വയനാട് പുനർനിർമ്മാണത്തിന് കേരള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു പിവൈപിഎ
തിരുവനന്തപുരം : പിവൈപിഎ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ വയനാട് പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാരുമായി ചേർന്ന് കേരള സർക്കാറിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന ഭവനങ്ങളിൽ 150 ഭവനങ്ങൾക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും കേരള സ്റ്റേറ്റ് പിവൈപിഎ ചെയ്തു നൽകുമെന്നുള്ള സമ്മതപത്രം ബഹുമാനപെട്ട കേരള സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീമതി . വീണ ജോർജിന് പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് കൈമാറി. വയനാട് ദുരന്തത്തിൽ സകലതും നഷ്ടപെട്ട സമൂഹത്തെ ചേർത്ത് പിടിക്കാൻ പെന്തകോസ്ത് യുവജന സമൂഹം കാണിക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് പിവൈപിഎ പ്രസിഡന്റ് ഇവാ. ഷിബിൻ സാമൂവേൽ, സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, സ്റ്റേറ്റ് ട്രഷറർ ഷിബിൻ ഗിലെയാദ്, പിവൈപിഎ സ്റ്റേറ്റ് കൗൺസിൽ അംഗം ആഷേർ മാത്യു തോമസ്, യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരിൽ എന്നിവർ സന്നിഹിതരായിരുന്നു.
കൂടാതെ വയനാട് ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും സർക്കാർ നിർദ്ദേശിക്കുന്ന ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മൂന്ന് ബി.എസ്. സി നഴ്സിംഗ് വിദ്യാർത്ഥികളുടെ പഠനം പൂർണമായും സംസ്ഥാന പിവൈപിഎ ഏറ്റെടുക്കും എന്നുള്ളതും സമ്മത പത്രത്തിൽ കേരള സർക്കാരിനെ പിവൈപിഎ അറിയിച്ചിട്ടുണ്ട്.