മറിയാമ്മ തമ്പി : പോയ്മറഞ്ഞതു സമാനതകളില്ലാത്ത ദൈവദാസി

മറിയാമ്മ തമ്പി : പോയ്മറഞ്ഞതു സമാനതകളില്ലാത്ത ദൈവദാസി

അനുസ്മരണം :

മറിയാമ്മ തമ്പി : പോയ്മറഞ്ഞതു സമാനതകളില്ലാത്ത ദൈവദാസി 

സജി ഫിലിപ്പ് തിരുവഞ്ചൂർ

ലയാളക്കരയിൽ സമാനതകളില്ലാത്ത പെന്തെക്കോസ്തു സുവിശേഷകയാണു സിസ്റ്റർ മറിയാമ്മ തമ്പിയുടെ വേർപാടിലൂടെ നഷ്ടമായത്. പ്രസംഗക, സംഘാടക, ബൈബിൾസ്‌കൂൾ സ്ഥാപക, വിവർത്തക, കൃപാവരശുശ്രൂഷക തുടങ്ങിയ നിലകളിൽ അരനൂറ്റാണ്ടിലധികം നിറസാന്നിധ്യമായിരുന്ന പരേത നിരവധി ആത്മീയഗുണങ്ങളുടെ വിളനിലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ അഭൂതപൂർവമായ വളർച്ച നേടിയ ന്യൂ ഇൻഡ്യാ ദൈവസഭ സ്ഥാപിക്കുന്നതിൽ ഭർത്താവ് പാസ്റ്റർ വി. എ. തമ്പിയോടൊപ്പം വിശ്രമമില്ലാതെ അധ്വാനിച്ച ഈ ദൈവദാസി താണ്ടിയ കല്ലുംമുള്ളും നിറഞ്ഞ പാതകൾക്കു കണക്കില്ല. നിരന്തര വിശ്വാസവും ദൈവാശ്രയവും മൂലം അവയെ ഓരോന്നായി അതിജീവിച്ചാണു ക്രൈസ്തവസേവനരംഗത്തു ജീവിക്കുന്ന ഇതിഹാസമായി മാറിയത്. 

കേരളത്തിൽനിന്നു നാഗർകോവിലിൽ താമസമാക്കിയ രഞ്ജിത് സിംഗിന്റെയും ഏലിയാമ്മയുടെയും മൂത്തമകളായി 1949 ഓഗസ്റ്റ് മൂന്നിനാണു 'കരുണ' എന്ന വിളിപ്പേരുള്ള മറിയാമ്മ ജനിച്ചത്. ബി. എസ്‌സി സുവോളജി വിദ്യാർഥിനിയായിരിക്കുമ്പോൾ നടരാജ മുതലിയാരുടെ പ്രസംഗം കേട്ട് കുടുംബാംഗങ്ങളോടൊപ്പം കർത്താവിനെ രക്ഷകനായി സ്വീകരിച്ചു, സ്‌നാനമേറ്റു. വിശ്വാസത്തിൽ വന്നതോടെ സുവിശേഷകയാകാനുള്ള തീവ്രാഭിലാഷം തന്നിൽ മുറ്റിനിന്നു. ആ സമയത്താണു യുവസുവിശേഷകൻ വി. എ. തമ്പി അവരുടെ സഭാകൺവൻഷനിൽ പ്രസംഗകനായെത്തുന്നത്. സുവിശേഷം നിമിത്തം വീട്ടിൽനിന്നിറക്കിവിട്ടതും പട്ടിണികിടന്നതുമെല്ലാം പ്രസംഗത്തിൽ അദ്ദേഹം പങ്കുവച്ചു. ആ ധീരസുവിശേഷകന്റെ ജീവിതത്തിലും ശുശ്രൂഷയിലും ആകൃഷ്ടനായ രഞ്ജിത് സിംഗ് മകളുടെ സുവിശേഷതീവ്രത അദ്ദേഹത്തോടു പങ്കുവച്ചു, മകളെ തനുക്കു ജീവിതപങ്കാളിയായി നല്കാനുള്ള താൽപര്യം പ്രകടിപ്പിച്ചു. തമ്പിയുപദേശി തന്റെ ഇല്ലായ്മകൾ നിരത്തി അദ്ദേഹത്തെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുദീർഘമായ ആ സംഭാഷണം വിവാഹസമ്മതത്തിൽ കലാശിക്കുകയായിരുന്നു. 1970 ഒക്‌ടോബർ 26നു തിരുവല്ല ശാരോൻ ഹോളിൽ പാസ്റ്റർ കെ. ഇ. ഏബ്രഹാമാണു വിവാഹം ആശീർവദിച്ചത്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽനിന്നും വളരെ ചുരുക്കം പേരെ പങ്കെടുപ്പിച്ചുള്ള ആർഭാടരഹിതമായ ചടങ്ങായിരുന്നു അത്. വിവാഹാനന്തരമുള്ള ആദ്യത്തെ മൂന്നു മാസം വാടവീടുപോലുമില്ലായിരുന്നു. അതിനുശേഷം ചങ്ങനാശ്ശേരിയിൽ വാടകവീടെടുത്തത്. അപ്പോഴും അടുത്ത നേരം ഭക്ഷണത്തിനു ദൈവത്തിൽ വിശ്വസിക്കണമായിരുന്നു. 'ആ മൂന്നു വർഷം കർത്താവിൽനിന്നും ഭർത്താവിൽനിന്നും വിശ്വാസം പഠിക്കുന്ന കളരിയായിരുന്നു ജീവിതം' എന്നാണു സിസ്റ്റർ മറിയാമ്മ തമ്പി അതിനെ പിന്നീടു വിശേഷിപ്പിച്ചത്. 

