പ്രവാചക ദൗത്യം അക്ഷരത്തിലൂടെ നിറവേറ്റിയ പാസ്റ്റർ ഷിബു ജോസഫിന് വിട...

പ്രവാചക ദൗത്യം അക്ഷരത്തിലൂടെ നിറവേറ്റിയ പാസ്റ്റർ ഷിബു ജോസഫിന് വിട...

പ്രവാചക ദൗത്യം അക്ഷരത്തിലൂടെ നിറവേറ്റിയ പാസ്റ്റർ ഷിബു ജോസഫിന് വിട...

മെയ് 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ എഴുത്തുക്കാരൻ മേലുകാവ് മറ്റം പുത്തൻപറമ്പിൽ  പാസ്റ്റർ ഷിബു ജോസഫിന്റെ വേർപാടിൽ ഗുഡ്‌ന്യൂസ് ദുഃഖം രേഖപ്പെടുത്തി. 

 ക്രൈസ്തവ കൈരളിയ്ക്ക് തന്റെ തൂലികയിലൂടെ നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തവയാണെന്നും, അദ്ദേഹത്തിന്റെ വിയോഗം ഗുഡ്‌ന്യൂസ് കുടുംബത്തിന് മാത്രമല്ല മലയാളി പെന്തെകോസ്തു സമൂഹത്തിനു ഉൾപ്പെടെ ഒരു നഷ്ടമാണെന്നും അനുസ്മരിച്ചു.  

തൊണ്ണൂറു കാലഘട്ടം മുതൽ വാരികയിൽ എഴുതുന്ന അദ്ദേഹത്തിനു നിരവധി വായനക്കാർ ഉണ്ട്. വേദപഠനത്തിൽ ഉയർന്ന ബിരുദങ്ങൾ നേടിയ പാസ്റ്റർ ഷിബു ജോസഫ് ഐപിസി യിലെ ഒരു ശുശ്രൂഷനായിരുന്നു. വിശാഖപട്ടണത്തും, മുബൈയിലെ വിവിധ സ്ഥലങ്ങളിലും, കോട്ടയത്തും, വയനാട്ടിലും പ്രേഷിത പ്രവർത്തനം നടത്തിയ അദ്ദേഹം വളരെ ശാന്തനും സൗമ്യനുമായ വ്യക്തിയായിരുന്നു. 

കഴിഞ്ഞ 130 ൽ അധികം ആഴ്ചകളായി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഗുഡ്‌ന്യൂസിൽ അദ്ദേഹം എഴുതുന്ന 'ഉൾകാഴ്ച' എന്ന പംക്തി വളരെ ആശയ സമ്പുഷ്ടമായതും, ചെറുതും നിരവധി വായനക്കാർ ഉള്ളതും ആയിരുന്നു. മൂന്നു വർഷമായി പാർക്കിൻസൺസ് രോഗം ബാധിച്ചു വിഷമ ഘട്ടത്തിലൂടെ കടന്നുപോയ അദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് തന്റെ പംക്തി കഴിഞ്ഞ ചില മാസങ്ങൾ തന്നിരുന്നത്.

 'ഉൾക്കാഴ്ച'  100 ആഴ്ചകൾ പിന്നിട്ടപ്പോൾ ഓൺലൈൻ പ്ലാറ്റഫോമിൽ അദ്ദേഹത്തെ അനുമോദിക്കുന്നതിനായി എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, പ്രൊമോഷണൽ സെക്രട്ടറി കെ.ജെ. ജോബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗിൽ വിവിധ മേഖലകളിലുള്ള നൂറു കണക്കിന് പ്രമുഖർ പങ്കെടുത്തിരുന്നു.

131-ാമത്തെ ഉൾകാഴ്ച ഉൾപ്പെടെ മരിക്കുന്നതിന്റെ ചില ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം അയച്ചു. എന്നാൽ അതു പ്രസിദ്ധീകരിക്കേണ്ട ആ ദിവസമാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത എത്തിയത്. വിറകൈകളോട് കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഞങ്ങൾ ഓൺലൈൻ ഗുഡ്‌ന്യൂസിൽ പബ്ലിഷ് ചെയ്തത്.

പ്രവാചക ദൗത്യം അക്ഷരത്തിലൂടെ ദൂതായി നല്കി സഭയെ ആത്മീയ ഉന്നതിയിലേയ്ക്കു നയിച്ച പാസ്റ്റർ ഷിബു ജോസഫിന്റെ വേർപാടിൽ ദു:ഖിക്കുന്നു. ആ വിടവ് നികത്തുവാൻ ദൈവം പുതിയ ദൂതുവാഹികളെ  ഒരുക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.

ഗുഡ്ന്യൂസ് പത്രാധിപ സമിതിയ്ക്കു വേണ്ടി

സി.വി. മാത്യു
ചീഫ് എഡിറ്റർ

പാസ്റ്റർ ഷിബു ജോസഫിന്റെ (56) സംസ്കാരം  നടന്നു

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട  മേലുകാവ് മറ്റം പുത്തൻപറമ്പിൽ  പാസ്റ്റർ ഷിബു ജോസഫിന്റെ (56) സംസ്കാരം മെയ് 15ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി ബെഥേൽ മേലുകാവ് മറ്റം സഭയുടെ വാളകത്തുള്ള സെമിത്തേരിയിൽ നടന്നു. 

ഐപിസി മേലുകാവ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. വർഗീസ് ശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ ഡാനിയേൽ ജോർജ് നേതൃത്വം നൽകി. പാസ്റ്റർ പി. ജോയ് , പ്രൊഫ. സാം സക്കറിയ ഉൾപ്പെടെ  പെന്തെക്കോസ്ത് സമൂഹത്തിലെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.

ഗുഡ്‌ന്യൂസ് കുടുംബത്തിന് വേണ്ടി റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, കെ.സി ചാക്കോ എന്നിവർ ഭവനത്തിലെത്തി റീത്ത് സമർപ്പിച്ചു അനുശോചന വാക്കുകൾ അറിയിച്ചു.

ഭാര്യ: ഷൈനി ഷിബു. മക്കൾ: സാം ജോസ് ഷിബു, ജോസിയ ഷിബു.

ഗുഡ്ന്യൂസ് വാരികയിലെ എഴുത്തുക്കാരനും, ഓൺലൈൻ ഗുഡ്ന്യൂസിലെ ഉൾക്കാഴ്ച്ച എന്ന പക്തിയുടെ ലേഖകനുമായിരുന്നു പാസ്റ്റർ ഷിബു ജോസഫ്. 

മുംബൈയിലെ വിവിധ ഐപിസി സഭകളിലും, കോട്ടയം ജില്ലയിലും, വിശാഖ പട്ടണത്തും, കൽപ്പറ്റ ടൗൺ സഭയിലും ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. പാർക്കിൻസൺസ് രോഗം ബാധിച്ചാണ് മരണം സംഭവിച്ചത്. 

Advertisement