വിശ്വാസി ആത്മീക സന്തോഷം നിലനിർത്തണം: പാസ്റ്റർ  ഏബ്രഹാം മാത്യൂ

വിശ്വാസി ആത്മീക സന്തോഷം നിലനിർത്തണം: പാസ്റ്റർ  ഏബ്രഹാം മാത്യൂ

പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷൻ ചെന്നൈയിൽ  സമാപിച്ചു

ചാക്കോ കെ.തോമസ്, ബെംഗളൂരു

ചെന്നൈ: യേശുക്രിസ്തുവിൽ വിശ്വസിച്ച് പാപങ്ങളെ ഏറ്റ് പറഞ്ഞ് ആത്മീയ സന്തോഷം പ്രാപിച്ചവരാണ് വിശ്വാസികളെന്നും അവർ ലഭിച്ച സന്തോഷം നിലനിർത്തണമെന്നും ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു.

കഴിഞ്ഞ നാല് ദിവസമായ് ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന  ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ  രാജ്യാന്തര കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
പാപത്തെ ഏറ്റ് പറഞ്ഞവർ പാപങ്ങളിൽ നിന്ന് അകലം പ്രാപിച്ച് ജീവിക്കേണ്ടവരാണെന്നും പരിശുദ്ധാത്മാവിൽ നിറഞ്ഞ് ദൈവ സാനിധ്യത്തിൻ്റെ പുതുമ നിലനിർത്താൻ അവർ പ്രതിജ്ഞാബന്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. 
പരിശുദ്ധാത്മാവിൻ്റെ സാനിധ്യം മുഖാന്തിരം മനസ്സിലും ആത്മാവിലും പരിവർത്തനം സംഭവിച്ചവരാണ് യഥാർഥ ദൈവമക്കളെന്നും അദ്ദേഹം പ്രസ്താവിച്ചു.

പാസ്റ്റർ എം.റ്റി.തോമസിൻ്റെ  പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എസ്.ഏബ്രഹാം ( മുംബൈ) പ്രസംഗിച്ചു.

കൺവെൻഷനിൽ സ്തോത്രാരാധനാ, ബൈബിൾ ക്ലാസ്, പൊതുയോഗം, ഉണർവ് യോഗം, യുവജനസമ്മേളനം, സുവിശേഷ പ്രസംഗം ,അനുഭവസക്ഷ്യങ്ങൾ, സ്നാന ശുശ്രൂഷ എന്നിവ നടത്തി.

കൺവെൻഷനിൽ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, പാസ്റ്റർ ഗ്രിഗ്ഗ് വിൽസൺ (യു.എസ്), പാസ്റ്റർ റോബിൻ ജോഷ്യാ (ആസ്ട്രേലിയ) എന്നിവർ പ്രസംഗിച്ചു.
 പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.  

 മാർച്ച് 11-നു രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.
കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.