പിവൈസിഡി 2024 -ലെ പ്രവർത്തനങ്ങൾക്കു തുടക്കമായി
വാർത്ത: സാം മാത്യു, ഡാളസ്
ഡാളസ്: പെന്തെക്കോസ്ത് യൂത്ത് കോൺഫ്രൻസ് ഓഫ് ഡാളസിൻ്റെ (പി. വൈ.സി.ഡി) 2024 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. ഡാളസ് സയോൺ ചർച്ചിൽ നടന്ന സമ്മേളനത്തിൽ ഡാളസ് കാൽവറി പെന്തെക്കോസ്തൽ ചർച്ച് സഹ ശുശ്രുഷകൻ പാസ്റ്റർ ജയ് ജോൺ മുഖ്യ സന്ദേശം നൽകി. വിജയകരമായ ക്രിസ്തീയ വിശ്വാസം നയിക്കുവാൻ ആഗ്രഹിക്കുന്ന ഒരു ദൈവപൈതലിന് വിശ്വാസത്തിൻ്റെ വിവിധ തലങ്ങളായ ഉറച്ച വിശ്വാസം, സ്ഥിരമായ വിശ്വാസം, തഴച്ചു വളരുന്ന വിശ്വാസം എന്നിവ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
2024 ലെ പ്രവർത്തനോദ്ഘാടനം പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് പൊടിമല നിർവ്വഹിച്ചു. സംഘടനയുടെ റിപ്പോർട്ട് വർഷത്തിലെ മുഖ്യ ചിന്താവിഷയം പ്രസിഡൻ്റ് സദസ്സിന് പരിചയപ്പെടുത്തി. 1 കോരിന്ത്യർ 15:58 അധികരിച്ച് "ഉറച്ച് നിൽക്കുക" (Stand Firm) എന്നതാണ് 2024-ലെ തീം.
യുവജന സംഘടന ഈ വർഷം അവതരിപ്പിക്കുന്ന വിവിധ കാര്യപരിപാടികളുടെ സംക്ഷിപ്ത വിവരണം കോർഡിനേറ്റർ എബ്രഹാം മോനിസ് ജോർജ്ജ് അവതരിപ്പിച്ചു. 2024 വർഷത്തെ ഭരണ സമിതിയെ പരിചയപ്പെടുത്തി.
ഡാളസിലെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ടി. തോമസ് അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. പിവൈസിഡി മലയാളം, ഇംഗ്ലീഷ്, ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
മുൻകാലങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ച ഗ്രൂപ്പ് സോങ്ങ് മത്സരം, മെഗാ ബൈബിൾ ക്വിസ് , വർഷിപ്പ് നൈറ്റ്, ഉൾപ്പടെ മറ്റു പുതിയ പരിപാടികളും റിപ്പോർട്ട് വർഷത്തിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
PYCD യുടെ നേതൃത്വത്തിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ജൂൺ 2 നും ടേബിൾ ടെന്നീസ് ടൂർണമെൻ്റ് ജൂൺ 9നും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ സന്തോഷ് പൊടിമല (പ്രസിഡന്റ്), ബ്രദർ ഏബ്രഹാം മോനിസ് ജോർജജ് ( കോർഡിനേറ്റർ), ബ്രദർ മേബിൾ തോമസ് ട്രഷറർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെ കൂടാതെ കർമ്മനിരതരായ കമ്മറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഡാളസ് മെട്രോ പ്ലക്സിലെ ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ പിവൈസിഡി. 1982-ൽ ആണു നിലവിൽ വന്നത്. 2024 റിപ്പോർട്ട് വർഷത്തിൽ 39 അംഗ സഭകൾ ഉള്ള പി.വൈ.സി.ഡി ക്ക് വടക്കേ അമേരിക്കയിൽ സമാന്തര ഉദ്ദേശ്യമുള്ള മറ്റു പെന്തെക്കോസ്ത് യുവജന സംഘടനകളിൽ ഗണ്യമായ സ്ഥാനം ഉണ്ട്. വളർച്ചയുടെ പാതയിൽ 42 -ാം വർഷം ആണ് 2024-ൽ സംഘടന പിന്നിടുന്നത്.