ഞാൻ അറിയുന്ന  കെപിച്ചായൻ

അനുസ്മരണക്കുറിപ്പ്

ഞാൻ അറിയുന്ന  കെപിച്ചായൻ

പി.എസ്.ചെറിയാൻ

 ത്മീയയാത്ര എന്ന റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ മലയാള മനസ്സുകളിൽ നിർമ്മല സുവിശേഷത്തിന്റെ അലകളുയർത്തിയ ആ ശബ്ദം ഇനി ഇല്ല. സുവിശേഷവേലയെ ഹൃദയ താളം പോലെ ജീവിതത്തിൽ സൂക്ഷിച്ച ആ വലിയ മനുഷ്യൻ ഓട്ടം തികച്ചു. ഓർമ്മകളുടെ ഒരു വസന്തകാലമാണ് അദ്ദേഹം ബാക്കി വെക്കുന്നത്.

 ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരിയിലെ പഠനത്തിനും കുറച്ചുകാലത്തെ അധ്യാപകവൃത്തിക്കും ശേഷം റീഡേഴ്സ് പബ്ലിക്കേഷൻസിന്റെ എഡിറ്ററായി പ്രവർത്തിക്കുമ്പോഴാണ് ആത്മീയയാത്ര മാസികയുടെ എഡിറ്ററായി ഇന്റർവ്യൂവിന് മഞ്ഞാടിയിൽ 1991ൽ ഞാൻ എത്തുന്നത്. 

കെപിച്ചായൻ എന്ന് എല്ലാവരും അന്നു വിളിച്ചിരുന്ന കെ. പി. യോഹന്നാനാണ് ഇന്റർവ്യൂ ചെയ്യുന്നത്. ആശങ്കയോടും മുൻവിധിയോടും കൂടെയാണ് അവിടെ എത്തിയത്. കൃത്യസമയത്തു തന്നെ നേരിൽ കണ്ടു. പ്രതീക്ഷകൾക്ക് വിരുദ്ധമായി ഒരു നാട്ടുകാരൻ അച്ചായനെപ്പോലെ കുശലാന്വേഷണം, സൗഹൃദ സംഭാഷണം. ഏറെനാൾ പരിചയമുള്ള ഒരു വ്യക്തിയോട് എന്നപോലെ കുറച്ചുനേരം വർത്തമാനം പറഞ്ഞതല്ലാതെ ഔപചാരിക ഇന്റർവ്യൂ ഉണ്ടായിരുന്നില്ല. "ഏത് വിധത്തിലും നശിച്ചുപോകുന്ന ആത്മാക്കളെ നേടണം. നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം " എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. സുവിശേഷത്തിന്റെ ആത്മാവ് നിറഞ്ഞ ഒരു ഹൃദയത്തിന് ഉടമയെയാണ് ഞാൻ അന്നു കണ്ടത്. അഹങ്കാരവും ജാഡയും

മുഖംമൂടിയുമില്ലാത്ത ഒരു പച്ചമനുഷ്യൻ. ഒരു മിഷൻലീഡറിലും കാണാത്ത പ്രത്യേകതയായിരുന്നു അത്. പിന്നീട് ദീർഘ വർഷങ്ങൾ കെപിച്ചായനുമായി അടുത്തിടപെടുവാൻ അവസരം ലഭിച്ചു. ആ സ്നേഹ ബന്ധം എൻ്റെ ജീവിതത്തെയും വ്യത്യാസപ്പെടുത്തി.

ആത്മീയയാത്ര എന്ന ജനകീയ കുടുംബ മാസിക ഒരു വ്യത്യസ്ത അനുഭവമായിരുന്നു. സമൂഹത്തിലെ ഏത് വ്യക്തിക്കും വായിച്ചു മനസ്സിലാക്കുവാൻ കഴിയുന്ന കെട്ടും മട്ടും. ലളിത ഭാഷയും പ്രായോഗികതയും നിർബന്ധമായിരുന്നു. നാലാം ക്ലാസുകാരനും സാധാരണ തൊഴിലാളിക്കും വീട്ടമ്മയ്ക്കും മനസ്സിലാകണം; അതായിരുന്നു നിർദ്ദേശം. പെട്ടെന്ന് മാസികയുടെ പ്രചാരം വർദ്ധിച്ചു. ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ചു. 

ആത്മീയ യാത്ര എന്ന റേഡിയോ പ്രഭാഷണ പരമ്പര ക്രിസ്തീയ പ്രഭാഷണങ്ങളുടെ തനതു ശൈലി പൊളിച്ച സമീപനമാണ് സ്വീകരിച്ചത്. അതിലൂടെ വേറിട്ട ഒരു സംവേദന ശൈലിയാണ് അദ്ദേഹം തുറന്നു നൽകിയത്.

 റേഡിയോ പ്രഭാഷണത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കി നൽകണമെന്ന് ടി.ഡബ്ല്യു ആർ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രഭാഷണങ്ങളുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. അവ എഡിറ്റ് ചെയ്താണ് അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും പുറത്തിറങ്ങിയത്. പുസ്തക പ്രസാധനരംഗത്ത് ഒരു വലിയ വിപ്ലവമായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. 

കെ.പി.യോഹന്നാൻ എന്ന നിരണത്തുകാരന്റെ മഹത്വം മലയാളി സമൂഹം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്ന് തന്നെ പറയാം. വിമർശനങ്ങൾ ഉയരുമ്പോഴൊക്കെ അദ്ദേഹം സുവിശേഷ ദർശനത്തിന്റെ കാവലാളായി ആത്മീയ സഞ്ചാരം തുടരുകയായിരുന്നു. ഞാനറിയുന്ന കെപിച്ചായൻ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച ഒരു മഹാൻ തന്നെയാണ്.

ഏതുകാര്യവും കൃത്യനിഷ്ഠയോടും പെർഫെക്ഷനിലും ചെയ്യുവാൻ ഞങ്ങളെ പഠിപ്പിച്ചു. എന്തിലും ഒരു പ്രൊഫഷണലിസം ഉണ്ടായിരുന്നു. ഏതു കാര്യം ചെയ്യുമ്പോഴും കർത്താവിൽ കൂടെയുള്ള രക്ഷയുടെ സന്ദേശം പകർന്നു കൊടുക്കുവാൻ ശീലിപ്പിച്ചു. വാക്കുകളുടെ ഉപയോഗം പോലും പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

സുവിശേഷവേലയെ മാന്യമായ ഒരു തലത്തിലേക്ക് ഉയർത്തിയ ആ ശബ്ദം നിശബ്ദമാകുമ്പോൾ ഹൃദയത്തിൽ ഒരു ശൂന്യത. ഇത്രയും കാലം ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നുവല്ലോ! സുവിശേഷത്തെ ഇത്രമേൽ സ്നേഹിച്ച, അതിനുവേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച ഒരാൾ ഇനി ഇല്ല. ഒരായുസ്സ് മുഴുവൻ സുവിശേഷത്തിനു വേണ്ടി തുടിച്ച ആ ഹൃദയം നിശ്ചലമായി. ദൈവത്തെയും മനുഷ്യനെയും പ്രകൃതിയെയും സ്നേഹിച്ച അങ്ങയുടെ സ്നേഹ സ്പർശനങ്ങൾക്ക് കണ്ണീർ പൂക്കൾ അല്ലാതെ തിരികെ നൽകുവാൻ മറ്റൊന്നുമില്ല. കെപിച്ചായാ, അങ്ങേക്ക് വിട...!