മിഷനറി ജാനറ്റ് സജി മാത്യുവിൻ്റെ ഓർമ്മയ്ക്കായി ഉത്തരേന്ത്യയിൽ പുതിയ സ്ക്കൂളിനു തുടക്കമായി
കോവായി(ഗുജറാത്ത്): ഉത്തരേന്ത്യയിലെ പ്രമുഖ സഭാവിഭാഗമായ മസീമണ്ഡലി സഭയുടെ ആശ്രം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ പ്രവർത്തനരംഗത്തേക്ക്. സഭയുടെ പ്രസിഡണ്ട് പാസ്റ്റർ സജി മാത്യുവിൻ്റെ ഭാര്യയും ഉത്തരേന്ത്യൻ വനിതാ മിഷനറിയുമായിരുന്ന ജാനറ്റ് സജി മാത്യുവിന്റെ മൂന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ 27ന് ത്രിപുര സ്റ്റേറ്റിലെ കോവായി ജില്ലയിൽ ജിതെൻ അക്റ ഗ്രാമത്തിൽ ‘മിഷനറി ജാനറ്റ് സജി മാത്യു മെമ്മോറിയൽ സ്കൂൾ’ പ്രവർത്തനം ആരംഭിച്ചു.
സഭാപ്രസിഡന്റ് പാസ്റ്റർ സജി മാത്യുവിന്റെ അധ്യക്ഷതയിൽ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രമേശ് ഗാമിത് (ഗുജറാത്ത്) ഉദ്ഘാടനം ചെയ്‌തു. വിവിധ സഭാ നേതാക്കളും ജനപ്രതിനിധികളും ഗവൺമെൻ്റ് ഓഫീസേഴ്സും വിശ്വാസ സമൂഹവും ചടങ്ങിൽ പങ്കെടുത്തു.
മസീമണ്ഡലി സഭയുടെ ത്രിപുര കോ- ഓർഡിനേറ്റർ പാസ്റ്റർ സുഭാഷ് ദബർമ സൗജന്യമായി നൽകിയ മൂന്നേക്കർ സ്ഥലത്താണ് സ്‌കൂൾ പണിതത്. ത്രിപുര സ്റ്റേറ്റിൽ ബംഗ്ലാദേശ് ബോർഡറിനോട് ചേർന്നുള്ള ഗ്രാമമാണ് കോവായി ജില്ലയിലെ ജിതേൻ അക്റ. വളരെ പിന്നോക്കാവസ്ഥയിലുള്ള ഈ ഗ്രാമത്തിൽ സ്കൂളിന്റെ പ്രവർത്തനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. നഴ്‌സറി, ജൂനിയർ കെജി, സീനിയർ കെജി, ഫസ്റ്റ് സ്റ്റാൻഡേർഡ് എന്നീ ക്ലാസുകൾ ആണ് പ്രാഥമികമായി ആരംഭിച്ചത്. അക്കാദമിക് ഇയർ ഏപ്രിൽ മാസം ആരംഭിക്കുന്നതു കൊണ്ടാണ് മുഴുവൻ കെട്ടിടങ്ങളുടെയും പണി പൂർത്തീകരിക്കുന്നതിന് മുമ്പ് സ്കൂൾ പ്രവർത്തനം ആരംഭിക്കേണ്ടി വന്നത്. വരുംവർഷങ്ങളിൽ സഭാ പ്രവർത്തനത്തിലും വിദ്യാഭ്യാസ പ്രവർത്തനത്തിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി പാസ്റ്റർ സജി മാത്യു പറഞ്ഞു.