ഒരു പതിറ്റാണ്ടിലധികം മാരകരോഗങ്ങളുടെ പിടിയിലകപ്പെട്ടു കഴിയുമ്പോഴും വിശ്വാസത്തിന്റെ ജീവിതപാഠങ്ങൾ തലമുറയ്ക്കു പങ്കുവയ്ക്കാനുള്ള അവസരം അവർ തേടിക്കൊണ്ടിരുന്നു. രോഗമാണെന്നു കേൾക്കുമ്പോൾ പലരും തളർന്നടിയുമ്പോൾ ദൃശ്യമാധ്യമ, ഗ്രന്ഥ രചനാലോകങ്ങളിലേക്കു കൂടുതൽ ആഴ്ന്നിറങ്ങുകയായിരുന്നു ആ ദൈവദാസി. സർജറിയും കീമോതെറപ്പിയുമൊന്നും തന്നെ തളർത്തിയില്ല. 'മനസ്സു തുറക്കുമ്പോൾ' എന്ന ടെലിവിഷൻ പരിപാടിയും ഗ്രന്ഥരചനയും വരുംതലമുറയ്ക്കു മാർഗദർശനമായി. 'പോരിന്റെ ആയുധങ്ങളെക്കാൾ മികവുള്ളത്', 'സ്വർഗം തികെച്ചും യാഥാർഥ്യം' (പരിഭാഷ) എന്നിവ പ്രസിദ്ധമാണ്. അന്ത്യാഭിലാഷം എന്നപോലെ സ്വാനുഭവങ്ങൾ ചാലിച്ചെഴുതിയ 'മനസ്സു തുറന്നപ്പോൾ' എന്ന ഗ്രന്ഥം പെന്തെക്കോസ്തു ചരിത്രവീഥിയിൽ ഒരു നാഴികക്കല്ലുതന്നെയാണ്. തന്റെ ദാരിദ്ര്യത്തിന്റെയും കഷ്ടതകളുടെയും സംഘർഷത്തിന്റെയും നേർക്കാഴ്ച അല്പമെങ്കിലും ലോകമറിയുന്നതു ഈ പുസ്തകത്തിന്റെ വായനയിലൂടെയാണ്.

   സുവിശേഷവേലയ്ക്കു പ്രഥമ സ്ഥാനം നല്കിയിരുന്ന മറിയാമ്മയാന്റി ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു വാതോരാതെ സംസാരിച്ചിരുന്നു. പ്രാർഥനയ്ക്കു വളരെ പ്രാധാന്യം നല്കിയിരുന്നു പരേത കൃപാവരശുശ്രൂഷകൾ ചെയ്തിരുന്നു. പിശാചുബാധിതരെ കർത്താവിന്റെ നാമത്തിൽ വിടുവിക്കുക തനിക്കു 'ഹോബി'പോലെയായിരുന്നു. കുടുംബാംഗങ്ങളെല്ലാം ദൈവവേലയ്ക്കു അർഹമായ പ്രാധാന്യം നല്കണമെന്ന കാര്യത്തിൽ നിർബന്ധം പുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ദൈവവേലയിൽ ശുഷ്‌കാന്തിയുള്ളവരാണ്.  

