എല്ലാവരുടെയും സ്നേഹപാത്രമായ ബ്രിഗേഡിയർ അങ്കിൾ

എല്ലാവരുടെയും സ്നേഹപാത്രമായ ബ്രിഗേഡിയർ അങ്കിൾ

എല്ലാവരുടെയും സ്നേഹപാത്രമായ ബ്രിഗേഡിയർ അങ്കിൾ

ഡോ. സി.റ്റി ലൂയിസ്കുട്ടി

ന്ത്യൻ സൈന്യത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരിക്കെ സുവിശേഷസത്യം അംഗീകരിച്ച് സ്നാനപ്പെട്ടു പെന്തക്കോസ്തു വിശ്വാസി ആയിത്തീർന്ന ബ്രിഗേഡിയർ ജോർജ് തോമസിനെ വളരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടെ മാത്രമേ ഓർക്കുവാൻ കഴികയുള്ളു. ഇന്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) ൽ എല്ലാവർക്കും ഏറ്റവും പ്രിയങ്കരനായിരുന്നു ബ്രിഗേഡിയർ അങ്കിൾ. യുവജനങ്ങളെ അങ്ങേയറ്റം സ്നേഹിച്ച ഒരു വ്യക്തി. ശാരീരികമായി വളരെ ക്ഷീണം ഉണ്ടായിരുന്ന കാലത്തുപോലും മലബാറിൽ നടക്കുന്ന ക്യാമ്പുകളിൽ ആദ്യന്തം പങ്കെടുക്കുമായിരുന്നു. ആണ്ടു തോറും മുട്ടുമണ്ണിൽ നടക്കുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സ്കൂൾ ഓഫ് യൂത്ത് ലീഡർഷിപ് ക്യാമ്പുകളിൽ ബ്രിഗേഡിയറും ഭാര്യ സുമ സഹോദരിയും കുട്ടികൾ വരുന്നതിനു മുമ്പു വരികയും എല്ലാവരും പോകുന്നത് വരെ താമസിക്കുകയും ചെയ്യുന്നത് യുവജനങ്ങളോടുള്ള അവരുടെ സ്നേഹത്തിന്റെ തെളിവായിരുന്നു. ക്യാമ്പുകളിൽ പ്രസംഗകരായി വന്നു അവരുടെ പരിപാടി നടത്തിയിട്ടു പോകുന്നവരല്ലായിരുന്നു ഇരുവരും. വ്യക്തിപരമായി അവർക്കു ആവശ്യമായ കൗൺസിലിംഗ് നൽകുകയും വേണ്ടി വരുമ്പോൾ ശാസിക്കുകയും ചെയ്യുന്ന മാതാപിതാക്കന്മാരായിട്ടാണ് ഞാൻ അവരെ കണ്ടിട്ടുള്ളത്. ശാസന ആവശ്യമായി വരുമ്പോളും, "പുത്രാ" അല്ലെങ്കിൽ "പുത്രീ" എന്നുള്ള അഭിസംബോധനയിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സ്നേഹം പ്രകടമായിരുന്നു.

ഇന്ത്യയൊട്ടാകെ, പ്രത്യേകിച്ച് ബാംഗ്ലൂരിൽ, അദ്ദേഹത്തിനു ഒരു വലിയ ശിഷ്യഗണം ഉണ്ട്. അനേകരോട് സുവിശേഷം പറയുകയും വേദപുസ്തകോപദേശം പഠിപ്പിച്ച് സ്നാനത്തിലേക്കു നയിക്കുകയും ചെയ്യുന്നതിൽ ബ്രിഗേഡിയർ അങ്കിൾ വിജയിച്ചിട്ടുണ്ട്. പല യൗവനക്കാർക്കും ഒരു അഭയകേന്ദ്രമായിരുന്നു അവരുടെ ഭവനം. വിശ്വാസസ്നാനം, യേശുക്രിസ്തുവിന്റെ കർത്തൃത്വം, ക്രിസ്തീയശിഷ്യത്വം മുതലായ വിഷയങ്ങൾ ആധികാരികമായി പഠിപ്പിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ബ്രിഗേഡിയർക്കു ഒരു വലിയ സുഹൃത്‌വലയം ഉണ്ടായിരുന്നു. കൂടെക്കൂടെ ഞങ്ങളെയൊക്കെ വിളിച്ചു സംസാരിക്കുന്നതിൽ അദ്ദേഹം ഉൽസുകനായിരുന്നു. താൻ ആരോട് സംസാരിക്കുന്നുവോ അവർ ദൈവത്തിനു പ്രിയരാകുന്നു എന്ന ബോധം അവരിൽ ഉളവാക്കുന്ന രീതിയിലാണ് അദ്ദേഹം ഇടപെടുന്നത്. ബ്രിഗേഡിയർ അങ്കിളിന്റെ സംഭാഷണങ്ങളിൽ മറ്റുള്ളവരോട് ബഹുമാനവും, ദൈവത്തോട് സ്നേഹവും ഭക്തിയും പ്രകടമായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങളിൽ പെന്തക്കോസ്തുസഭയുടെ ഇന്നത്തെ നിലവാരം സംസാരവിഷയം ആകാറുണ്ടായിരുന്നു. ഉപദേശശുദ്ധിയും ജീവിതനൈർമ്മല്യവും സൂക്ഷിക്കാത്ത നേതാക്കന്മാരെ വിമർശിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ലായിരുന്നു.

 ക്രിസ്തീയസമൂഹത്തിനു, പ്രത്യേകിച്ചു ICPF ന് ഒരു വലിയ നഷ്ടമാണ് ബ്രിഗേഡിയർ തോമസിന്റെ നിര്യാണം മൂലം സംഭച്ചിരിക്കുന്നത്. എങ്കിലും ദൈവം തന്നെ ഏല്പിച്ച ദൗത്യം കാര്യക്ഷമതയോടും വിശ്വസ്തതയോടും കൂടെ നിർവഹിച്ചു കഴിഞ്ഞശേഷം തന്റെ പിതാവിന്റെ സന്നിധിയിലേക്കു ചേർക്കപ്പെട്ടിരിക്കുന്നതിൽ ഞങ്ങൾ എല്ലാവരും ആശ്വാസം പ്രാപിക്കുന്നു.