വേണോ, താലന്തു പരിശോധനകൾ?

വേണോ, താലന്തു പരിശോധനകൾ?

വേണോ, താലന്തു പരിശോധനകൾ?

സജി ഫിലിപ്പ് തിരുവഞ്ചൂർ

'താലന്തുപരിശോധനകൾ വേണ്ടെന്നുവയ്ക്കണം' എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഇതിനകം നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. വ്യക്തിപരമായി വളരെ ആദരിക്കുന്ന ആ പ്രസംഗകനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ, അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾക്കു സ്‌നേഹപൂർവമായ ഒരു വിയോജനക്കുറിപ്പായി ഈ വരികളെ കണ്ടാൽ മതി.

ആരാധനാലയത്തിൽ 'മത്സരം നടത്തുകയോ' എന്നു ചോദിക്കുന്ന അദ്ദേഹം ശരീരഭാഷയിലൂടെ താലന്തു പരിശോധനയെ മത്സരമായി കാണുന്നവരെ ചൊടിപ്പിക്കുന്നു. യാഥാർഥ്യബോധം നഷ്ടപ്പെടുന്നതാണോ ഇതിനു കാരണമെന്നു സംശയിക്കേണ്ടിവരും. യുവാക്കളുടെയോ സൺഡേസ്‌കൂൾ വിദ്യാർഥികളുടെയോ താലന്തുകളെ വിലയിരുത്തുന്ന ആലയത്തിൽ തന്നെ സെന്റർ, സോണൽ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി ബാലറ്റുപേപ്പറിലൂടെ നടക്കുന്നതു മത്സരമല്ലതാനും. ഇതിൽ വൈരുധ്യമില്ലേ?

അധികാരത്തിനുവേണ്ടിയുള്ള വോട്ടെടുപ്പു ശരിയും, താലന്തുപരിശോധന തെറ്റും എന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതാണോ? അങ്ങനെ വരുമ്പോൾ, ഭരണരംഗത്തു കയറിപ്പറ്റാൻ തിരഞ്ഞെടുപ്പും പാനലിലൂടെയുള്ള മത്സരവും നടത്തി നേതൃത്വനിരയിലെത്തിയവർ നയിക്കുന്ന സഭാപ്രസ്ഥാനം ഇപ്പറയുന്നവർ വിട്ടുപോകേണ്ടേ? അതിനുള്ള ധൈര്യം കാണിക്കാത്തതെന്ത്?
 
ഇനി, ഇന്നത്തെ താലന്തുപരിശോധനകളിലേക്കു വരട്ടെ. ഇളം തലമുറയുടെ അഥവാ യുവാക്കളുടെ നൈസർഗിക കലാപാടവം (പാട്ട്, പ്രസംഗം തുടങ്ങിയവയെല്ലാം കലയാണെന്നു നാം മനസിലാക്കണം. എല്ലാറ്റിനും അവയുടെ തനതു രീതിശാസ്ത്രമുണ്ട്.) ദൈവനാമ മഹത്ത്വത്തിനും സഭയുടെ വികസനത്തിനായി വിനിയോഗിക്കണമെന്ന താൽപര്യം യുവജനപ്രസ്ഥാനങ്ങൾക്കു ബീജാവാപം ചെയ്തവരുടെ മനസ്സിലുണ്ടായിരുന്നു. കഴിവുകളുള്ളവരെ കണ്ടെത്താനുള്ള ഉത്തമ വേദിയായാണു താലന്തുപരിശോധനയെ അവർ കണ്ടത്. അവരുടെ മനസ്സിൽ മത്സരം എന്ന സങ്കല്പമേ ഇല്ലായിരുന്നു. 'താലന്തുമത്സരം' എന്ന പ്രയോഗം കാലഹരണപ്പെട്ടതാണ്. പണ്ടെങ്ങോ അങ്ങനെ ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ, മൂന്നുനാലു പതിറ്റാണ്ടു മുൻപുതന്നെ അതു മാറി എന്നറിഞ്ഞിരിക്കണം. ഇന്നു പരിശോധന (ഠമഹലി േലേേെ) മാത്രമേയുള്ളൂ. 

