വീട്ടിൽ യേശുവിൻ്റെ ചിത്രം പ്രദർശിപ്പിച്ചാൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് അർത്ഥമാക്കുന്നില്ല: ബോംബെ ഹൈക്കോടതി

വീട്ടിൽ യേശുവിൻ്റെ ചിത്രം പ്രദർശിപ്പിച്ചാൽ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് അർത്ഥമാക്കുന്നില്ല:  ബോംബെ ഹൈക്കോടതി

മുംബൈ : വീട്ടിൽ യേശുക്രിസ്തുവിന്റെ ഫോട്ടോ ഉള്ളതുകൊണ്ട് മാത്രം ഒരാൾ ക്രിസ്തുമതം സ്വീകരിച്ചതായി അർത്ഥമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്.

അമരാവതി ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ കമ്മിറ്റി 2022 സെപ്തംബറിൽ തന്റെ ജാതി 'മഹർ' എന്ന് അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 17 കാരിയായ പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ പൃഥ്വിരാജ് ചവാൻ, ഊർമിള ജോഷി ഫാൽക്കെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഒക്ടോബർ 10ന് വിധി പുറപ്പെടുവിപ്പിച്ചത്.

“വീട്ടിൽ യേശുക്രിസ്തുവിന്റെ ഫോട്ടോ ഉള്ളതുകൊണ്ട് മാത്രം ഒരു വ്യക്തി സ്വയം ക്രിസ്ത്യാനിയായി മാറിയെന്ന് അർത്ഥമാക്കുമെന്ന് വിവേകമുള്ള ആരും അംഗീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല,”, കോടതി പറഞ്ഞു.

"സ്നാനം എന്നത് ഒരു ക്രിസ്ത്യൻ കൂദാശയാണ്, അതിലൂടെ ഒരാളെ പള്ളിയിൽ സ്വീകരിക്കുകയും ചിലപ്പോൾ ഒരു പേര് നൽകുകയും ചെയ്യുന്നു. സാധാരണയായി ക്രിസ്ത്യാനിയാകാൻ വെള്ളത്തിൽ സ്നാനം ചെയ്യുകയോ, മുങ്ങുകയോ ചെയ്യേണ്ടതാണ്," എന്നും വിധിയിൽ കോടതി ചൂണ്ടി കാണിച്ചു .

വിജിലൻസ് സെൽ ഓഫീസർ, ഹർജിക്കാരന്റെ വീട് സന്ദർശിച്ചപ്പോൾ,  യേശുക്രിസ്തുവിന്റെ ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതിനാൽ, ഹർജിക്കാരന്റെ കുടുംബം ക്രിസ്ത്യൻ മതം സ്വീകരിച്ചെന്ന് അദ്ദേഹം കരുതിയതാണ  എന്നും ഹൈക്കോടതി പറഞ്ഞു.

സൂക്ഷ്മ പരിശോധനാ കമ്മറ്റിയുടെ ഉത്തരവ് റദ്ദാക്കിയ ബെഞ്ച്, രണ്ടാഴ്ചയ്ക്കകം 'മഹർ' (പട്ടികജാതി) വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ഹർജിക്കാരന് ജാതി സാധുത സർട്ടിഫിക്കറ്റ് നൽകാനും നിർദ്ദേശിച്ചു.

Advertisement