പാസ്റ്റർ സണ്ണി വർക്കി: അവിസ്മരണീയ വ്യക്തിത്വം

പാസ്റ്റർ സണ്ണി വർക്കി:  അവിസ്മരണീയ വ്യക്തിത്വം

പാസ്റ്റർ സണ്ണി വർക്കി: അവിസ്മരണീയ വ്യക്തിത്വം

പാസ്റ്റർ ഡോ. ഒ.എം.രാജുകുട്ടി

മ്മെ വിട്ടു കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പാസ്റ്റർ സണ്ണിവർക്കിയുടെ ദേഹവിയോഗത്തിൽ ഞാനും എന്റെ കുടുംബവും WME പ്രസ്ഥാനവും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിന് വലിയൊരു നഷ്ടമാണ് എന്നതിന് രണ്ടുപക്ഷമില്ല. ഇത്തരുണത്തിൽ ചർച്ച്‌ ഓഫ് ഗോഡ് സമൂഹത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

വളരെ ചെറുപ്രായം മുതൽ കർത്താവിന്റെ വേലയിൽ ശക്തമായി പ്രവർത്തിച്ച ദൈവദാസനാണ് സണ്ണി വർക്കി. ചർച്ച്‌ ഓഫ് ഗോഡ് സഭയുടെ ഓഫീസ്‌ സെക്രട്ടറി, ഓവർസീയർ, എഡ്യൂക്കേഷണൽ ഡയറക്ടർ മുതലായ പല ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുവാൻ കർത്താവു തന്റെ ദാസനെ ഉപയോഗിച്ചു. മലങ്കരയിലെ അറിയപ്പെടുന്ന ഒരു സുവിശേഷ പ്രഭാഷകനായി ദൈവം അദ്ദേഹത്തെ ഉയർത്തി. ഇപ്പോഴും ശുശ്രൂഷയിൽ സജീവമായി തുടർന്നുവരുമളവിലാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെടുന്നത് എന്നത് എത്രയോ ഭാഗ്യകരം ! പൗലോസ് പറഞ്ഞതുപോലെ "ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു; ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു." അതെ, തന്റെ ഓട്ടം തികച്ചു കിരീടങ്ങൾക്കായി അദ്ദേഹം കടന്നുപോയിരിക്കുന്നു.

പാസ്റ്റർ സണ്ണി വർക്കിയുമായി വളരെ ഇഴയടുപ്പമുള്ള ബന്ധമാണ് എനിക്കും എന്റെ കുടുംബത്തിനും WME പ്രസ്ഥാനത്തിനും ഉള്ളത്. അദ്ദേഹം ഞങ്ങളുടെ ഒരു കുടുംബാംഗത്തെപ്പോലെയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഷേർളി സണ്ണി WME-യിലെ അനുഗ്രഹീതനായിരുന്ന കർത്തൃദാസൻ പാസ്റ്റർ V. C. ജോൺ അവർകളുടെ മകളാണ്. അവരുടെ വിവാഹത്തോടെയാണ് പാസ്റ്റർ സണ്ണിവർക്കിയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായത്. മാത്രമല്ല, അദ്ദേഹത്തിന്റെ മൂത്ത മകൾ ഡോ. ഗിഫ്റ്റിയുടെ വിവാഹശുശ്രൂഷ നടത്തുവാൻ അദ്ദേഹം എന്നെയാണ് ക്ഷണിച്ചത്. അതുപോലെ, എന്റെ മൂത്ത മകളുടെ വിവാഹത്തിൽ മുഖ്യ സന്ദേശം അദ്ദേഹമായിരുന്നു. അങ്ങനെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വളരെ ആഴമുള്ളതാണ്. കരിയംപ്ലാവ് കൺവൻഷനിൽ അനേക പ്രാവശ്യം അദ്ദേഹം കടന്നുവന്നു ശുശ്രൂഷിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ കൺവെൻഷനിൽ അനേകപ്രാവശ്യം കടന്നുപോയി വചനം ശുശ്രൂഷിപ്പാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് വരുമ്പോൾ ഉള്ള പ്രതീതിയാണ് തനിക്കുള്ളതെന്നു പലപ്രാവശ്യം അദ്ദേഹം പറഞ്ഞിട്ടുള്ളത് ഞാൻ ഓർക്കുന്നു. അവസാനമായി അദ്ദേഹം വന്നത് 73-മത്‌ കരിയംപ്ലാവ് കൺവൻഷനിലാണ്. അന്ന് അദ്ദേഹത്തിന്റെ ദൂത് "നീതിമാന്റെ യാത്ര മേലോട്ടാകുന്നു; അവൻ കീഴെയുള്ള പാതാളത്തെ ഒഴിഞ്ഞുപോകുന്നു" എന്നതായിരുന്നു. ശക്തമായ ദൂതായിരുന്നു. അദ്ദേഹം പ്രസംഗിച്ചതുപോലെ ഉയരത്തിൽ കർത്തൃസവിധത്തിലേക്കു അദ്ദേഹം കടന്നുപോയിരിക്കുന്നു. നമുക്ക് വലിയൊരു പ്രത്യാശയുണ്ട് (a glorious hope). നമ്മുടെ കർത്താവു കാഹളധ്വനിയോടെ മധ്യകാശത്തിൽ മടങ്ങിവരുമ്പോൾ കർത്താവിനോടുകൂടെ തേജസ്സിന്റെ ശരീരം ധരിച്ച സണ്ണിവർക്കിയെ നാം വീണ്ടും കാണും. യാത്രാമൊഴിയായി പറയാനുള്ളത് : "പ്രിയ പാസ്റ്റർ സണ്ണി വർക്കി അങ്ങ് പൊയ്ക്കൊൾക; കലാന്ത്യത്തിൽ അങ്ങയുടെ ഓഹരി പ്രാപിക്കാൻ എഴുന്നേറ്റുവരുമ്പോൾ നമുക്ക് വീണ്ടും കാണാം." തിരുവചനം പറയുന്നു: "എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും." അതെ, നമ്മുടെ ഓർമ്മകളിൽ അദ്ദേഹം എന്നും ഒരു നക്ഷത്രമായി നിലനിൽക്കുകതന്നെ ചെയ്യും. പ്രത്യാശയോടെ നമുക്കോരോരുത്തർക്കും നമ്മുടെ ഓട്ടം തികക്കാം. വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന കർത്തൃദാസി ഷേർളി സണ്ണിയെയും പ്രിയ കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും കർത്താവു തന്റെ വചനത്താൽ ആശ്വസിപ്പിക്കുമാറാകട്ടെ.