താലന്തുപരിശോധനയ്ക്കു നിരവധി നല്ല വശങ്ങളുണ്ട്. അടുത്ത തവണ നന്നായി പാടും, മെച്ചമായി ഉപന്യാസമെഴുതും എന്നു തുടങ്ങിയ പ്രതിജ്ഞയെടുത്തു മടങ്ങുന്നവർ നിരവധിയാണ്. പ്രസംഗകലയുടെ അനിവാര്യഘടകങ്ങളെക്കുറിച്ചുള്ള അവഗാഹത്തോടെ മടങ്ങി അടുത്ത തവണ അവതരണപാടവം  മെച്ചപ്പെടത്തിയവർ അനേകരുണ്ട്. ഈ എഴുതുന്നയാൾ ഉൾപ്പെടെ സ്വന്തം രചനാപാടവം തിരിച്ചറിയാൻ താലന്തു പരിശോധന കാരണമായിട്ടുണ്ടെന്നു പറയുമ്പോൾ അതിന്റെ മഹത്ത്വം ഏറുകയാണ്. സെന്റർ തലങ്ങളിലും മറ്റും വിധി കർത്താക്കൾ നടത്തുന്ന അവലോകനം ആളുകളുടെ കണ്ണു തുറപ്പിക്കുന്നതും പലർക്കും പ്രചോദനമേകുന്നതുമാണ്. ഉള്ളിൽ ഉറങ്ങിക്കിടന്ന കഴിവുകൾ തിരിച്ചറിഞ്ഞ്, താലന്തു പരിശോധനയിലൂടെ പ്രോത്സാഹനത്തിന്റെ ചൂടും ചൂരുമേറ്റു വളർന്നുവന്നവരാണു ഇന്നത്തെ ഗായകർ, പ്രസംഗകർ, എഴുത്തുകാർ തുടങ്ങിയ പലരുമെന്നതു പകൽപോലത്തെ സത്യമാണ്. 

