പാസ്റ്റർ സാം ജോൺ: സ്നേഹത്തിൻ്റെ സുവിശേഷകൻ

പാസ്റ്റർ സാം ജോൺ:  സ്നേഹത്തിൻ്റെ സുവിശേഷകൻ

പാസ്റ്റർ സാം ജോൺ : സ്നേഹത്തിൻ്റെ സുവിശേഷകൻ

പാസ്റ്റർ ബാബു ചെറിയാൻ

ഞങ്ങൾ സ്നേഹപൂർവം റെജി എന്നു വിളിക്കുന്ന പാസ്റ്റർ സാം ജോൺ അറിയപ്പെടുന്ന ഒരു പ്രഭാഷകനല്ല;  പ്രവാചകനുമല്ല. ആമോസ് പറയുന്ന വാക്കാണ് എനിക്ക് ഓർമ്മ വരുന്നത്. ഞാൻ പ്രവാചകനുമല്ല , പ്രവാചക ശിഷ്യനുമല്ല. കാട്ടത്തിപ്പഴം പെറുക്കി നടക്കുന്നവനും ആട്ടിടയനുമത്രെ.

എന്നിട്ടും എറണാകുളം പട്ടണത്തിൽ നൂറുക്കണക്കിന് യൗവനക്കാരെ നിത്യതയുടെ വെളിച്ചത്തിലേക്കും ക്രിസ്തുയേശുവിൻ്റെ സ്നേഹത്തിലേക്കും സുവിശേഷ വയലിലേക്കും നയിച്ച സ്നേഹത്തിൻ്റെ സുവിശേഷകൻ ആണ് പാസ്റ്റർ സാം ജോൺ (റെജി). അദ്ദേഹത്തിന് സുവിശേഷത്തോടുള്ള സമർപ്പണവും ആത്മഭാരവും എന്നെ ആകർഷിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തിൻ്റെ സൗമ്യമുഖമായിരുന്നു റെജി. മനസുമുഴുവൻ ക്രിസ്തു സ്നേഹത്താൽ നിറഞ്ഞവനായതിനാൽ ആ സ്നേഹ സ്പർശം അനേകർക്ക് തൂവൽ സ്പർശമായി. യേശുവിൻ്റെ ഭാവം ജീവിതം കൊണ്ടും പ്രവർത്തികൊണ്ടും പകർന്നു നല്കിയ മിഷനറിയായിരുന്നു അദ്ദേഹം.  

ഞങ്ങൾ സഹശുശ്രൂഷകരുടെയിടയിൽ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് മിഷനറിമാർക്കിടയിലെ ഒരു 'റോൾ മോഡൽ' എന്നായിരുന്നു. 

യോഹന്നാൻ സ്നാപകൻ അത്ഭുതമൊന്നും ചെയ്തിട്ടില്ല എന്ന് എഴുതിയിരിക്കുന്നതുപോലെ ഒരിക്കൽ പോലും പാസ്റ്റർ റെജിയുടെ ഫോട്ടോയോ അദ്ദേഹം പ്രസംഗിക്കുന്നതായിട്ടുള്ള ബാനറുകളോ വാൾപോസ്റ്റുകളോ ഒന്നും ഞാൻ കണ്ടിട്ടില്ല. എങ്കിലും അദ്ദേഹം ഭാരതത്തിലെ വിവിധ സ്റ്റേറ്റുകളിലും നിരവധി വിദേശ രാജ്യങ്ങളിലും ക്രിസ്തുവിൻ്റെ ശബ്ദമായി.

ഇരുത്തം വന്ന നല്ലൊരു സംഗീതജ്ഞനും അറിയപ്പെടുന്ന ട്രംമ്മറുമായിരുന്നു. വേദിയിൽ നിന്നുകൊണ്ട് പാട്ടിലൂടെ സന്ദേശങ്ങൾ കൈമാറുമ്പോഴൊക്കെ പരിശുദ്ധത്മാവിൻ്റെ കവിഞ്ഞൊഴുക്ക് ജനഹൃദയങ്ങളിൽ പരന്നൊഴുകുമായിരുന്നു.

