നേപ്പാൾ വിമാനദുരന്തത്തിൽ മരിച്ചവരിൽ കേരളത്തിൽ നിന്ന് മടങ്ങിയ മൂന്ന് മിഷണറിമാരും

നേപ്പാൾ വിമാനദുരന്തത്തിൽ മരിച്ചവരിൽ കേരളത്തിൽ നിന്ന് മടങ്ങിയ മൂന്ന് മിഷണറിമാരും

മോൻസി മാമ്മൻ, തിരുവനന്തപുരം

പത്തനംതിട്ട: നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട ആനിക്കാട്ട് നിന്നുപോയ മൂന്ന് നേപ്പാള്‍ മിഷനറിപ്രവർത്തകരും.

അപകടത്തിൽ മരിച്ച മിഷണറിമാർ സഹപ്രവർത്തകരോടൊപ്പം എടുത്ത അവസാന ചിത്രം

നേപ്പാളില്‍ സുവിശേഷ പ്രവര്‍ത്തകനായിരുന്ന ആനിക്കാട് സ്വദേശി സുവിശേഷകൻ മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് അഞ്ചംഗ സംഘം നേപ്പാളില്‍ നിന്ന് കേരളത്തില്‍ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംസ്‌കാര ചടങ്ങ്. ഇതില്‍ മുഴുനീളം പങ്കെടുത്ത സംഘം നേപ്പാളിലുള്ള സ്വദേശത്തേയ്ക്ക് മടങ്ങവേയാണ് അപകടത്തില്‍പ്പെട്ടത്.

റാബില്‍ ഹമല്‍, അനില്‍ ഷാഹി, രാജു ടക്കൂരി എന്നിവരാണ് ദുരന്തത്തിന് ഇരയായത്. ഇതില്‍ രണ്ടുപേര്‍ അപകടത്തിന് തൊട്ടുമുന്‍പ് കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത് മൂലം രക്ഷപ്പെട്ടു.

നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ രണ്ടു പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നു.പൊഖാറ വിമാനത്താവളത്തിന് സമീപം 72 സീറ്റുള്ള യതി എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നേപ്പാളില്‍ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

Advertisement