വേദപുസ്തകം ശരിയായി വായിക്കാൻ പ്രേരിപ്പിക്കുന്ന ബൈബിൾ ക്വിസിനെക്കുറിച്ചുപോലും പറയാൻ നിരവധിയുണ്ട്. താലന്തു പരിശോധനയിൽ നാലഞ്ചു വർഷം അടുപ്പിച്ചു പങ്കെടുക്കുന്ന വ്യക്തി വേദപുസ്തകം അരിച്ചുപെറുക്കി വായിക്കത്തക്ക രീതിയിലാണു മിക്ക മുഖ്യധാരാ പെന്തെക്കോസ്തു സമൂഹവും ബൈബിൾ ക്വിസിന്റെ പാഠഭാഗം ക്രമപ്പെടുത്തിയിരിക്കുന്നത്. തിരുവചനം എങ്ങനെ ശ്രദ്ധാപൂർവം വായിക്കണമെന്നും ചരിത്രവും കഥയും കഥാസാരവും എങ്ങനെ മനസിലാക്കണമെന്ന ഉൾക്കാഴ്ച ഓരോ താലന്തു പരിശോധന കഴിയുമ്പോഴും ആളുകൾക്കു ലഭിക്കുന്നതു നേരിട്ടറിയാൻ ഇടയായിട്ടുണ്ട്. കർത്താവ് ആയുസ്സു തന്നാൽ അടുത്ത ഒരു വർഷത്തിനിടയിൽ ഒരു തവണ വിശുദ്ധ വേദപുസ്തകം ശ്രദ്ധാപൂർവം വായിക്കുമെന്നു നെഞ്ചിൽ കൈവച്ച് സമർപ്പിച്ച പലരെയും - കുട്ടികൾ തുടങ്ങി പ്രായമേറിയ അധ്യാപകരെ (സൺഡേസ്‌കൂൾ അധ്യാപകരുടെ താലന്തുപരിശോധനയിൽ) വരെ - കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഒന്നാം റൗണ്ടിൽ തുല്യ മാർക്കു നേടി, രണ്ടാം റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തിയ വ്യക്തിയെ രണ്ടാം സ്ഥാനക്കാരൻ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച പല രംഗങ്ങൾ ഓർത്തുപോകുന്നു. അവിടെയെല്ലാം നടന്നതു മത്സരമല്ലായിരുന്നു, വേദപുസ്തകവിജ്ഞാനത്തിന്റെ മാറ്റുരയ്ക്കലായിരുന്നു. താലന്തുപരിശോധന അസൂയയുടെ ആത്മാവിനെ പ്രദാനംചെയ്യുമെന്ന കണ്ടെത്തൽ തികച്ചും അസ്ഥാനത്താണ്. ഒന്നാം സ്ഥാനം ലഭിക്കാൻ സാധ്യതയുള്ള സഹോദരനു പനിയോ വയറിളക്കമോ ഉണ്ടാകാൻ ഒരു കൊച്ചു സഹോദരി പ്രാർഥിച്ചെങ്കിൽ അതു താലന്തുപരിശോധനയുടെ കുഴപ്പമല്ല, അവരെ 'എങ്ങനെ പ്രാർഥിക്കരുത്' എന്നു പഠിപ്പിക്കാൻ അവരുടെ സഭാപാസ്റ്റർക്കോ മുതിർന്ന സഭാംഗങ്ങൾക്കോ കഴിയാതെ പോയതാണു കാരണം.
താലന്തു കൺവീനർക്കു ബന്ധമുള്ളവരെ വിധികർത്താക്കളാക്കി, തങ്ങൾക്കു താൽപര്യമുള്ളവർക്കു സമ്മാനം നേടിക്കൊടുക്കുന്നു എന്ന ആക്ഷേപവും അദ്ദേഹം ഉയർത്തുന്നു. അദ്ദേഹത്തിന്റെ സെന്ററിലൊഴികെ, കേരളത്തിലെവിടെയെങ്കിലും അങ്ങനെ നടന്നിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു യുവജന പ്രസ്ഥാനത്തിലെ സംസ്ഥാന താലന്തുപരിശോധനയ്ക്കു സമീപകാലത്തു നേതൃത്വം നൽകിയവർ എത്ര വിനയത്തോടും സമർപ്പണത്തോടും നിഷ്പക്ഷതയോടുമായിരുന്നു കൃത്യം നിർവഹിച്ചതെന്ന് ഓർത്തുപോകുന്നു. സ്വന്തം സെന്ററിൽ പക്ഷപാതിത്വം നടന്നെങ്കിൽ അതിന് ഉത്തരവാദി ആരാണ്? പൊതുജനങ്ങൾക്കിടയിൽ അതു പരസ്യപ്പെടുത്തുന്നതിലൂടെ സ്വയം അപമാനിതനാകേണ്ടിയിരുന്നോ? ഒരു സഭയിൽ ഒരാൾ മദ്യപിച്ചെങ്കിൽ സഭതന്നെ വേണ്ടന്നുവയ്ക്കണമെന്നു ചിന്തിക്കുന്നതു ശരിയാണോ?
ഏതു കാര്യത്തിലും നല്ലതു കാണാൻ നാം ശ്രമിക്കണം. കുട്ടികളെയും യുവാക്കളെയും കർമോത്സുകരാക്കുന്ന കാര്യപരിപാടികൾ സഭയിൽ ധാരാളം ഉണ്ടാകണം.

മറിച്ച്, അങ്ങനെയുള്ളവയുടെ തലയ്ക്കടിക്കുന്നവർ കൂടുന്നതാണു യുവാക്കൾ സഭയിൽ നിന്നകലാൻ കാരണമെന്നു തിരിച്ചറിയുക. ഇനി പറയൂ, താലന്തുപരിശോധന വേണ്ടന്നുവയ്ക്കണമോ?

Advertisement