അദ്ദേഹത്തിൻ്റെ നിറഞ്ഞ പുഞ്ചിരിയും സ്നേഹത്തോടെയുള്ള ആശ്ലേഷവും ഏതൊരു വ്യക്തിയേയും ക്രിസ്തുവിലേക്ക് അടുപ്പിക്കുമായിരുന്നു.   

ഒത്തിരി വേദശാസ്ത്ര ബിരുദങ്ങൾ എടുത്തവരും ഒത്തിരി ഗംഭീര പ്രസംഗങ്ങൾ ചെയ്യുന്നവരും ഖണ്ഡനങ്ങളും വേദശാസ്ത്ര വിചിന്തനങ്ങളും നടത്താൻ കഴിവുള്ളവർക്ക് ആത്മാക്കളെ നേടാൻ കഴിയണമെന്നില്ല.

പലപ്പോഴും എനിക്ക് സാമിനോട് അസൂയ തോന്നാറുണ്ട്. സ്നേഹംകൊണ്ടുള്ള ഒരു അസൂയ.

കേരളത്തിൻ്റെ മയക്കുമരുന്ന് ഹബ്ബാണ് എറണാകുളം സിറ്റിയെന്നു പറഞ്ഞാൽ അതിശയോക്തിയാകത്തില്ല. അതിൻ്റെയിടയിൽ ക്രിസ്തുവിൻ്റെ സ്നേഹം നിമിത്തം ഒരുപറ്റം ചെറുപ്പക്കാരെ എക്സോഡസിലേക്ക് ആകർഷിക്കാൻ തനിക്ക് കഴിഞ്ഞു.

ഒരു പുറപ്പാട്. മരണത്തിൽ നിന്നും നിത്യജീവനിലേക്കുള്ള പുറപ്പാട്. അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുറപ്പാട്. കനാനിലേക്ക്, നിത്യതയിലേക്ക് ഒരു പുറപ്പാടിനു വേണ്ടി എറണാകുളത്തൊരു ഗ്രൂപ്പിനെ അദ്ദേഹം സജ്ജമാക്കിയിട്ടുണ്ട്. അതു വളരട്ടെ. അതു നിലനില്ക്കട്ടെ. റെജിയുടെ സ്നേഹത്താൽ ആകർഷിക്കപ്പെട്ട അനേകം സുവിശേഷകർ ആ സഭയിൽ ഉണ്ട്. അവർ ഇനിയും കൊച്ചി പട്ടണത്തെ നേടട്ടെയെന്നു ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

പല തവണ എക്സോഡസ് ചർച്ചിൽ ദൈവവചനം ശുശ്രൂഷിക്കുവാൻ എനിക്കും എൻ്റെ സഹശുശ്രൂഷകർക്കും കഴിഞ്ഞിട്ടുണ്ട്. പല മിഷനറി പ്രവർത്തനങ്ങളിൽ റെജി പാസ്റ്ററോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ ഇടയായിട്ടുണ്ട്.

പ്രിയ റെജിയുടെ സഹോദരി ഭർത്താവ് ടോണി ചെവൂക്കാരൻ എൻ്റെയൊരു സ്നേഹിതനാണ്.

ദുഃഖിക്കുന്ന കുടുംബത്തിന് ആശ്വാസം പകർന്നു കൊടുക്കാൻ നമുക്ക് കഴിയില്ലല്ലോ. കർത്താവിന് അതു കഴിയും. കർത്താവ് അതു ചെയ്യും. അതു ചെയ്തു കഴിഞ്ഞു.

തൻ്റെ സഹധർമ്മിണി ആഷ, പ്രിയപ്പെട്ട കുഞ്ഞുങ്ങളെ നിങ്ങൾ അനാഥരല്ല. നിങ്ങൾ അനാഥരാകുകയില്ല. യേശു പറഞ്ഞു: ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. അതെ, ദുഃഖത്തിലായിരിക്കുന്ന എല്ലാവരെയും ദൈവം ആശ്വസിപ്പിക്കട്ടെ.