ഒഡീഷയില്‍ ദേവാലയത്തിലെ ഉപകരണങ്ങൾ കൊള്ളയടിച്ചു; വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണം

ഒഡീഷയില്‍ ദേവാലയത്തിലെ ഉപകരണങ്ങൾ കൊള്ളയടിച്ചു; വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണം

റൂര്‍ക്കല : ഒഡീഷയില്‍ വൈദീകര്‍ക്കു നേരെ ക്രൂര ആക്രമണവും കൊള്ളയടിയും.15 പേരോളം അടങ്ങുന്ന ആക്രമി സംഘം മുഖംമൂടി ധാരികളായിരുന്നു. റൂര്‍ക്കല രൂപതയിലെ സുന്ദര്‍ഗഡ് ജോരാഭാല്‍ പള്ളിയോടു ചേര്‍ന്നുള്ള വൈദികമന്ദിരത്തില്‍ കടന്നു കയറിയാണ് ആക്രമണം നടത്തിയത്. മന്ദിരത്തിന്റെ ജനാലകളും വാതിലും തകര്‍ത്താണ് അക്രമിസംഘം ഉള്ളില്‍ കടന്നത്. കെട്ടിടത്തിനുള്ളില്‍ കടന്ന സംഘം ആദ്യം വൈദീകരുടെ മൊബൈലകുള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ഇരുമ്പു വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി, ഇരുവരെയും മുറിക്കു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദനമേറ്റ ഫാ. നേരിയല്‍ ബോധരഹിതനായി വീണു. പള്ളിയില്‍നിന്ന് പണവും വിലപിടിപ്പുള്ള സംഗീത പകരണങ്ങളും കൊള്ളയടിച്ചു. ഫാ. അലോഷ്യസ് തന്റെ കൈയിലെ കെട്ടുകള്‍ അഴിക്കുകയും അബോധാവസ്ഥയിലായിരുന്ന ഫാ.നേരിയലിനെ വെള്ളം മുഖത്തു തളിച്ച് ഉണര്‍ത്തുകയും ചെയ്ത ശേഷമാണ് പുറംലോകത്ത് വിവരം അറിയിക്കാന്‍ കഴിഞ്ഞത്. പരിക്കേറ്റ വികാരി ഫാ.നേരിയല്‍ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവരെ റൂര്‍ക്കല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.