പിസിനാക്കിന്റെ വളർച്ചയ്ക്കായി പുതിയ നിർദ്ദേശങ്ങളുമായി ഫോക്കസ് കമ്മറ്റി

അമേരിക്കയിലെ മലയാളി പെന്തക്കോസ്തു കൂട്ടായ്മ രൂപീകൃതമായിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. പങ്കെടുക്കുന്നവരിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ടെങ്കിലും വിശ്വാസികൾ നെഞ്ചിലേറ്റിയ പ്രസ്ഥാനം തന്നെയാണ് പിസിനാക്. അമേരിക്കയിലെ സകല മാന പെന്തക്കോസ്തുകാരെയും ഒരു കുടക്കീഴിൽ അണി നിരത്തി പിസി നാക്കിനെ എങ്ങനെ വൻ ജനപങ്കാളിത്തത്തോടെ നടത്താം എന്ന ചിന്ത മുൻ നിരപ്രവർത്തകരിൽ ഉണ്ടായിട്ട് നാളേറെയായി. കൂട്ടായും അല്ലാതെയുമുള്ള അനൗദ്ദ്യോഗിക ചർച്ചകളും നടക്കാറുണ്ടായിരുന്നു.
പി സി നാക്കിന്റെ ഭാവി എന്താകുമെന്ന് ചിന്തിക്കുന്ന ചില പെന്തക്കോസ്തു വിശ്വാസികൾ വടക്കേ അമേരിക്കയിലുണ്ടെന്നതും സത്യമാണ്. ഇതേ തുടർന്നാണ് 2019 ൽ ഫ്ലോറിഡയിൽ നടന്ന പി സി നാക്കിൽ ഇതേപ്പറ്റി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പതിനഞ്ചു പേരെ ഉൾപ്പെടുത്തി ഒരു ഫോക്കസ് കമ്മറ്റി രൂപീകരിച്ചത്. ഈ കമ്മറ്റി ഇതേ പറ്റി വിശദ പഠനം നടത്തി. അതിനു വേണ്ടി നടത്തിയ ഒരു സൂം മീറ്റിങ്ങിൽ അമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും ലീഡേഴ്സും പങ്കെടുത്തു. വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അവർ പങ്കുവെച്ചു.
അതിൽ ചിലത് താഴെ ചേർക്കുന്നു.
1. യൗവ്വനക്കാർക്ക് പ്രാധാന്യം കൊടുത്ത് നേതൃത്വനിരയിലേക്ക് അവരെ കൊണ്ടുവരിക.
2. മഹായോഗങ്ങൾ ജനപ്രീതി നേടുന്നത് അതിൽ പങ്കെടുത്ത് പ്രസംഗിക്കുന്ന പ്രശസ്തരിലൂടെയാണ്. അതുകൊണ്ട് പ്രശസ്ത അഭിഷിക്തരും പ്രശസ്തരുമായ ദൈവദാസന്മാരെ പ്രഭാഷണത്തിനായി ക്ഷണിക്കുക.
3. പ്രശസ്ത ഗായക സംഘം ജനത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് ഹിൽസോങ് പോലുള്ള ഗായക സംഘത്തെ പങ്കെടുപ്പിക്കുക.
4. മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്ക് പ്രാതിനിധ്യമുള്ള സ്ഥലങ്ങളിൽ മാത്രം പി സി നാക് സമ്മേളനം നടത്തുക.
5. ചെലവ് ചുരുക്കണം ആർഭാടങ്ങൾ ഒഴിവാക്കണം. ചിട്ടയോട് കൂടി വേണം സമ്മേളനങ്ങൾ നടത്താൻ.
6. "പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് " ( PCNAK) എന്ന പേരിൽ സംഘടനയെ രജിസ്റ്റർ ചെയ്യുക. അതു മുഖാന്തരം എല്ലാ സ്റ്റേറ്റുകളിലുമുള്ള എല്ലാ വിശ്വാസികൾക്കും പുതിയ വ്യക്തികൾക്കും പ്രസ്ഥാനത്തെ നയിക്കാനുള്ള അവസരങ്ങൾ സംജാതമാകും.
ഈ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനുളള നിർദ്ദേശങ്ങളാണ് ഫോക്കസ് കമ്മറ്റി മുന്നോട്ട് വെച്ചിട്ടുള്ള തെന്ന് റവ.സണ്ണി താഴാംപള്ളം പറഞ്ഞു.