ബിനോയ് പാട്ടത്തിലിനു ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം

ബിനോയ് പാട്ടത്തിലിനു ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം

ചാക്കോ കെ തോമസ്, ബെംഗളൂരു

 നിലമ്പൂർ: കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന നിലമ്പൂർ ദി പെന്തെക്കൊസ്ത് മിഷൻ വിശ്വാസി ബിനോയ് പാട്ടത്തിലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം ലഭിച്ചു.

നിർധന കുടുംബങ്ങളിലെ അർബുദം , വൃക്ക രോഗികളെ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സാ സഹായങ്ങൾ നൽകുകയും നിർധന കുടുംബങ്ങൾക്ക് ഉൾപ്പെടെ രോഗത്താൽ കിടപ്പിലായവർക്ക് ഭക്ഷ്യ കിറ്റ് നൽകുക , കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം, നിർധനർക്ക് ഭക്ഷണം, വസ്ത്രം, വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് വീടിന്റെ വാടക നൽകി സഹായിക്കുക തുടങ്ങിയ മേഖലകളിൽ നിസ്വാർത്ഥമായ സേവനമാണ് ബിനോയ് ചെയ്യുന്നത്.

സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെ ട്ടവരുടെ മോചനത്തിനായി പ്രവർത്തിച്ചതും പ്രളയകാലത്തെയും കോവിഡ് കാലത്തെയും പ്രവർത്തനങ്ങളും വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ്.  

 2008 ൽ ഓസ്വാൾഡ് ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ദുർബല വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് കൂടിയുളള അംഗീകാരമാണ് ലഭിച്ചത്. 

നിലമ്പൂർ ചക്കാലക്കുത്ത് പാട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ സാമൂവേൽ കുട്ടി-ശലോമി ദമ്പതികളുടെ മൂത്ത മകനായ ബിനോയ് പാട്ടത്തിൽ ചെറുപ്രായത്തിൽ തൻ്റെ പിതാവ് നടത്തിയിരുന്ന ഹോട്ടലിൽ നിന്നും കളയുന്ന ആഹാരം പെറുക്കിയെടുത്ത് തിന്നുന്ന ഒരു സ്ത്രീയെ കാണുവാനിടയായി. തൻ്റെ പിതാവ് ഉടനെ അവരെ അകത്ത് വിളിച്ച് നല്ല ആഹാരം വിളമ്പിക്കൊടുത്തു.

പിന്നീടൊരിക്കൽ വിദേശത്ത് പോകുവാനുള്ള ഇൻ്റർവ്യൂവിനായി മുംബെയിൽ പോയി. അത് പരാജയപ്പെട്ട് തിരിച്ച് നാട്ടിലേക്ക് പോകുവാൻ റിസർവേഷൻ ലഭിക്കാതെ ജനറൽ കംപാർട്മെൻ്റിൽ യാത്ര ചെയ്യുമ്പോളാണ് ആ കാഴ്ച കാണുവാനിടയായത്. മുഷിഞ്ഞ സാരിയുമുടുത്ത ഒരു സ്ത്രീ ട്രെയിനിലെ യാത്രക്കാരോട് ഭക്ഷണം ചോദിക്കുന്നു. എല്ലാവരും ആ സ്ത്രീയെ ഇല്ല എന്ന് പറഞ്ഞ് ആട്ടി ഓടിക്കുന്നു. ഈ സമയം പ്ലാറ്റ്ഫോമിൽ നിന്ന് മേടിച്ച തൻ്റെ ഭക്ഷണപ്പൊതി കഴിക്കുവാൻ തുറന്നപ്പോളാണ് ആ സ്ത്രീ തൻ്റെ അടുക്കലും വന്ന് ഭക്ഷണം ചോദിക്കുന്നത്. വിശന്ന് വലഞ്ഞ അവരെ കണ്ടമാത്രയിൽ തന്നെ ഭക്ഷണപ്പൊതി അവർക്ക് കൊടുത്തു. തൻ്റെ പക്കൽ നാട്ടിൽ തിരിച്ച് വരുന്നത് വരെയും ആഹാരം ഒന്നും കൈയ്യിൽ ഇല്ലായിരുന്നു. "കൊടുപ്പിൻ എന്നാൽ നിങ്ങൾക്ക് ലഭിക്കുമെന്ന് വാഗ്ദ്ധത്തം നൽകിയ ദൈവം അത്ഭുതം പ്രവർത്തിച്ചു.നാട്ടിൽ എത്തുന്നത് വരെ കൂടെയുള്ള സഹയാത്രക്കാർ തനിക്ക് ഭക്ഷണം നൽകി. നാട്ടിൽ മടങ്ങിയെത്തിയ ബിനോയ് ദൈവം നൽകിയ കഴിവിന് അനുസരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെറിയ തോതിൽ ആരംഭിച്ചു.

ദൈവകൃപയിൽ ആശ്രയിച്ച് പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന ബിനോയ് സാമൂഹ്യ പ്രവർത്തനങ്ങളൊടൊപ്പം ആത്മീയ കാര്യങ്ങളിലും ശ്രദ്ധാലുവാണന്ന് ഗുഡ്ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

 മലപ്പുറം ജില്ലയിൽ നിന്ന് സാമൂഹ്യ പ്രവർത്തനത്തിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് അംഗീകാരം ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ബിനോയ് പാട്ടത്തിൽ.

നേരത്തെ വിവിധ സാമൂഹിക സംഘടനകളിൽ നിന്നും ദീപിക ദിനപത്രത്തിൻ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

നിലമ്പൂർ പാട്ടുത്സവവേദിയിൽ കഴിഞ്ഞ ദിവസം നഗരസഭയും ബിനോയി യെ ആദരിച്ചിരുന്നു.

Advertisement