    കണ്ടുമുട്ടുന്നവരോടു വ്യക്തിപരമായി സുവിശേഷം പങ്കുവയ്ക്കാൻ മറിയാമ്മയാന്റിക്ക് ആവേശമായിരുന്നു. രോഗം നല്കിയ വേദനകൾ കടിച്ചമർത്തി ഹോസ്പിറ്റലിൽ കഴിയുമ്പോഴും കൂടെയുള്ള രോഗികളോടും ശുശ്രൂഷിക്കുന്ന ഡോക്ടർമാരോടും നേഴ്‌സുമാരോടുപോലും സുവിശേഷം പറയുമായിരുന്നു. 

   അർഹിക്കുന്ന സഹായം അർക്കും നല്കുന്നതിൽ തനിക്കു ഒരു മടിയുമില്ല. വിശക്കുന്നവർക്കായി സ്വന്തം വീടു തുറന്നുകൊടുത്തു. എല്ലാവരെയും സഹോദരതുല്യം സത്ക്കരിക്കുന്നതിനു പ്രത്യേക സിദ്ധി തനിക്കുണ്ടായിരുന്നെന്നു തോന്നിപ്പോകും. ദൈവദാസന്മാർക്കും സഹോദരിമാർക്കും താൻ സാന്ത്വനമേകി. മുറ്റിനിന്ന ജീവിതത്തിനുടമയായിരുന്നു സിസ്റ്റർ മറിയാമ്മ തമ്പി. വിദ്യാർഥിനിയായിരുന്ന കാലം മുതൽ വിളിപ്പേരു സൂചിപ്പിക്കുന്നതുപോലെ 'കരുണ' തന്നിൽ മുറ്റിനിന്നിരുന്നു. വീട്ടിൽനിന്നു കൊടുത്തുവിടുന്ന പൊതിച്ചോറു ആഹാരമില്ലാത്തവർക്കു നല്കിയിരുന്നു. സുവിശേഷകഭാര്യയായതോടെ നിരാലംബരെ വീട്ടിൽ താമസിപ്പിച്ചും നിർധനരായ യുവതികൾക്കു മംഗല്യഭാഗ്യമേകിയും കാരുണ്യത്തിന്റെ കൈവഴിയായി. ആ സ്‌നേഹത്തിന്റെ ശീതഛായയേല്ക്കാത്തവർ ന്യൂ ഇൻഡ്യാ ദൈവസഭയിലില്ല. നന്മയുടെ നാൾവഴിയിൽ അവസാനമായി പ്രേഷിതദൗത്യത്തിൽ ഒപ്പം നിന്നു ത്യാഗപൂർണം സേവനം ചെയ്ത ഒരു സഹോദരിക്കു, സ്വന്തം അക്കൗണ്ടിലെ അവസാനത്തെ പണംപോലും ഉപയോഗിച്ച്, മനോഹരമായ വീടുനിർമിച്ചുനല്കിയാണു താൻ വിടപറഞ്ഞത്. 

മറിയാമ്മ തമ്പിയിലെ സുവിശേഷവിപ്ലവവീര്യം തെളിഞ്ഞുകാണുന്നതു ന്യൂ ഇൻഡ്യാ ദൈവസഭയുടെ തീരദേശസുവിശേഷീകരണപദ്ധതിയിലാണ്. സഭ 1983ൽ പള്ളുരുത്തിയിൽ നടത്തിയ ക്രൂസേഡിൽ അനേകർ രക്ഷിക്കപ്പെട്ടു. അവരെ സഭയുടെ ഭാഗമാക്കാൻ ലേഡീസ് ബൈബിൾ കോളേജിലെ എട്ടു സഹോദരിമാരെ പള്ളുരുത്തിയിൽ താമസിപ്പിച്ചു നടത്തിയ ഭവനസന്ദർശനപരിപാടിയുൾപ്പെടുന്ന തീവ്രസുവിശേഷീകരണയത്‌നത്തിലൂടെ വൈപ്പിനിലും ചുറ്റുപാടും അനേക സ്ഥലങ്ങളിൽ സഭകൾ രൂപപ്പെടാൻ താൻ മുഖാന്തരമായി.  

