ഡോ. ഓമന റസലിന്റെ പുതിയ പരിഭാഷ 'വാനിയ'- റഷ്യൻ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര ; അടുത്ത ആഴ്ച പുറത്തിറങ്ങും

ഡോ. ഓമന റസലിന്റെ പുതിയ പരിഭാഷ  'വാനിയ'- റഷ്യൻ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര ; അടുത്ത ആഴ്ച പുറത്തിറങ്ങും

റഷ്യൻ പട്ടാളത്തിൽ സഹപ്രവർത്തകരോട് സുവിശേഷം പങ്കുവച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച "വാനിയ"യുടെ ഹൃദയസ്പൃക്കായ ജീവചരിത്രം അടുത്ത ആഴ്ച പുസ്തക രൂപേണ പുറത്തിറങ്ങുന്നു. മിർന ഗ്രാന്റാണ് പുസ്തകത്തിന്റെ രചയിതാവ്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഓമന റസ്സൽ ആണ്.

വാനിയാ

വാനിയാ എന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ഓമനപ്പേര്‍ ചൊല്ലി വിളിച്ച് ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ഐവാന്‍ വാസിലിവിച്ച് മോയ്‌സേവ് എന്ന പട്ടാളക്കാരനെ സുവിശേഷപ്രചരണം നടത്തിയതിന്റെ പേരില്‍ സോവിയറ്റ് റെഡ് ആര്‍മി അതിക്രൂരമായി പീഡിപ്പിക്കുകയും, തടവിലാക്കുകയും, നിഷ്‌കരുണം കൊന്നുകളയുകയും ചെയ്ത ഹൃദയസ്പര്‍ശിയായ സംഭവ കഥയാണിത്. 

മിര്‍ണ ഗ്രാന്റ് എഴുതിയ വാനിയാ എന്ന പുസ്തകം ഒരു തുള്ളി കണ്ണീരോടെയല്ലാതെ വായിച്ചു തീര്‍ക്കാനാവില്ല. ഈ രക്തസാക്ഷിത്വം അനേകരെ ഇന്നും രൂപാന്തരപ്പെടുത്തുന്നു. വാനിയായുടെ ധീരമായ വിശ്വാസം അനേകരെ ഇന്നും എന്നും പ്രചോദിപ്പിക്കുന്നു.

1970-കളില്‍ സോവിയറ്റ് യൂണിയനില്‍ പ്രധാനമന്ത്രിയായി ബ്രഷ്‌നേവ് അധികാരത്തിലിരിക്കുന്ന കാലത്താണ് മോള്‍ഡാവിയായില്‍ നിന്നും ബാപ്റ്റിസ്റ്റായ വാനിയാ ചുവപ്പ് സേനയില്‍ അംഗമാകുന്നത്. 

സോവിയറ്റ് ചെമ്പടയില്‍ നല്ലൊരു പട്ടാളക്കാരനായി സേവനം ചെയ്യുക, അതോടൊപ്പം ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുന്ന നല്ലൊരു ക്രിസ്ത്യാനിയായിരിക്കുക ഇതായിരുന്നു പതിനെട്ടുകാരനും സുന്ദരനുമായ വാനിയായുടെ ആഗ്രഹം. സഭാംഗങ്ങളും മാതാപിതാക്കളും സഹോദരന്മാരും ചേര്‍ന്ന് അവനെ യാത്രയാക്കി. പട്ടാള പരിശീലനത്തിലെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായുള്ള ഇടം തേടിയ വാനിയാ പട്ടാള അധികാരികളുടെ ശിക്ഷാനടപടികള്‍ക്ക് വിധേയനായി. ക്രിസ്തുവിനെക്കുറിച്ച് സഹസൈനികരോടു സംസാരിച്ചതിനു വാനിയായെ സൈനീകാധികാരികള്‍ മാറി മാറി വിവിധ ശിക്ഷാമുറകളാല്‍ പീഢിപ്പിച്ചു.

മുട്ടില്‍ ഇഴഞ്ഞ് ഡൈനിംങ് ഹാളും ഇടനാഴിയും വൃത്തിയാക്കേണ്ടിവന്നു. 25 ഡിഗ്രി തണുപ്പില്‍, ലോലമായ വേനല്‍ക്കാല വസ്ത്രമണിഞ്ഞ് ഒരു രാത്രി മുഴുവന്‍ നില്‍ക്കേണ്ടതായി വന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചോദ്യം ചെയ്യലുകള്‍. 

