പവ്വർ വിഷൻ റ്റി.വി യ്ക്ക് 'ക്രൈസ്തവചിന്ത വി എം മാത്യു പുരസ്കാരം' ; ഒരു ലക്ഷം രൂപയും ഫലകവും 

പവ്വർ വിഷൻ റ്റി.വി യ്ക്ക് 'ക്രൈസ്തവചിന്ത വി എം മാത്യു പുരസ്കാരം' ; ഒരു ലക്ഷം രൂപയും ഫലകവും 

കോട്ടയം: ക്രൈസ്തവ ചിന്ത ഏർപ്പെടുത്തിയ 2023-24 -ലെ ' വി എം മാത്യു മാധ്യമ പുരസ്കാരം ' പവർ വിഷൻ റ്റി.വിക്ക് നൽകാൻ ക്രൈസ്തവ ചിന്ത അവാർഡ് നിർണ്ണയ കമ്മറ്റി തീരുമാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. പവർ വിഷൻ റ്റി.വി ചെയർമാൻ റവ. കെ.സി ജോൺ അവാർഡ് ഏറ്റുവാങ്ങും.

ക്രൈസ്തവചിന്ത എഡിറ്റർ വർഗീസ് ചാക്കോ ഷാർജ, മാത്യു കോര ഡാളസ് (ഫിന്നി - കെല്ലർ), ഡോ. ഓമന റസ്സൽ എന്നിവരടങ്ങിയ കമ്മറ്റിയാണ് പവ്വർ വിഷനെ അവാർഡിനായി തെരത്തെടുത്തത്.

സുവിശേഷ വിഹിത പ്രസ്ഥാനങ്ങളുടെ ഇടയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ചാനലാണ് പവർവിഷൻ . 2006 -ലാണ് പവർ വിഷൻ ചാനൽ ആരംഭിക്കുന്നത്. സുവിശേഷീകരണത്തിനും സഭകളുടെ ഐക്യത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായിരുന്നു ചാനൽ മുൻതൂക്കം നൽകിയിരുന്നത്.

ലോകത്തെയാകമാനം പിടിച്ചുലച്ച കോവിഡ് കാലഘട്ടത്തിൽ പവർവിഷൻ ചാനലിന്റെ 'വീട്ടിലെ സഭായോഗം' ഏറെ ശ്രദ്ധിക്കപ്പെടുകയും സഭാ ചാനൽ എന്ന നിലയിൽ വളരെ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഈ മാർഗ്ഗത്തിലൂടെ അനേകായിരങ്ങളിൽ സുവിശേഷം എത്തിക്കാനും ചാനലിന് കഴിഞ്ഞു.

പവർ വിഷൻ ചാനൽ തുടങ്ങുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് പാസ്റ്റർ കെ.സി ജോൺ ആണ്. വിശ്വാസ സമൂഹത്തിന് മുന്നിലേക്ക് ഒരു ചാനൽ ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് 2006 - ൽ ഒരു ചർച്ച സംഘടിപ്പിച്ചത് "ക്രൈസ്തവ ചിന്ത" യായിരുന്നു. മാക്സി വിശ്വാസ് മേനയാണ് ചർച്ചയ്ക്ക് ആധാരമായ ലേഖനം തയ്യാറാക്കിയത്. എല്ലാവരും തന്നെ ചാനൽ എന്ന ആശയത്തെ സ്വാഗതം ചെയ്തു. ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ലേഖനത്തൊടെയാണ് അന്ന് ചർച്ച അവസാനിപ്പിച്ചത്.

അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനാണ് ചാനലിൻ്റെ ചെയർമാൻ കൂടിയായ കെ. സി. ജോൺ. ഐപിസി സഭാ നേതൃസ്ഥാനത്ത് തിളങ്ങി നിൽക്കുന്ന ആദരണീയനായ വ്യക്തി കൂടിയാണ് 76 കാരനായ അദ്ദേഹം.1947 സെപ്റ്റംബർ 8- ന് കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ഇടത്തറ വീട്ടിൽ കർഷക ദമ്പതികളായ ചാക്കോയുടെയും ശോശാമ്മയുടേയും മൂന്നാമത്തെ പുത്രനായി കെ. സി ജോൺ ജനിച്ചു. 

എസ്എസ്എൽസിക്ക് ഫസ്റ്റ് ക്ലാസ് ആർക്കെങ്കിലും ലഭിച്ചാൽ അക്കാലത്ത് അത് വലിയ വാർത്തയായിരുന്നു. പത്താംതരം പരീക്ഷാ ഫലം വന്നപ്പോൾ കെ സി ജോൺ ഉൾപ്പെടെ നാലുപേർക്ക് ഫസ്റ്റ് ക്ലാസ് കിട്ടി. അതിൽ ആൺകുട്ടിയായി കെസി ജോൺ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നത് സ്കൂളിനെ സംബന്ധിച്ച് വലിയ സംഭവം തന്നെയായിരുന്നു. 

പിന്നീട് പ്രസിദ്ധമായ ആലുവ യു സി കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി . ജ്യേഷ്ഠ സഹോദരൻ കെ.സി ജോർജ് ഇതിനോടകം ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായി കഴിഞ്ഞിരുന്നു. ഡിഗ്രി പഠനം ജോൺ പൂർത്തിയാക്കിയതോടെ ഇന്ത്യൻ എയർലൈൻസ് ഓഫീസ് ട്രെയിനിയായി ജോലി ശരിയാക്കി കൊടുക്കാൻ ജ്യേഷ്ഠ സഹോദരന് സാധിച്ചു.

എന്നാൽ തൻെറ വിളിയും തെരഞ്ഞെടുപ്പും മനസ്സിലാക്കിയ കെ സി ജോൺ ജോലിക്ക് പോകാൻ വിസമ്മതിച്ചു. കുടുംബത്തിൽ നിന്നും ശക്തമായ എതിർപ്പാണ് ഈ കാര്യത്തിൽ ഉണ്ടായത്. പിൽക്കാലത്ത് സഹോദരങ്ങളെല്ലാം മുഴുവൻ സമയ സുവിശേഷകരായി എന്നതും ചരിത്ര സത്യം.

പന്ത്രണ്ടാമത്തെ വയസ്സിൽ തന്നെ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു കെ.സി തുടർന്നിങ്ങോട്ടുള്ള ഓരോ കാലഘട്ടങ്ങളിലും ദൈവവിളി തൻെറ ഉള്ളിൽ ശക്തമായി കൊണ്ടിരുന്നു . ബൈബിൾ സ്കൂളിൽ പഠനത്തിന് ശേഷം മുഴുവൻ സമയവും സുവിശേഷപ്രവർത്തനത്തിൽ വ്യാപൃതനായി. തുടർന്ന് അദ്ദേഹം പ്രഭാഷകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, അദ്ധ്യാപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു .ഐപിസി സഭയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement 

         

Advertisement