സുവിശേഷമുന്നേറ്റത്തിൽ സഹോദരന്മാരോടൊപ്പം സഹോദരിമാരെ അണിനിരത്തുന്നതിലും അവരുടെ കഴിവുകൾ സഭയ്ക്കു പ്രയോജനപ്പെടുത്തുന്നതിലും മിസസ് തമ്പിയുടെ പങ്കു ചെറുതല്ലായിരുന്നു. ഒരു കാലത്തു പത്മ മുതലിയാരുമായി കേരളത്തിലുടെനീളം നടത്തിയ യോഗങ്ങൾ ആളുകൾ വളരെ ശ്രദ്ധിച്ചിരുന്നു. പ്രസംഗിക്കാനും പാടാനും സുവിശേഷം പങ്കിടാനുമൊക്കെ കഴിവുള്ളവരെ പൊതുജനത്തിന്റെ മുൻപിലെത്തിക്കാൻ എന്നെന്നും യത്‌നിച്ചിരുന്നു. അതിന്റെ അവസാനപടിയെന്നവിധമായിരുന്ന 'മനസ്സുതുറന്നപ്പോൾ' എന്ന പരിപാടി.

പാട്ടുകളോട് എന്നും അടങ്ങാത്ത പ്രണയമുണ്ടായിരുന്നു ആന്റിക്ക്. പൂർവികരായ പി. വി. തൊമ്മി ഉപദേശി, വർക്കിയാശാൻ എന്നിവരായിരുന്നു അതിനു വഴിമരുന്നിട്ടത്. ഇരുവരും ഗാനരചയിതാക്കളായിരുന്നു. കേരളത്തിൽ പെന്തെക്കോസ്തു സംഗീതസംഘങ്ങൾ വളരുന്നതിനു കാരണക്കാരായവരിൽ പ്രധാനികളാണു തമ്പിച്ചായനും ആന്റിയും. ജെ. വി. പീറ്റർ, നിർമല, മാവേലിക്കര രാജു, ഏലിയാമ്മ തുടങ്ങി നിരവധിപേർ ഇവരുടെ പ്രോത്സാഹനമേറ്റു ജനശ്രദ്ധയാകർഷിച്ചവരാണ്. നടാരജ മുതലിയാരുടെയും മറ്റും പാട്ടുകൾ ആദ്യകാലങ്ങളിൽ താൻ മൊഴിമാറ്റം ചെയ്തിരുന്നു. 

ഒരു കാര്യം മനസ്സിലുറപ്പിച്ചുകഴിഞ്ഞാൽ അതു നടപ്പിലാക്കുന്നതിന് എന്തും ചെയ്യാൻ മടിയില്ലായിരുന്നു മറിയാമ്മയാന്റിക്ക്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും വളരെ പണം ചെലവഴിച്ച്, സഹോദരിമാരൊത്തു പ്രാർഥിക്കണമെന്ന ഉൾവിളിയുണ്ടായപ്പോൾ അപരിചിതമായ ഇടങ്ങളിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു ആ ദൈവദാസി.  

 രോഗത്തോടു പടവെട്ടി ജീവിക്കുമ്പോഴും കേട്ട ദൈവശബ്ദം തന്നെ ആത്മികാവേശത്തോടെ അന്ത്യംവരെ നിലനിർത്തി. നിരന്തര ചികിത്സയും ഒന്നിനുപുറകെ മറ്റൊന്നായി വന്ന ശസ്ത്രക്രിയകളും തന്നെ തളർത്തിയില്ല. കർമോജ്വലമായിരുന്നു ആ മനസ്സ്. എപ്പോഴും എന്തിനൊക്കോയോവേണ്ടി വെമ്പൽകൊണ്ടിരുന്നു, അവസാനംവരെ. ദൈവദാസിയുടെ ബഹുമുഖസേവനങ്ങളെ മാനിച്ച് ഹിൽസോംഗ് വുമൺ കോൺഫ്രൻസ് 'കളർ കോൺഫ്രൻസ്' അവാർഡു നല്കി ആദരിച്ചിട്ടുണ്ട്. മറിയാമ്മയാന്റിയുടെ ഭൗതിക ശരീരം നിശ്ചലമായെങ്കിലും അത്മാർഥതയോടെ കത്താവിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ദൈവദാസി ഇന്നും ജീവിക്കുന്നു അനേകരുടെ ഓർമകളിൽ.