ച ഗോവിന്ദൻ മാപ്പുപറഞ്ഞ് പരാമർശം പിൻവലിക്കണമെന്ന് പാസ്റ്റാൽ കൗൺസിൽ പുറത്തിറക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സഭയുടെ അവസ്ഥയെപ്പറ്റിയല്ല,കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടത്. ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും പ്രമേയം മുന്നറിയിപ്പ് നല്കി.

തിരുവല്ല : ക്രൈസ്തവ സമൂഹത്തെയും വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അപലപനീയവും ദുരുദ്ദേശപരവുമാണെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ്.

സോവിയറ്റ് റഷ്യയിലും കിഴക്കൻ യൂറോപ്പിലാകമാനവും പാർട്ടി ഓഫീസുകൾ ബാറുകളായി മാറി. കൊൽക്കത്തയിലും ത്രിപുരയിലും അവ ഹോട്ടലുകളായി. കമ്യൂണിസ്റ്റു ഭരണത്തിൽ തകർന്നടിഞ്ഞ ബംഗാളും ലോകത്ത് അന്യംനിന്നുകൊണ്ടിരിക്കുന്ന കമ്യൂണിസവും പാർട്ടി സെക്രട്ടറി മറന്നു.

മത വിശ്വാസത്തിന്റെ കാര്യത്തിലും ഇരട്ടത്താപ്പാണ് പാർട്ടി സ്വീകരിക്കുന്നതെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് സംസ്ഥാന സമിതി പ്രസ്ഥാവനയിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, ട്രഷറാർ റവ. എൽ.ടി. പവിത്ര സിംഗ്, ഫാ.പി.എ. ഫിലിപ്പ്, ഫാ. ബന്യാമിൻ ശങ്കരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം തയാറാകണം. ഈ നാട്ടിൽ വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊ ക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാകില്ലെന്ന സത്യം മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നു പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്

തളിപ്പറമ്പ്: പൗരൻമാർക്ക് 18 വയസ്സാകുമ്പോഴേക്ക് സ്വന്തമായി ജീവിക്കാൻ ബ്രിട്ടീഷ് സംസ്‌കാരം പഠിപ്പിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 17, 18 വയസ്സാകുമ്പോഴേക്കും എന്തെങ്കിലും ജോലിതേടണം. അതിനാൽ ബ്രിട്ടീഷ് സംസ്‌കാരം തകർന്നുപോയിട്ടില്ല- അദ്ദേഹം പറഞ്ഞു.

പള്ളികളിലൊന്നും ഒരാളും പോകുന്നില്ല. അവിടെയുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും പോകുന്നില്ല. പള്ളി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ആറ്‌-ആറരക്കോടിയാണ് ഒരു പള്ളിക്ക് വില. ചെറിയ പള്ളിയാണ്. നമ്മുടെ കേരളത്തിൽനിന്നുപോയ ഒരു വലിയ വിഭാഗമുണ്ട്. ഇവർക്കല്ലാം ഓരോ പള്ളിവേണം.

ശമ്പളം കൂടുതൽ വേണമെന്നുപറഞ്ഞ് അച്ചൻമാർ സമരംതുടങ്ങി. കന്യാസ്ത്രീകളുടെ പ്രവർത്തനം ജോലിപോലെതന്നെയാണ്. ജോലിക്ക് പോകുമ്പോൾ കന്യാസ്ത്രീവേഷത്തിൽ. ജോലികഴിഞ്ഞുവരുമ്പോൾ സാധാരണ വേഷത്തിൽ. സമൂഹികജീവിതത്തിൽ വരുന്ന മാറ്റമാണിത്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പുതുക്കിപ്പണിത ഹാൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം.വി. ഗോവിന്ദൻ ഇംഗ്ലണ്ട് യാത്രാനുഭവം പങ്കുവെച്ചത്.

Advertisement