'മണിപ്പൂര്‍ മാധ്യമങ്ങള്‍ ഒരു വിഭാഗത്തോടൊപ്പം നിന്നു' ; അന്വേഷണ റിപ്പോര്‍ട്ടുമായി എഡിറ്റേഴ്സ് ഗില്‍ഡ്

'മണിപ്പൂര്‍ മാധ്യമങ്ങള്‍ ഒരു വിഭാഗത്തോടൊപ്പം നിന്നു' ; അന്വേഷണ റിപ്പോര്‍ട്ടുമായി എഡിറ്റേഴ്സ് ഗില്‍ഡ്

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മെയ്‌തെയ് വിഭാഗത്തിന് അനുകൂലമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അസം റൈഫിള്‍സിനെ ലക്ഷം വെച്ചുള്ള നിരവധി വ്യാജ വാര്‍ത്തകളും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്നു. സേനക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന വാര്‍ത്തകളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി എഡിറ്റേഴ്സ് ഗില്‍ഡ് പറയുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതായും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

ന്യൂനപക്ഷ സമുദായമായ കുകി വംശജര്‍ക്ക് എതിരെയുളള മെയ്തികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഏകപക്ഷയീമായാണ് വാര്‍ത്തകള്‍ പുറത്തുവിട്ടതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ്ങിനൊപ്പം ഇന്റര്‍നെറ്റ് നിരോധനവും കൂടിയായപ്പോള്‍ കലാപം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ സംസ്ഥാനത്തിന് പുറത്തെ മാധ്യമപ്രവര്‍ത്തകരിലേക്ക് എത്തുന്നത് പോലും തടസപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാകാനും ഇത് ഇടയാക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വംശീയ കലാപം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിലും മാധ്യമപ്രവര്‍ത്തകര്‍ വെല്ലുവിളികള്‍ നേരിട്ടതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് തടയാൻ ഇൻറര്‍നെറ്റ് നിരോധനം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും ഇജിഐ കുറ്റപ്പെടുത്തുന്നു.

Advertisement