ഡോ. ജെ വിൽസൻ കർമ്മനിരതനായ സുവിശേഷ പോരാളി

ഡോ. ജെ വിൽസൻ കർമ്മനിരതനായ സുവിശേഷ പോരാളി

ഡോ. ജെ വിൽസൻ കർമ്മനിരതനായ സുവിശേഷ പോരാളി

ജേക്കബ് പാലക്കൽ ജോൺ, പാട്ന

രണ്ടു വർഷങ്ങൾക്ക് മുൻപാണ് ബ്രദർ ഡോ. ജെ വിൽസനെ കുറിച്ച് ഞാൻ കേൾക്കുന്നത്. 

പാട്നയിൽ ഞാൻ താമസിക്കുന്ന വീട്ടിൽ വന്ന ഒരു ദൈവദാസൻ എന്നോട് ജെ.വിൽസനെ അറിയാമോ എന്ന് ചോദിച്ചു. എന്നാൽ എനിക്ക് അദ്ദേഹത്തെ വേണ്ടത്ര പരിചയം ഇല്ലായിരുന്നു. തുടർന്ന് ചില മാസങ്ങൾക്ക് ശേഷം അദ്ദേഹത്തോടൊപ്പം എനിക്ക് ഒരു സൂം മീറ്റിംഗിൽ സംബന്ധിക്കുവാൻ ഭാഗ്യം ഉണ്ടായി. അതിനുശേഷം എനിക്ക് ഒരുപാട് തവണ മീറ്റിങ്ങുകളിൽ അദ്ദേഹത്തോടൊപ്പം സംബന്ധിക്കുവാൻ കർത്താവ് കൃപ ചെയ്തു. വളരെ സൗമ്യമായ സംസാരവും, ലളിതമായ ജീവിതരീതിയും, പ്രാർത്ഥനയോടുള്ള തൻ്റെ അഭിനിവേശവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് (അയിരൂപ്പാറ) LAC ഭവനിൽ ജസ്റ്റസിൻ്റെയും, സെൽവിയുടെയും ഏഴ് മക്കളിൽ ആറാമനായി 1964 മെയ് 21ന് ജനിച്ചു.

പതിനാലാം വയസ്സിൽ രക്ഷിക്കപ്പെട്ടു. പതിനഞ്ച് വയസ്സ് മുതൽ സുവിശേഷ പ്രവർത്തനം ആരംഭിച്ചു.

ആദ്യ കാലഘട്ടങ്ങളിൽ ട്യൂഷൻ പഠിപ്പിച്ചും, എൽ ഐ സി ഏജന്റായി വർക്ക് ചെയ്തും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് താൻ സുവിശേഷ പ്രവർത്തനം ആരംഭിച്ചത്.

നാല് പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യയിലും വിദേശത്തും താൻ ചെയ്ത പ്രവർത്തനങ്ങൾ ഇപ്പോൾ ഉള്ളവർക്കും,വരും തലമുറകൾക്കും അനുകരണീയവും ഒപ്പം അഭിനന്ദനാർഹവും ആണ്.

നെയ്യാറ്റിൻകര പരശുവയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലവ് ആർമി ക്രൂസേഡ്, ഗിദയോൻ പ്രയർ മൂവ്മെന്റ് എന്നീ ആത്മീക സംഘടനകളുടെ സ്ഥാപകനും പ്രസിഡണ്ടും ആയിരുന്നു ബ്രദർ ഡോക്ടർ ജെ വിൽസൺ. വേദ അധ്യാപകൻ, മിഷനറി ലീഡർ, ഗ്രന്ഥ രചയിതാവ്, ലീഡേഴ്സ് ട്രെയിനർ,പ്രാർത്ഥന വീരൻ എന്നീ നിലകളിൽ താൻ അറിയപ്പെട്ടിരുന്നു. 

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇന്ത്യൻ സുവിശേഷീകരണത്തിന് വേണ്ടി ലീഡേഴ്സിനെ സജ്ജമാക്കുന്ന, മിഷൻ കേന്ദ്രവും, ലീഡേഴ്സ് ട്രെയിനിങ് സെൻററും ഉണ്ട്.

പരസ്യ യോഗങ്ങൾ, കൺവെൻഷനുകൾ, പ്രാർത്ഥനാ കൂട്ടായ്മകൾ, പ്രാർത്ഥന ടൂറുകൾ തുടങ്ങി നിരവധി സുവിശേഷീകരണ പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്നു.

ഇന്ത്യൻ സുവിശേഷീകരണത്തിൽ പ്രാർത്ഥനയ്ക്കുള്ള പങ്ക് എത്രമാത്രം വലുതാണെന്ന് മിഷനറി മാർക്ക് അറിവ് പകർന്ന ഉജ്ജ്വലനായ ദൈവഭൃത്യനായിരുന്നു താൻ. 

ഇന്ത്യയിലെ ഏകദേശം 325- ഗ്രാമങ്ങളിൽ മൂന്നു മണിക്കൂർ വീതം ദൈവദാസന്മാരെ കൂട്ടിയുള്ള പ്രാർത്ഥന നടത്തി. പ്രയർ ടൂറിലായിരുന്നു ബ്രദർ ജെ. വിൽസനും ടീം അംഗങ്ങളും. ഹരിയാനയിലെ റീവാരി ജില്ലയിൽ ഒരു സ്കൂളിൽ നടന്ന പ്രാർത്ഥനയിൽ ശക്തമായ വചന സന്ദേശം നൽകിയതിനു ശേഷം രാത്രി വിശ്രമത്തിനായി ഗുഡ് ഗാവിലെ പാസ്റ്റർ ജോൺ എം ഫിലിപ്പിന്റെ ഭവനത്തിലേക്കുള്ള യാത്രാ മധ്യേ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് വാഹനം നിർത്തി കൂടെയുണ്ടായിരുന്ന ബ്രദർ അനീഷ്, പാസ്റ്റർ ജോണി എന്നിവർ ആംബുലൻസിൽ കർതൃദാസനെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു. 

ഇത്രയധികം തീക്ഷ്ണതയോടെ വിശ്രമമില്ലാതെ പ്രവർത്തിച്ച ദൈവദാസൻ തൻ്റെ ഓട്ടം തികച്ച് അക്കര നാട്ടിൽ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ അടുക്കൽ വിശ്രമത്തിനായി കടന്നു പോയിരിക്കുന്നു.

ജീവിതത്തിൽ അനേക വെല്ലുവിളികളെ അതിജീവിച്ച പ്രിയ കർതൃദാസൻ മറ്റ് ദൈവ ഭൃത്യൻ മാർക്ക് പകർന്നു കൊടുത്ത പ്രാർത്ഥനയുടെ ഊർജ്ജം ചെറുതല്ല. പലപ്പോഴും ശാരീരിക അസ്വസ്ഥതകളെ താൻ വക വെച്ചില്ല. മറിച്ച് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന സുവിശേഷീകരണ ദൗത്യം അന്ത്യശ്വാസം വരെ വിശ്വസ്തതയോടെ ചെയ്യണം എന്ന് മാത്രമേ താൻ കരുതിയിരുന്നുള്ളൂ.

ബ്രദർ ഡോ.ജെ. വിൽസൻ്റെ പെട്ടെന്നുള്ള ദേഹവിയോഗം നമുക്ക് ഒരു വലിയ വിടവ് തന്നെയാണ്

അദ്ദേഹത്തിൻ്റെ ഭാര്യ സിസ്റ്റർ സുജയെയും മക്കൾ എബിൻ, ജിബിൻ, മരുമകൾ റോഷിൻ എന്നിവരെയും കർത്താവ് ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.