കനാലിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

കനാലിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു

വാർത്ത : ജേക്കബ് ജോൺ കൊല്ലം

ചാത്തന്നൂർ (കൊല്ലം): സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കനാലിൽ വീണ് മരിച്ചു. 

മരക്കുളം മരുതിക്കോട് കിഴക്കുംകര ചരുവിള പുത്തൻ വീട്ടിൽ ജെയ്സണിന്റെയും സിനിയുടെയും മകൻ റയോണാണ് (7) മരിച്ചത്.

സഹോദരൻ ലിയോണെ (8) പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം.

പാസ്റ്ററായ ജയ്സൺ തൂത്തുക്കുടിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ റയോണിനെയും ലിയോണിനെയും ഇടനാടുള്ള അമ്മൂമ്മയുടെ വീട്ടിലാക്കി ഭാര്യ സിനിയുമായി പോയതാണ്.

വീടിന് സമീപത്ത് കളിക്കുന്നതിനിടെ സമീപമുള്ള കനാലിൽ റയോൺ കാൽ വഴുതി വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ലിയോൺ കനാലിലേക്ക് ചാടി. അര കിലോമീറ്ററോളം ഒഴുകിയെത്തിയ ഇവരെ പാറയിൽകട യുവ ക്ലബിന് സമീപം യുവാക്കൾ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ അടുത്തുള്ള ജെ.എസ്.എം ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും റയോണിന്റെ ജീവൻ രക്ഷിക്കാനായില്ല. റയോണിന്റെ മൃതദേഹം ചാത്തന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisement