ഒടുവിൽ ഞാൻ ആലയത്തിൽ ചെന്നു...!!!

ഒടുവിൽ ഞാൻ ആലയത്തിൽ ചെന്നു...!!!

കവിത

ഒടുവിൽ ഞാൻ ആലയത്തിൽ ചെന്നു...!!!

സജി പീച്ചി

സാഫിനെപ്പോൽ

പലതും നിനച്ച്

ഒടുവിൽ ഞാൻ ആലയത്തിൽ ചെന്നു

ഒരുപാട് ചിന്തകൾ എന്നെ ഭരിച്ചു

ഒഴിഞ്ഞ കസേരകൾ ഏറെ കണ്ടു

ഒരുമയോടുണർവ്വിന്റെ ഗീതികൾ പാടുന്ന

ഒരപ്പത്തിന്നംശികളെ കണ്ടു.

ചുവരിൽ കിടക്കുന്ന ചിതലരിച്ചുള്ളൊരു

ക്രൂശിത രൂപത്തിൻ ചിത്രം കണ്ടു

ചെറിയൊരു മന്ദസ്മിതം തൂകി

ചിരിച്ചില്ല ചിത്രം...

പരിതാപത്തോടെന്നെയുറ്റുനോക്കി.

പരിശുദ്ധാത്മാവിന്റെ

മൊത്ത വ്യാപാര

ക്കരാറുകാരെ കണ്ടു

ആത്മീയ ലോകത്ത് ഇറക്കുമതി ചെയ്യുന്ന ചരക്കിനെ ചൊല്ലി

തിരക്കിട്ട ചർച്ച

ചെയ്യുന്നോരെ കണ്ടു.

വിപണനം ചെയ്യുന്ന ഗണിത

ശാസ്ത്രജ്ഞരെ കണ്ടു.

രാഷ്ട്രീയ വേഷത്തിൽ ഭക്തരെ കണ്ടു

വോട്ടനുപാതത്തിൻ ഗണിതം ചമയ്ക്കുന്ന

സമ്മർദ്ദ തന്ത്രം പയറ്റുന്ന

പാർട്ടി വക്താക്കളെ കണ്ടു.

സഭയുടെ വ്യവഹാരം തീർക്കുന്ന

അഭിഭാഷകന്മാരെ

വ്യവഹാരം ചെയ്യുന്ന ശുശ്രൂഷകന്മാരെ 

അപസ്വരം പുലമ്പുന്ന തൊഴിലാളി വർഗ്ഗത്തെ

അപലപിക്കുന്ന പ്രതിപക്ഷ നിരകളെ

അഭിഷേകം പകരുന്ന ആത്മീയാചാര്യരെ

ആലയത്തിന്റെ നടുത്തളത്തിൽ കണ്ടു.

ഒടുവിൽ ഞാൻ ആലയത്തിൽ ചെന്നു

സ്വസ്ഥമായിട്ടൊന്നു പ്രാർത്ഥിപ്പാൻ

ഏകാഗ്രമായൊന്നാരാധിപ്പാൻ

എന്റെ സർവ്വസ്വവും യാഗമായർപ്പിപ്പാൻ

കൂടിയിരുന്നൊന്നാരാധിക്കാൻ

കൂടെയൊരുവരും വന്നില്ല

നേരിന്റെ മക്കളെ കണ്ടില്ല.

Advertisement