'തറ'യിൽ നിന്നും 'ബെഞ്ചി'ലേക്കുള്ള ദൂരം 13 വർഷം; നാടിന്റെ സ്വപ്നം പൂവണിയിച്ച് ക്രൈസ്റ്റ് ഏ.ജി ന്യൂയോർക്ക്

ഗൂഡല്ലൂർ : 'തറ' യിൽ നിന്നും സ്ഥാനകയറ്റം ലഭിച്ച സന്തോഷത്തിലാണ് ഓവാലി പഞ്ചായത്തിലെ അമ്പിളിമല സ്ക്കൂളിലെ കുട്ടികൾ. ഒന്നര ദശാബ്ദത്തോളം തറയിലിരുന്നു പഠിച്ചിറങ്ങിയ സീനിയർ കുട്ടികൾക്കും സന്തോഷം; അവരുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ഇനി തറയിലിരുന്നു പഠിക്കേണ്ടതില്ലല്ലോ. 

വികസനം എന്തെന്നു പോലുമറിയാത്ത ഒരു നാടിന്റെ സ്വപനം പൂവണിയിച്ച സംതൃപ്തിയിലാണ് ന്യൂയോർക്കിലെ ക്രൈസ്റ്റ് ഏ.ജി സഭയിലെ വിശ്വാസികളും സഭാ നേതൃത്വവും. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ക്രൈസ്റ്റ് ഏജി ന്യൂയോർക്ക് സഭയുടെ സ്വപ്നമായിരുന്നു ഒരു ഗ്രാമത്തെ ഏറ്റെടുത്തു അവിടെ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുകയെന്നത്. പല ഗ്രാമങ്ങളും ഇതിനായി സന്ദർശിച്ചെങ്കിലും ഗൂഡലൂരിലുള്ള ഓവാലി പഞ്ചായത്തിലെ സീ ഫോർത്ത് ഗ്രാമവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളുമാണ് അവർ തെരെഞ്ഞെടുത്തത്.

ഗ്രാമവാസികളോടൊപ്പം ചേർന്ന് അവരുമായി ഇടപഴകി അവരോടൊപ്പം ഗ്രാമത്തെ സ്വയം പര്യാപ്തതയിലെത്തിക്കുക എന്നതാണ് സഭാ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് 2010-ൽ സ്ഥാപിതമായ അമ്പിളിമല പഞ്ചായത്ത് യൂണിയൻ സ്കൂളിൽ സഹായമെത്തിച്ചത്.

ഒന്നു മുതൽ 5 വരെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്. സ്ക്കൂൾ തുടങ്ങിയ അന്നുമുതൽ വിദ്യാർത്ഥികളെല്ലാം സിമന്റ് പാകിയ നിലത്തിരുന്നാണ് വിദ്യ അഭ്യസിച്ചത്. അവികസിത മേഖലകളിൽ സർക്കാർ സ്ക്കൂൾ കെട്ടിടം പണിതു നല്കുമെങ്കിലും സ്ക്കൂളിനാവശ്യമായ ഫർണിച്ചറുകളൊന്നും നല്കാറില്ല. 

കഴിഞ്ഞ 13 വർഷമായി ഇവിടെത്തെ ജനങ്ങൾ ആവശ്യപ്പെടുന്ന ആഗ്രഹമാണ് അവരുടെ മക്കൾക്ക് ഇരുന്നു പഠിക്കാനൊരു ബഞ്ചും ഡസ്ക്കും. ഈ ആവശ്യം ക്രൈസ്റ്റ് ഏ.ജി യുടെ മുന്നിലെത്തിയപ്പോൾ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി. ചാക്കോ, സോഷ്യൽ ഡെവലെപ്പ്മെന്റ് വിഭാഗം ഡയറക്ടർ ജോർജ് ഏബ്രഹാം വാഴയിൽ എന്നിവരുടെ നേതൃത്വത്തിൽ സഭ ഇക്കാര്യം നിവർത്തിച്ചു നല്കാൻ തീരുമാനിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന റേ ഓഫ് ലൗ ഡെവലെപ്പ്മെന്റ് ഫൗണ്ടേഷൻ എന്ന എൻജിഒ യിലൂടെയാണ് ഇവിടെ സഹായമെത്തിച്ചത്.

സ്ക്കൂളിൽ നടന്ന യോഗത്തിൽ ഓവേലി മുൻസിപ്പാലിറ്റി പഞ്ചായത്ത് വൈസ് ചെയർമാൻ സഹദേവൻ അദ്‌ധ്യക്ഷനായിരുന്നു. റേ ഓഫ് ലൗ ഡെവലെപ്പ്മെന്റ് ഫൗണ്ടേഷൻ ഡയറക്ടർ ജയിംസ് ചാക്കോ  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷറഫ്, പഞ്ചായത്ത് കൗൺസിലർ സുബ്രമഹ്ണ്യൻ, ഹെഡ്മിസ്ട്രസ് ശശികല എന്നിവർ ആശംസകൾ നേർന്നു.

പ്രോജക്ട് കോർഡിനേറ്റർ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. ലോക്കൽ കോർഡിനേറ്റർ ഷീജ ബി.ഗൂഡല്ലൂർ നേതൃത്വം നല്കി.

Advertisement