മോഷ്ടാക്കൾക്ക് കത്തെഴുതി സൈക്കിൾ ഉപദേശി

മോഷ്ടാക്കൾക്ക് കത്തെഴുതി സൈക്കിൾ ഉപദേശി

പാസ്റ്റർ ജോൺ തോമസ് , യു.കെ (ഗുഡ്ന്യൂസ്)

പത്തനംതിട്ട : മല്ലപ്പള്ളിയിൽ മോഷ്ടാക്കൾക്ക് കത്തെഴുതി വീടിനു മുന്നിൽ പ്രദർശിപ്പിച്ച് സൈക്കിൾ ഉപദേശി എന്ന പേരിൽ പെന്തെക്കോസ്തുകാർക്ക് സുപരിചിതനായ സുവിശേഷകൻ സി.വി. ഫിലിപ്പോസ്. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കുള്ള പണം മാത്രമേ വീട്ടിലുള്ളെന്നും താഴ് തകർക്കരുതെന്നുമാണ് കത്ത്. വീടു തുറന്നു തരാമെന്നും ചികിത്സയ്ക്ക് സ്വരൂപിച്ച 4500 രൂപയൊഴികെ എന്തു വേണമെങ്കിലും എടുത്തോളൂ എന്നും പോലീസിൽ പരാതിപ്പെടില്ലെന്നും കള്ളന് എഴുതിയ കത്തിൽ പറഞ്ഞ ശേഷം ദൈവം സ്നേഹിക്കുന്നുവെന്നും മാനസാന്തരപ്പെട്ടാൽ ദൈവം നിനക്ക് ഇതിലും മാന്യമായ ജോലി നല്കുമെന്നും ചേർക്കാൻ മറന്നില്ല.

കഴിഞ്ഞ ദിവസം ഫിലിപ്പോസ് ഉപദേശിയുടെ വീട്ടിൽ മോഷണശ്രമം നടന്നത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രിയിൽ കള്ളൻ അകത്ത് വന്നത് അറിഞ്ഞിട്ടും മോഷണം തടയാൻ ശ്രമിക്കാഞ്ഞതിനാൽ ചില വീട്ടുസാധനങ്ങൾ അപഹരിച്ചിരുന്നു.

മൂന്നര വർഷം ഒരു സാധാരണ പഴകിയ ഹെർക്കുലീസ് സൈക്കിളിൽ ഏഷ്യയിലെ 4 രാജ്യങ്ങൾ സഞ്ചരിച്ചു സുവിശേഷ പ്രചാരണം നടത്തിയാണ് ഫിലിപ്പോസ് ഉപദേശി മടങ്ങിയത്. സുവിശേഷദാഹവുമായി കന്യാകുമാരിയിൽ നിന്നു സൈക്കിളിൽ നടത്തിയ യാത്ര ഇന്നും അനേകർക്ക് പ്രചോദനമാണ്. ഹരിയാന ഗ്രേസ് ബൈബിൾ കോളേജ്, ഓപ്പറേഷൻ മൊബിലൈസേഷൻ (OM), ശാലോം ബൈബിൾ സ്കൂൾ, വാകത്താനം എന്നിവിടങ്ങളിൽ പഠനവും പരിശീലനങ്ങൾക്കും ശേഷം പാസ്റ്റർ പി. എം. ഫിലിപ്പ് അപ്പച്ചൻ അനുഗ്രഹിച്ച് യാത്രയയച്ചു. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും പ്രധാനമായും യോഹന്നാൻ 3 :16 അവിടുത്തെ ഭാഷകളിൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞുള്ള യാത്രകളിൽ അനുകൂലവും പ്രതികൂലമായ പ്രതികരണങ്ങൾ ഉണ്ടായി. ചിലയിടങ്ങളിൽ ചിലർ ശാരീരികമായി ഉപദ്രവിച്ചു. പതറാതെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെയും സുവിശേഷ സന്ദേശവുമായി യാത്ര ചെയ്ത് മടങ്ങിയെത്തി. പ്രിയ സഹധർമ്മിണി നീണ്ട നാളുകൾ ശാരീരിക അസ്വസ്ഥതയിൽ ആയിരുന്നപ്പോൾ ശുശ്രൂഷിച്ചിരുന്നത് ഉപദേശിയായിരുന്നു. ആ സമയങ്ങളിൽ "ഈ വഴി ആരും വിശന്നു പോകരുതേ, അടിയന്റെ പക്കൽ ഉള്ളത് എന്തെങ്കിലും അൽപ്പം കഴിച്ചേ പോകാവൂ" എന്ന ബോർഡ് വീടിന്റെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. സഹധർമ്മിണിയുടെ വിയോഗശേഷം ഭിന്നശേഷിക്കാരനായ മകൻ ഹാനോക്കിനൊപ്പം കഴിയുന്നിടത്തോളം ദൈവരാജ്യത്തിനായി പ്രവർത്തിക്കുന്നു.

സുവിശേഷ സന്ദേശവുമായി വിവിധ രാജ്യങ്ങളിൽ ഭാരതത്തിലുടനീളം സഞ്ചരിച്ചപ്പോൾ ഗുഡ്ന്യൂസ് വേണ്ട പ്രോത്സാഹനം നൽകിയെന്ന് സു വി. സി.വി. ഫിലിപ്പോസ് ഗുഡ്ന്യൂസിനോട് പറഞ്ഞു

Advertisement