അതോടൊപ്പം ശിക്ഷാമുറകളും പ്രയോഗിച്ചിരുന്നു. അഞ്ചു ദിവസം ജലപാനം നല്കാതെ പട്ടിണിക്കിട്ടു. കൊടും കുറ്റവാളികളെ കിടത്തുന്ന, നിവര്‍ന്ന് നില്ക്കാനുള്ള ഉയരമില്ലാത്ത ഇടുങ്ങിയ ഇരുട്ടുള്ള മുറിയില്‍ പാര്‍പ്പിച്ചു. ശൈത്യം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ ശരീരത്തിലേക്ക് ശക്തിയോടെ ഐസ് വെള്ളം സ്‌പ്രേ ചെയ്തു. ശരീരത്തിലേക്ക് അതിമര്‍ദ്ദം ഏല്‍പ്പിച്ചു. ബോധംകെട്ട് നിലത്ത് വീണ സന്ദര്‍ഭങ്ങള്‍ പലതാണ്. അങ്ങനെ സമാനതകളിലാത്ത പീഢനമുറകളില്‍ക്കൂടി കടന്നുപോയിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ഈ ധീരസേനാനി തയ്യാറായില്ല. ഇതിനെല്ലാം ദൃക്‌സാക്ഷികളായ സൈനികര്‍ ക്രിസ്തുവില്‍ വിശ്വസിച്ചു.

ശിക്ഷാമുറകളുടെ പാരമ്യത്തില്‍ ഒരു രാത്രി സ്വപ്‌നത്തില്‍ പുത്തന്‍ യെരുശലേമില്‍ ഒരു മാലാഖയോടൊത്ത് സഞ്ചരിക്കുന്ന ഒരനുഭവം അവനുണ്ടായി. യോഹന്നാനേയും മോശയേയും ദാനിയേലിനേയും അവന്‍ കണ്ടു. വാനിയായിലെ ക്രിസ്തീയ വിശ്വാസത്തിന്റെ തീവ്രത കാരണം അവനെ വീണ്ടും പീഡിപ്പിക്കുവാന്‍ സൈനീകാധികാരികള്‍ വാശിയോടെ പുതിയ പുതിയ ശിക്ഷാ നടപടികളില്‍ക്കൂടി കടത്തിവിട്ടുകൊണ്ടിരുന്നു.

ഇതിനിടയിലാണ് ട്രക്കപകടത്തില്‍ പെട്ട് തൊളില്‍ വെച്ച് ഒടിഞ്ഞു തൂങ്ങിയ കൈകളുമായി ആശുപത്രിയില്‍ കഴിഞ്ഞത്. സഹിക്കാനാവാത്ത വേദനയാല്‍ പുളഞ്ഞ് സൗഖ്യത്തിനായി കേഴുന്ന സന്ദര്‍ഭത്തില്‍ അവനു ദൈവീക സന്ദര്‍ശനം ഉണ്ടാകുന്നു… അത്ഭുതസൗഖ്യവും.

അവനുണ്ടായ അത്ഭുതസൗഖ്യം ഡോക്ടര്‍ ഉള്‍പ്പെടെ പലരേയും ജീവനുള്ള ദൈവമുണ്ടെന്ന ബോദ്ധ്യത്തിലേക്ക് നയിക്കുന്നു. ശരീരത്തിലേക്ക് അതിമര്‍ദ്ദം കടത്തിവിട്ട് മരണാസന്നനായിട്ടും യുഗങ്ങളുടെ പാറയായ ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും അവനെ പിന്തിരിപ്പിക്കാന്‍ പട്ടാള അധികാരികള്‍ക്ക് കഴിഞ്ഞില്ല. വാനിയായുടെ സാക്ഷ്യവും ജീവിതവും കൊണ്ട് പലരും ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി വ്യക്തിപരമായി വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്ത് വിശ്വാസികളായിത്തീര്‍ന്നു.

ഒരു തരത്തിലും വാനിയായെ ക്രിസ്തുവിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ അധികാരികള്‍ റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബി.യുടെ സഹായത്തോടെ അതിക്രൂരമായി വാനിയായെ സൗണ്ട് പ്രൂഫ് മുറിയിലിട്ട് അടിച്ചു കൊന്നു. മാനവരാശിയുടെ രക്ഷയ്ക്കായി കാല്‍വരി ക്രൂശില്‍ പിടഞ്ഞു മരിച്ച യേശുക്രിസ്തുവിന്റെ മരണത്താല്‍ പ്രചോദിതനായി അവന്‍ വിളിച്ചു പറഞ്ഞു: ''ക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നു.''

രക്തം ചിന്തി, അതിവേദനയോടെ നിലവിളിക്കുമ്പോഴും അവന്‍ ക്രിസ്തുവിനു വേണ്ടി മരണപര്യന്തം വിശ്വസ്തനായി നിലകൊണ്ട് ധീരരക്തസാക്ഷിയായിത്തീര്‍ന്നു. 20 വയസ്സ് പോലും തികയാത്ത ഈ യുവ പട്ടാളക്കാരന്റെ നിഷ്ഠൂര കൊലപാതകം ഒരു തുള്ളി കണ്ണീരോടെ മാത്രമേ വായിക്കാന്‍ കഴിയൂ.

Email: omanarussel@gmail.com , ഫോൺ: 854746311